Connect with us

International

അമേരിക്കയുടെ സമാധാന പദ്ധതിയിലെ ചില ഉപാധികള്‍ അംഗീകരിക്കാന്‍ തയ്യാറെന്ന് ഹമാസ്

ഇസ്‌റാഈലി ബന്ദികളെ വിട്ടയയ്ക്കാനും ഗസയുടെ ഭരണം കൈമാറുന്നതിനുമാണ് ഹമാസ് സമ്മതം അറിയിച്ചത്

Published

|

Last Updated

ജെറുസലേം | ഇസ്‌റാഈല്‍ ഗസയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന മനുഷ്യക്കുരുതിക്ക് അറുതി വരുത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവച്ച ഇരുപതിന സമാധാന പദ്ധതിയില്‍ ചില ഉപാധികള്‍ ഹമാസ് അംഗീകരിച്ചു.

ഇസ്‌റാഈലി ബന്ദികളെ വിട്ടയയ്ക്കാനും ഗസയുടെ ഭരണം കൈമാറുന്നതിനുമാണ് ഹമാസ് സമ്മതം അറിയിച്ചത്. ബന്ദികളെ പൂര്‍ണ്ണമായി കൈമാറാന്‍ സന്നദ്ധത അറിയിച്ച ഹമാസ് മധ്യസ്ഥ ചച്ചകള്‍ക്ക് തയ്യാറാണെന്നും വ്യക്തമാക്കി. മറ്റ് ഉപാധികളിന്മേല്‍ കൂടുതല്‍ ചര്‍ച്ച വേണമെന്നും ഹമാസ് അറിയിച്ചു.

അമേരിക്കന്‍ സമയം ഞായറാഴ്ച വൈകിട്ട് ആറിനകം സമാധാന കരാര്‍ അംഗീകരിക്കണമെന്ന് ഹമാസിന് അന്ത്യശാസനം നല്‍കിയ യു എസ് പ്രസിഡന്റ് ട്രംപ് പദ്ധതി അംഗീകരിക്കാത്ത പക്ഷം മുച്ചൂടും മുടിക്കുമെന്ന ഭീഷണിയും മുഴക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഉപാധികളില്‍ ചിലത് അംഗീകരിച്ചുകൊണ്ടുള്ള ഹമാസിന്റെ പ്രതികരണം.

ട്രംപ് മുന്നോട്ട് വെച്ച സമാധാന പദ്ധതി പ്രകാരം ജീവിച്ചിരിക്കുന്നവരും അല്ലാത്തവരും ഉള്‍പ്പെടെ എല്ലാ ഇസ്‌റാഈലി ബന്ദികളെയും വിട്ടയക്കാന്‍ തയ്യാറാണെന്ന് ഹമാസ് അറിയിച്ചു. 2023 ഒക്ടോബറിലെ ആക്രമണത്തില്‍ ബന്ദികളാക്കപ്പെട്ടവരുടെ മോചനം ഉറപ്പാക്കാന്‍ മാസങ്ങളായുള്ള ശ്രമങ്ങളില്‍ ഇത് നിര്‍ണ്ണായകമാകും. ഗസയുടെ ഭരണം ‘സ്വതന്ത്ര ടെക്‌നോക്രാറ്റുകളുടെ’ ഫലസ്തീന്‍ സമിതിക്ക് കൈമാറാന്‍ തയ്യാറാണെന്നും ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഹമാസിനെ നിരായുധീകരിക്കണമെന്ന സമാധാന പദ്ധതിയിലെ നിര്‍ദേശത്തെക്കുറിച്ച് ഹമാസ് പ്രതികരിച്ചിട്ടില്ല.

അടിയന്തര വെടിനിര്‍ത്തല്‍, ബന്ദി-തടവുകാരുടെ പൂര്‍ണ്ണമായ കൈമാറ്റം, ഗാസയില്‍ നിന്നുള്ള ഇസ്‌റാഈല്‍ സൈന്യത്തിന്റെ ഘട്ടംഘട്ടമായുള്ള പിന്മാറ്റം, ഹമാസിന്റെ നിരായുധീകരണം, അന്താരാഷ്ട്ര മേല്‍നോട്ടത്തില്‍ ഒരു ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുക തുടങ്ങിയവയാണ് ട്രംപിന്റെ സമാധാന പദ്ധതിയിലെ നിര്‍ദേശങ്ങള്‍.

---- facebook comment plugin here -----

Latest