Connect with us

Kerala

ഹജ്ജ് അപേക്ഷകരുടെ ഉയര്‍ന്ന പ്രായ പരിധി ഒഴിവാക്കി; 70 കഴിഞ്ഞവര്‍ക്ക് റിസര്‍വേഷന്‍

Published

|

Last Updated

കോഴിക്കോട് | അടുത്ത വര്‍ഷത്തെ ഹജ്ജിന് അപേക്ഷിക്കുന്നവരുടെ ഉയര്‍ന്ന പ്രായപരിധി കേന്ദ്ര ഹജ്ജ് കമ്മിറ്റി ഒഴിവാക്കി. ഇത് സംബന്ധിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റി നേരത്തെ ഇറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ മാറ്റം വരുത്തിക്കൊണ്ടാണ് പുതിയ സര്‍ക്കുലര്‍. നേരത്തെ 65 വയസ്സായിരുന്നു ഉയര്‍ന്ന പ്രായപരിധിയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ 65 വയസ്സിന് മുകളില്‍ ഹജ്ജിന് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ സര്‍ക്കുലര്‍ ഇറക്കിയത്. 2018-22 ഹജ്ജ് പോളിസി പ്രകാരം 70 വയസ്സിന് മുകളിലുള്ളവര്‍ക്ക് റിസര്‍വേഷനുണ്ട്. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ കഴിഞ്ഞ രണ്ട് തവണ അപേക്ഷ ക്ഷണിച്ചപ്പോഴും 60ന് മുകളിലുള്ളവരെ ഒഴിവാക്കിയിരുന്നു. കൊവിഡ് സാഹചര്യത്തില്‍ രണ്ട് തവണയും ഹജ്ജ് നടന്നില്ല. എന്നാല്‍ അടുത്ത വര്‍ഷത്തെ ഹജ്ജിന് സാധ്യത തെളിഞ്ഞ സാഹചര്യത്തിലാണ് 70ന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഹജ്ജിന് അവസരം നല്‍കാന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി തീരുമാനിച്ചത്.

അതേസമയം, അപേക്ഷകരില്‍ എഴുപത് വയസ്സ് പിന്നിട്ടവര്‍ ഓരോ സംസ്ഥാന/കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്ക് അനുവദിച്ച ക്വാട്ടയില്‍ അധികമുണ്ടെങ്കില്‍ നറുക്കെടുപ്പ് നടത്തും. ഇത്തരം അപേക്ഷകര്‍ക്ക് പ്രത്യേക നിബന്ധനയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹജ്ജിന് അപേക്ഷിക്കുന്ന 70ന് മുകളില്‍ പ്രായമുള്ളവര്‍ ജീവിതത്തിലൊരിക്കലും സ്വകാര്യ ഹജ്ജ് ടൂര്‍ ഓപറേറ്റര്‍മാര്‍ വഴിയോ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയോ ഹജ്ജ് ചെയ്തവരാകരുത്. അപേക്ഷകര്‍ ഇത് സംബന്ധിച്ച് നിര്‍ദിഷ്ട ഫോറത്തില്‍ സത്യവാങ്മൂലം നല്‍കണം. സംസ്ഥാന ഹജ്ജ് കമ്മിറ്റിയും കേന്ദ്ര ഹജ്ജ് കമ്മിറ്റിയും പരിശോധിച്ച് യോഗ്യരാണെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമായിരിക്കും 70 വയസ്സ് കഴിഞ്ഞവര്‍ക്ക് അവസരം നല്‍കുക. ഇത്തരം അപേക്ഷകര്‍ 2022 മെയ് 31ന് 70 വയസ്സ് പൂര്‍ത്തിയായവരും 1952 മെയ് 31 നോ അതിന് മുമ്പോ ജനിച്ചവരാകുകയും വേണം.

70 കഴിഞ്ഞ അപേക്ഷകരുടെ കൂടെ ഏറ്റവും അടുത്ത കുടുംബ ബന്ധത്തില്‍ പെട്ട സഹായിയെ അനുവദിക്കും. ഒരു കവറില്‍ രണ്ട് 70 കഴിഞ്ഞ അപേക്ഷകരുണ്ടെങ്കില്‍ രണ്ട് സഹായികളെ അനുവദിക്കും. ഏതെങ്കിലും സാഹചര്യത്തില്‍ 70 കഴിഞ്ഞയാളുടെ അപേക്ഷ നിരസിക്കുകയാണെങ്കില്‍ സഹായിയുടെയും അപേക്ഷ നിരസിക്കപ്പെടും. അതേസമയം, തെറ്റായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര ഹജജ് കമ്മിറ്റി വ്യക്തമാക്കി. തെറ്റായ അഡ്രസ്സ് നല്‍കുക, മുമ്പ് ഹജ്ജ് ചെയ്തത് മറച്ച് വെച്ച് അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുക തുടങ്ങിയ നടത്തുന്നവര്‍ക്കെതിരെയാണ് നടപടി.

അതേസമയം, സഊദിയില്‍ നിന്ന് ഇതുവരെ അടുത്ത വര്‍ഷത്തെ ഹജ്ജിനുള്ള ആരോഗ്യ മാനദണ്ഡങ്ങള്‍, ക്വാട്ട എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെയും ലഭ്യമായിട്ടില്ല. കൊവിഡ് സാഹചര്യത്തില്‍ സഊദി ആരോഗ്യ മാനദണ്ഡത്തില്‍ മാറ്റം വരുത്തിയാല്‍ ഇതിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഇന്ത്യയിലും ഉണ്ടാകുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി വ്യക്തമാക്കി. ഹജ്ജ് അപേക്ഷകരുടെ ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് വരുത്തണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി കേന്ദ്ര ഹജ്ജ് കമ്മിറ്റി അധികൃതരെ നേരില്‍ കണ്ട് ആവശ്യപ്പെട്ടിരുന്നു.

 

 

 

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്