Connect with us

Kozhikode

ജി വി എച്ച് എസ് എസ് ഫോര്‍ ഗേള്‍സ് നടക്കാവില്‍ ക്രിയേറ്റീവ് കോര്‍ണര്‍

തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

കോഴിക്കോട് | ജി വി എച്ച് എസ് എസ് ഫോര്‍ ഗേള്‍സ് നടക്കാവില്‍ ക്രിയേറ്റീവ് കോര്‍ണര്‍ പദ്ധതിക്ക് തുടക്കമായി. യു ആര്‍ സി നടക്കാവിന്റെ കീഴില്‍ കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതി തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.

അറിവുകളും ജീവിതനൈപുണികളും ഒരു വ്യക്തിയില്‍ വളര്‍ത്തിയെടുക്കുകയെന്ന വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യങ്ങളിലൊന്നില്‍ എത്തിച്ചേരാനുള്ള നൂതന പദ്ധതിയാണ് ക്രിയേറ്റീവ് കോര്‍ണര്‍. ഒപ്പം അറിവ് നിര്‍മാണ പ്രക്രിയ രസകരമായും ക്രിയാത്മകമായും കുട്ടികള്‍ക്ക് അനുഭവപ്പെടുന്നതിനായി വിവിധങ്ങളായ തൊഴില്‍ ബന്ധിത പ്രവര്‍ത്തനങ്ങളെ സ്വാഭാവികതയോടെ ഉള്‍ച്ചേര്‍ത്തുകൊണ്ടുള്ള പദ്ധതി കൂടിയാണിത്. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ കുട്ടികള്‍ ക്ലാസ് റൂം വിഷയങ്ങളിലൂടെ നേടിയ ആശയങ്ങളും ഗവേഷണ മനോഭാവവും സംയോജിപ്പിച്ചു കൊണ്ടാണിത് തയ്യാറാക്കിയിട്ടുള്ളത്. കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെയും എസ് എസ് കെയുടെയും സഹകരണത്തോടെയാണ് ക്രിയേറ്റീവ് കോര്‍ണര്‍ നടപ്പിലാക്കുന്നത്.

ഗണിതം, അടിസ്ഥാന ശാസ്ത്രം, സാമൂഹിക ശാസ്ത്രം എന്നീ വിഷയങ്ങളിലും പ്രവൃത്തി പരിചയത്തിലുമുള്ള ആശയങ്ങള്‍ അനുയോജ്യമായ തൊഴില്‍ മേഖലകളുമായി ബന്ധിപ്പിക്കുക വഴി ജീവിത നൈപുണികള്‍ വികസിക്കുകയും വിവിധ തൊഴില്‍ മേഖലകളിലെ സാധ്യതകളെക്കുറിച്ച് ധാരണ രൂപവത്കരിക്കുകയും ചെയ്യുന്നു. ഇലക്ട്രോണിക്‌സ്, ഫാഷന്‍ ഡിസൈനിങ്, പാചകം, പ്ലംബിംഗ്, കൃഷി എന്നീ മേഖലകളില്‍ കുട്ടികള്‍ക്ക് പരിശീലനം കൊടുക്കാനുള്ള എല്ലാവിധ സാധനസാമഗ്രികളും ക്രിയേറ്റീവ് കോര്‍ണര്‍ പദ്ധതിയുടെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്. കൃത്യമായ മോഡ്യൂളിന്റെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് ഇവ ഉപയോഗിച്ച് തൊഴില്‍ പരിശീലനം നല്‍കാന്‍ സാധിക്കും.

ചടങ്ങില്‍ പി ടി എ പ്രസിഡന്റ് എന്‍ മുനീര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഗിരീഷ് കുമാര്‍, വി എച്ച് എസ് സി പ്രിന്‍സിപ്പല്‍ ദിനേശ്, എം പി ടി എ വൈസ് പ്രസിഡന്റ് ഫെമിനാസ് ആശംസകളര്‍പ്പിച്ചു. ഹെഡ്മാസ്റ്റര്‍ കെ വി പ്രേമചന്ദ്രന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി റംസീന നന്ദിയും പറഞ്ഞു.

Latest