Kozhikode
നിളാനാഥിനും ആമി കാര്‍ത്തികയ്ക്കും ഗുരുഗോപിനാഥ് അവാര്‍ഡ്
കേരള കലാമണ്ഡലത്തിന്റെ സഹകരണത്തോടെ കലാമണ്ഡലത്തില്‍ നടന്ന ചടങ്ങില്‍ കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവള്ളൂര്‍ മുരളി പുരസ്‌കാരം നല്‍കി.

കോഴിക്കോട് | നടനകലാനിധി ഗുരുഗോപിനാഥ് ട്രസ്റ്റിന്റെ 2025ലെ നടനതിലകം അവാര്‍ഡ് നിളനാഥിനും ആമി കാര്‍ത്തികയ്ക്കും സമ്മാനിച്ചു. കേരളനടനത്തിന്റെ ഉപജ്ഞാതാവും കേരള കലാമണ്ഡലത്തിലെ ആദ്യ ബാച്ചിലെ വിദ്യാര്‍ഥിയുമായ ഗുരുഗോപിനാഥിന്റെ പേരില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, സര്‍വകലാശാല വിഭാഗത്തില്‍ കേരളനടനത്തില്‍ മികച്ച വിജയം നേടുന്നവര്‍ക്കാണ് അവാര്‍ഡ്. ഹൈസ്‌കൂള്‍ വിഭാഗത്തിലാണ് ആമി കാര്‍ത്തികയ്ക്ക് അവാര്‍ഡ്. നിളാനാഥിന് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും. കേരള കലാമണ്ഡലത്തിന്റെ സഹകരണത്തോടെ കലാമണ്ഡലത്തില്‍ നടന്ന ചടങ്ങില്‍ കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവള്ളൂര്‍ മുരളി പുരസ്‌കാരം നല്‍കി.
18 സംസ്ഥാനങ്ങളിലും മൂന്നു വിദേശ രാഷ്ട്രങ്ങളിലും നൃത്തമവതരിപ്പിച്ച നിളാനാഥ് സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളിലും എ ഗ്രേഡ് നേടിയിട്ടുണ്ട്. കോഴിക്കോട് ദേവഗിരി കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. ആംഗ്ലോ ഇന്ത്യന്‍സ് സ്‌കൂള്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയാണ് ആമി കാര്‍ത്തിക. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കേരള നടനത്തില്‍ രണ്ടു തവണ എ ഗ്രേഡ് നേടിയിട്ടുണ്ട്.
ഗുരുഗോപിനാഥ് ട്രസ്റ്റ് പ്രസിഡന്റ് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, കലാമണ്ഡലം വൈസ് ചാന്‍സലര്‍ പ്രൊഫ. ബി അനന്തകൃഷ്ണന്‍, പ്രൊഫ. നന്തന്‍കോട് വിനയചന്ദ്രന്‍, ഡോ. എം ജി ശശിഭൂഷണ്‍, പ്രൊഫ. എസ് ലേഖ തങ്കച്ചി, കേരള കലാമണ്ഡലം രജിസ്ട്രാര്‍ രാജേഷ് കുമാര്‍, വള്ളത്തോള്‍ കെ രവീന്ദ്രന്‍ നായര്‍, കലാമണ്ഡലം സത്യവ്രതന്‍, ഡോ. കെ ആര്‍ രാജീവ്, ട്രസ്റ്റ് ജനറല്‍ സെക്രട്ടറി വി കെ ചെല്ലപ്പന്‍ നായര്‍ ചടങ്ങില്‍ സംബന്ധിച്ചു.