Malappuram
വിജ്ഞാന സമ്പാദനത്തില്‍ ഗുരുമുഖത്തിനാണ് പ്രഥമ സ്ഥാനം: റഈസുല്‍ ഉലമ ഇസുലൈമാന് മുസ്ലിയാര്
എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ മുതഅല്ലിം സമ്മേളനം സമാപിച്ചു
പുളിക്കല്‍| മതവിജ്ഞാന സമ്പാദനത്തിലും സംശയനിവാരണത്തിലും കേവലം ഗ്രന്ഥങ്ങളെ നേരിട്ട് ആശ്രയിക്കുന്നതിന് മുമ്പായി ഗുരുവര്യന്മാരെയും പണ്ഡിതന്മാരെയും സമീപിക്കുന്ന ഗുരുശിഷ്യ പാരമ്പര്യമാണ് നിലനിര്‍ത്തേണ്ടതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്ലിയാര്. 2027 ജനുവരിയില്‍ മലപ്പുറം വാദി ഹറമൈനില്‍ നടക്കുന്ന സമസ്ത സെന്റിനറി കോണ്‍ഫറന്‍സിന്റെ ഭാഗമായി എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മുതഅല്ലിം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലം കേരളീയ മുസ്ലിം സമൂഹത്തില്‍ വിജ്ഞാനിക വിപ്ലവങ്ങള്‍ക്ക് നേതൃത്വം നല്കുന്നതില് സമസ്ത വഹിച്ച പങ്ക് നിസ്തുലമാണെന്നും വൈജ്ഞാനികവും ധാര്‍മികവുമായ അടിത്തറയില്‍ സമൂഹത്തെ മുന്നോട്ടുനയിക്കാന്‍ പണ്ഡിത നേതൃത്വത്തിന് സാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉലമ ആക്ടിവിസം, നിദാനശാസ്ത്രം, ഹികം, ജീവിതം, ധാര്‍മ്മികത തുടങ്ങിയ വിവിധ വിഷയങ്ങളില്‍ അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശോല, അബ്ദുന്നാസ്വിര്‍ അഹ്സനി ഒളവട്ടൂര്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ അഹ്സനി, കെ അബ്ദുല്‍ കലാം മാവൂര്‍, സി എന്‍ ജഅ്ഫര്‍ സ്വാദിഖ്, സി എം സ്വാബിര്‍ സഖാഫി തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി.
എസ് എം എ മലപ്പുറം ഈസ്റ്റ് ജില്ലാ ജനറല്‍ സെക്രട്ടറി ടി അസീസ് ഹാജി പുളിക്കല്‍, എസ് വൈ എസ് പുളിക്കല്‍ സോണ്‍ പ്രസിഡണ്ട് സ്വാലിഹ് ഇര്‍ഫാനി, കേരള മുസ്ലിം ജമാഅത്ത് ചെറുകാവ് സര്‍ക്കിള്‍ വൈസ് പ്രസിഡണ്ട് സലാം സഖാഫി, എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് കെ മുഷ്താഖ് സഖാഫി, ജനറല്‍ സെക്രട്ടറി ടി മുഹമ്മദ് ശുഹൈബ്, സെക്രട്ടറിമാരായ ഉനൈസ് സഖാഫി, സി കെ അജ്മല്‍ യാസീന്‍, മുഹമ്മദ് ആസിഫ്, ഫൈസല്‍ സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.
വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള ദര്‍സ് ദഅവ കോളജ് വിദ്യാര്‍ഥികളായ ആയിരത്തിലധികം മുതഅല്ലിംകള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. പരിപാടിയുടെ സമാപനത്തോടനുബന്ധിച്ച് സ്റ്റുഡന്റ് അസംബ്ലിയും വിദ്യാര്‍ത്ഥി പ്രതിജ്ഞയും നടന്നു.
Content Highlights: Samastha President E Sulaiman Musliyar emphasized upholding the guru-disciple tradition over relying solely on books in religious learning. Speaking at the SSF Malappuram East Mutha’allim Conference ahead of the 2027 Samastha Centenary, he praised scholars’ role. Over a thousand students attended.


