Connect with us

Ongoing News

ഗൾഫ് വിമാനടിക്കറ്റ്: പാർലമെന്റ് സമിതി നിർദ്ദേശങ്ങൾ ഉടൻ നടപ്പാക്കണം: ഐ സി എഫ്

കൂടുതൽ വിമാനങ്ങൾ ഏർപ്പെടുത്തിയും വിദേശ വിമാനക്കമ്പനികൾക്കടക്കമുള്ളക്ക് അനുമതി നൽകിയും കൂടുതൽ സീറ്റുകൾ അനുവദിച്ചും പ്രശ്നത്തെ പരിഹരിക്കാനാവുമെന്ന് ഐ സി എഫ്

Published

|

Last Updated

ദുബൈ | ഗൾഫ് മേഖലയിലേക്കുള്ള ഉയർന്ന വിമാനടിക്കറ്റ് കുറയ്ക്കണമെന്ന പാർലമെന്റ് സ്ഥിരം സമിതി നിർദ്ദേശത്തെ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) ഇന്റർനാഷണൽ കൗൺസിൽ സ്വാഗതം ചെയ്തു. ശുപാർശ നടപ്പാക്കാൻ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് വേഗത്തിലുള്ള ശ്രമം ഉണ്ടാകണമെന്ന് ഐ സി എഫ് ആവശ്യപ്പെട്ടു.
ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് സാധാരണ പ്രവാസികൾക്ക് താങ്ങാവുന്നതിനപ്പുറമായി വിവിധ സന്ദർഭങ്ങളിൽ മാറുകയാണ്. ഈ സെക്ടറിൽ കൂടുതൽ വിമാനങ്ങൾ ഏർപ്പെടുത്തിയും വിദേശ വിമാനക്കമ്പനികൾക്കടക്കമുള്ളക്ക് അനുമതി നൽകിയും കൂടുതൽ സീറ്റുകൾ അനുവദിച്ചും പ്രശ്നത്തെ പരിഹരിക്കാനാവും.
വിദേശത്തുവച്ച് മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ ലളിതമാക്കുക, കോവിഡ് കാരണം ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കാൻ സമഗ്രമായ പദ്ധതി നടപ്പാക്കുക, ഗൾഫ് രാജ്യങ്ങളിൽ തന്റേതല്ലാത്ത കാരണത്താൽ ജയിൽ ശിക്ഷ അടക്കമുള്ള ശിക്ഷാനടപടികൾ നേരിടുന്നവരുടെ ചെറിയ പിഴത്തുക നൽകാൻ ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് (ഐസിഡബ്ല്യുഎഫ്) ഉപയോഗിക്കുക, അനധികൃത റിക്രൂട്മെന്റ് ഏജൻസികളെ തടയാനായി പരിശോധനയും ശിക്ഷാനടപടികളും കർശനമാക്കുക തുടങ്ങിയ പ്രധാന വിഷയങ്ങളും പാർലിമെന്റ് സ്ഥിരം സമിതിയുടെ ശുപാർശയിൽ പെടുന്നുണ്ട്. ഇക്കാര്യങ്ങളിൽ വേഗത്തിലുള്ള നടപടികൾ ഉണ്ടാവണമെന്ന് ഐ സി എഫ് ആവശ്യപ്പെട്ടു.