Connect with us

Articles

'മാതൃക'ക്കൊടുവില്‍ ഗുജറാത്ത് എത്തിനില്‍ക്കുന്നത്

ഗുജറാത്തിലേക്കുള്ള പണമൊഴുക്ക് കേന്ദ്രം ഉറപ്പാക്കിയിട്ടും 'മാതൃകാ' സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്നുവെങ്കില്‍, മാതൃകകള്‍ കെട്ടിയുയര്‍ത്തിയത് വേണ്ടത്ര ധനകാര്യ ആസൂത്രണമില്ലാതെയും ഏകപക്ഷീയവുമായാണെന്ന് അനുമാനിക്കേണ്ടിവരും. അതിന്റെ പ്രയാസം ഗുജറാത്ത് അനുഭവിക്കാന്‍ പോകുകയാണ്.

Published

|

Last Updated

ഗുജറാത്തായിരുന്നു മാതൃക. വികസന പദ്ധതികളുടെ ആസൂത്രണത്തില്‍, നടപ്പാക്കലില്‍ ഒക്കെ. അതിന്റെ വേഗം കണ്ട്, പാഞ്ഞുപോയ കാറ് തെറിപ്പിച്ച ചെളിയില്‍ കുളിച്ചുനില്‍ക്കെ കൊടിയേറ്റത്തിലെ ഗോപിയുടെ കഥാപാത്രം പറയുന്ന പോലെ, എന്തൊരു ഫീഡ് എന്ന് രാജ്യം മൂക്കത്തു കൈവെച്ചു നിന്നു. അങ്ങനെ നില്‍ക്കാന്‍ പാകത്തിലായിരുന്നു പ്രചാരണം എന്നതാണ് യാഥാര്‍ഥ്യം. പ്രചാരണക്കൊടുങ്കാറ്റില്‍ രാജ്യത്തെ പരമോന്നത നീതിപീഠം വരെ ഉലഞ്ഞു. കണ്ടുപഠിക്ക് ഗുജറാത്തിനെ എന്ന് ഇതര സംസ്ഥാനങ്ങളോട് നീതിപീഠം മൊഴിയുക പോലുമുണ്ടായി. ഊതിവീര്‍പ്പിച്ച മാതൃകയെ വീണ്ടും വീര്‍പ്പിച്ച് രാജ്യത്താകെ വിളമ്പിക്കൊണ്ടാണ് 2014ല്‍ പരമാധികാരം പിടിക്കാന്‍ നരേന്ദ്ര മോദി തേരോട്ടം തുടങ്ങിയത്. സമയബന്ധിതമായി പണികഴിപ്പിച്ച എക്സ്പ്രസ്സ് ഹൈവേകള്‍, പാലങ്ങള്‍, സ്വകാര്യ മൂലധന നിക്ഷേപത്തിലുണ്ടായ വര്‍ധന, ആകെ ആഭ്യന്തര ഉത്പാദനത്തിന്റെ വളര്‍ച്ചാ വേഗം കൂടിയത്, (നരേന്ദ്ര മോദി മുഖ്യമന്ത്രിയാകുന്നതിന് മുമ്പേ തന്നെ ആഭ്യന്തര വളര്‍ച്ചാ നിരക്കില്‍ മുന്‍നിരയിലുണ്ടായിരുന്ന സംസ്ഥാനമാണ് ഗുജറാത്ത്), തൊഴിലില്ലായ്മയുടെ നിരക്കിലെ കുറവ് എന്നിങ്ങനെ പലതും മാതൃകക്ക് അടിസ്ഥാനമായി ചൂണ്ടിക്കാണിക്കപ്പെട്ടു. ജനസംഖ്യയുടെ 6.7 ശതമാനം വരുന്ന പട്ടികജാതിക്കാരും 14.8 ശതമാനം വരുന്ന പട്ടിക വര്‍ഗക്കാരും (2011ലെ കാനേഷുമാരി കണക്ക് പ്രകാരം) അനുഭവിക്കുന്ന സാമൂഹിക – സാമ്പത്തിക വിവേചനങ്ങളോ ഉപജീവനത്തിന് ഉതകുന്ന വിധത്തിലുള്ള ഭൂമിയുടെ അവകാശം ഇവരില്‍ ഭൂരിഭാഗത്തിനും ഇല്ലെന്നതോ അയിത്തം പല രൂപത്തില്‍ നിലനില്‍ക്കുന്നതോ ന്യൂനപക്ഷ വിഭാഗമായ മുസ്ലിംകള്‍ സാമൂഹിക – രാഷ്ട്രീയ അധികാരത്തിന്റെ മുഖ്യധാരയില്‍ നിന്ന് ഏറെ അകറ്റിനിര്‍ത്തപ്പെട്ടതോ 2002ലെ വംശഹത്യാ ശ്രമത്തിന് ശേഷം അവരൊന്നാകെ തികച്ചും അരക്ഷിതരായി മാറിയതോ ഒന്നും ഈ ‘മാതൃകാ തിളക്ക’ത്തിന് മുന്നില്‍ പരാമര്‍ശ വിഷയമായതേയില്ല.

മുഖ്യമന്ത്രി പദത്തിലിരുന്ന നരേന്ദ്ര മോദിയുടെ പിന്തുണയിലാണ് വംശഹത്യാശ്രമം അരങ്ങേറിയതെന്ന ആരോപണവും സമാനതകളില്ലാത്ത ക്രൂരതകളുടെ പേരിലെടുത്ത കേസുകള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തന്നെ അട്ടിമറിച്ചതും തുടര്‍ന്ന് നടപ്പാക്കപ്പെട്ട ഏറ്റുമുട്ടല്‍ കൊലകളുടെ ആസൂത്രണത്തില്‍ വലിയ സാഹെബിനും ചെറിയ സാഹെബിനും പങ്കുണ്ടായിരുന്നുവെന്ന ആക്ഷേപവുമൊക്കെ ‘ഗുജറാത്ത് മാതൃക’യുടെ ഉച്ചസ്ഥായിയില്‍ മര്‍മരങ്ങള്‍ മാത്രമായി. ആ മര്‍മരങ്ങളെ ‘നെഗറ്റീവ് പബ്ലിസിറ്റി’യായി ഉപയോഗിക്കുകയും ചെയ്തു നരേന്ദ്ര മോദിയും സംഘ്പരിവാരവും. 2001 മുതല്‍ 2014 വരെ നീണ്ട ഭരണകാലത്തെ നേട്ടങ്ങള്‍ക്കും പ്രധാനമന്ത്രി പദമേറിയ ശേഷം വിധേയരായ നേതാക്കളെ മുഖ്യമന്ത്രി പദത്തില്‍ അവരോധിച്ച് നിഴല്‍ ഭരണം നടത്തിയ ഏഴ് വര്‍ഷത്തെ നേട്ടങ്ങള്‍ക്കും ശേഷം ഗുജറാത്തിന്റെ അവസ്ഥ വിവരിക്കുകയാണ് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി എ ജി) അവരുടെ പുതിയ റിപോര്‍ട്ടില്‍. മുന്‍കാലത്ത് സമര്‍പ്പിച്ച റിപോര്‍ട്ടുകളില്‍ വിമര്‍ശങ്ങള്‍ അല്‍പ്പം മയപ്പെടുത്തുകയാണ് സി എ ജി ചെയ്തിരുന്നത്. ഇനിയങ്ങോട്ട് അതിന് കഴിയാത്ത സ്ഥിതി വന്നിരിക്കുന്നുവെന്ന് വേണം പുതിയ റിപോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ കാണുമ്പോള്‍ മനസ്സിലാക്കാന്‍.

രണ്ട് ദശകം പിന്നിടുന്ന ‘മാതൃക’ക്ക് ശേഷം ഗുജറാത്ത് കടക്കെണിയിലാണെന്ന് സി എ ജി പറയുന്നു. ആകെയുള്ള കടത്തിന്റെ (നിയമസഭയില്‍ അറിയിച്ചത് പ്രകാരം 3,00,963 കോടി) 61 ശതമാനം ഏഴ് വര്‍ഷത്തിനകം തിരിച്ചടക്കണം. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താല്‍ ആഭ്യന്തര വളര്‍ച്ചാ നിരക്ക് ഇപ്പോഴും ഉയര്‍ന്നുനില്‍ക്കുന്ന ഗുജറാത്തിനെ സംബന്ധിച്ച് മൂന്ന് ലക്ഷം കോടി കടമെന്നത് വലിയ പ്രശ്നമല്ല. പക്ഷേ, അതിലറുപത് ശതമാനവും ഏഴ് വര്‍ഷത്തിനകം തിരിച്ചടക്കണമെന്ന അവസ്ഥ അത്ര സുഖകരമല്ല. പ്രത്യേകിച്ച് 2011-12 സാമ്പത്തിക വര്‍ഷത്തിന് ശേഷം ഇതാദ്യമായി 2020-21 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനം റവന്യൂ കമ്മി രേഖപ്പെടുത്തുമ്പോള്‍. പതിനായിരം കോടിയിലേറെ രൂപയുടെ കമ്മി സംസ്ഥാന സര്‍ക്കാര്‍ മറച്ചുവെക്കുക കൂടി ചെയ്യുമ്പോള്‍ ‘മാതൃകാ’ സംസ്ഥാനം എത്തിപ്പെട്ടിരിക്കുന്ന അവസ്ഥ കൂടുതല്‍ വെളിപ്പെടുന്നുണ്ട്. തിരിച്ചടവ് കൃത്യമായി നടത്തി കടക്കെണിയില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ വരും വര്‍ഷങ്ങളില്‍ സംസ്ഥാനം ചെലവ് നിയന്ത്രിക്കണം, കടമെടുപ്പ് കുറക്കുകയും വേണം.

കേന്ദ്ര സര്‍ക്കാറിന്റെ പ്രത്യക്ഷവും പരോക്ഷവുമായ സാമ്പത്തിക പിന്തുണ വലിയ തോതില്‍ ലഭിക്കുമ്പോള്‍ തന്നെയാണ് വലിയ റവന്യൂ കമ്മിയിലേക്ക് ഗുജറാത്ത് പതിക്കുന്നത് എന്നതാണ് പ്രധാനം. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിര്‍വഹണത്തിനും മറ്റുമായി കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് നിര്‍വഹണ ഏജന്‍സികള്‍ക്ക് നല്‍കുന്ന വിഹിതത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായത് ഇക്കാലത്ത്. 2015-16ല്‍ 2,542 കോടിയായിരുന്നു ഇത്തരം സഹായമെങ്കില്‍ 2019-20ല്‍ അത് 11,659 കോടിയായി. കൂടിയത് 350 ശതമാനം! സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രമല്ല സ്വകാര്യ കമ്പനികള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും വ്യക്തികള്‍ക്കുമൊക്കെ ഇങ്ങനെ നേരിട്ട് പണം നല്‍കിയിട്ടുണ്ട്. 2019-20ല്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയത് 837 കോടി രൂപ. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്‍കിയത് 17 കോടിയും സ്വകാര്യ ട്രസ്റ്റുകള്‍ക്ക് നല്‍കിയത് 79 കോടിയുമാണ്. രജിസ്റ്റര്‍ ചെയ്ത സൊസൈറ്റികള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും കൈമാറിയത് 18.35 കോടിയാണെങ്കില്‍ വ്യക്തികള്‍ക്ക് നേരിട്ട് നല്‍കിയത് 1.56 കോടിയാണ്. ഇവ്വിധമുള്ള പണമൊഴുക്ക് കേന്ദ്രം ഉറപ്പാക്കിയിട്ടും ‘മാതൃകാ’ സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്നുവെങ്കില്‍, മാതൃകകള്‍ കെട്ടിയുയര്‍ത്തിയത് വേണ്ടത്ര ധനകാര്യ ആസൂത്രണമില്ലാതെയും ഏകപക്ഷീയവുമായാണെന്ന് അനുമാനിക്കേണ്ടിവരും. അതിന്റെ പ്രയാസം ഗുജറാത്ത് സംസ്ഥാനവും അവിടുത്തെ ജനങ്ങളും അനുഭവിക്കാന്‍ പോകുകയാണ്.

സംസ്ഥാനത്തെ ഏതാണ്ടെല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും നഷ്ടത്തിലാണ്. സഞ്ചിത നഷ്ടം 30,400 കോടിയാണെന്ന് സി എ ജി കണക്കാക്കുന്നു. അതിലേറ്റം പ്രധാനം ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോര്‍പറേഷനാണ്. കൃഷ്ണ – ഗോദാവരി ബേസിനില്‍ വലിയ പ്രകൃതി വാതക നിക്ഷേപം കണ്ടെത്തിയെന്ന് 2005ല്‍ മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി അവകാശപ്പെട്ട സ്ഥാപനം. 2,20,000 കോടി രൂപ മൂല്യം വരുന്ന പ്രകൃതിവാതകം ഖനനം ചെയ്തെടുത്ത് രാജ്യത്തെ ഇന്ധന സ്വയം പര്യാപ്തതയിലേക്ക് നയിക്കാന്‍ ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോര്‍പറേഷനാകുമെന്ന് അന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു. രാജ്യത്തിന് മാതൃകയല്ലാതെ മറ്റെന്ത്! ഒന്നര ദശകത്തിനിടെ ഈ കോര്‍പറേഷനു വേണ്ടി സംസ്ഥാന ഖജനാവില്‍ നിന്ന് ചെലവിട്ടത് 20,000 കോടി രൂപയാണ്. ഒരു യൂനിറ്റ് പ്രകൃതി വാതകം പോലും കുഴിച്ചെടുത്തതായി അറിവില്ല. കൃഷ്ണ-ഗോദാവരി ബേസിനിലെ ജി എസ് പി സിക്കുണ്ടായിരുന്ന നിക്ഷേപത്തിന്റെ എണ്‍പത് ശതമാനവും ഏറ്റെടുപ്പിച്ച് (ഏതാണ്ട് 7,500 കോടിക്ക്) മറ്റൊരു പൊതുമേഖലാ സ്ഥാപനമായ ഒ എന്‍ ജി സിക്ക് ചെറിയൊരു ബാധ്യതകൂടി സമ്മാനിച്ചു ഇക്കാലത്തിനിടെ കേന്ദ്ര സര്‍ക്കാര്‍. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ജി എസ് പി സിക്ക് സംസ്ഥാന ഖജനാവില്‍ നിന്ന് അനുവദിച്ചത് ആയിരം കോടി രൂപയാണ്. കോര്‍പറേഷന്റെ മൂല്യം പൂജ്യത്തില്‍ താഴെ 288 കോടി (ആസ്തി മുഴുവന്‍ വിറ്റാലും ബാധ്യത തീര്‍ക്കണമെങ്കില്‍ 288 കോടി രൂപ കൂടി വേണ്ടിവരുന്ന സ്ഥിതി) ആയിരിക്കെയാണ് ‘മാതൃകാ’ സ്ഥാപനത്തിലേക്ക് ആയിരം കോടി കൂടി ഗുജറാത്ത് സര്‍ക്കാര്‍ നിക്ഷേപിച്ചത്.

ലാഭത്തിലോടുന്നതടക്കം സകല പൊതുമേഖലാ സ്ഥാപനങ്ങളും വിറ്റഴിക്കല്‍ വില്‍പ്പനക്ക് വെച്ച്, വ്യവസായം നടത്തല്‍ സര്‍ക്കാറിന്റെ പദ്ധതിയല്ലെന്ന് പരസ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പ്രഖ്യാപിക്കുമ്പോഴാണ് 20,000 കോടി നഷ്ടപ്പെടുത്തിയ ശേഷവും ആയിരം കോടി നല്‍കി ജി എസ് പി സിയെ നിലനിര്‍ത്തുന്നത്! ഇതുപോലുള്ള പല ചെലവുകളും സംസ്ഥാന ഖജനാവിന് വലിയ ബാധ്യത സൃഷ്ടിക്കുന്നുണ്ടെന്നാണ് സി എ ജിയുടെ കണ്ടെത്തല്‍.

വികസനത്തില്‍ മാത്രമല്ല, വര്‍ഗീയ വിഭജനം ആഴത്തിലാക്കും വിധത്തില്‍ വംശഹത്യാ ശ്രമം ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിലും അതിന്റെ തുടര്‍ച്ചയില്‍ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ച് അധികാരത്തുടര്‍ച്ച ഉറപ്പാക്കുന്നതിലും മാതൃക സൃഷ്ടിച്ചിരുന്നു ഗുജറാത്ത്. പിന്നെ നിരപരാധികളും നിസ്സഹായരുമായ മനുഷ്യരെ വെടിവെച്ചുകൊന്ന് ഏറ്റുമുട്ടലായി ചിത്രീകരിക്കുന്നതിലും. ഗുജറാത്ത് മാതൃക രാജ്യമാകെ വ്യാപിപ്പിക്കുമെന്നതായിരുന്നു 2014ലെ പൊതു തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ മുഖ്യ വാഗ്ദാനം. അത് ഏതാണ്ട് നടപ്പായെന്ന് തന്നെ പറയണം. വികസന രംഗത്തെ മുന്നേറ്റത്തെക്കുറിച്ച് വലിയ അവകാശ വാദങ്ങള്‍ നിലവിലുണ്ട്. വര്‍ഗീയ വിഭജനത്തിന് ആഴം കൂട്ടാനുള്ള പദ്ധതികള്‍ നിരന്തരം ആസൂത്രണം ചെയ്ത് നടപ്പാക്കുന്നുണ്ട്. കലാപങ്ങളിലൂടെയും അല്ലാതെയും വംശഹത്യാ ശ്രമം തുടരുന്നു. വ്യാജ ഏറ്റുമുട്ടലുകള്‍ സൈന്യത്തിന് പ്രത്യേക അധികാരമുള്ള പ്രദേശങ്ങളിലും ഗുജറാത്തിലും മാത്രം ഒതുങ്ങേണ്ടതല്ലെന്ന് ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥ് തെളിയിച്ചു. ‘മാതൃക’ക്കൊടുവില്‍ ഗുജറാത്ത് എത്തിനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധിയിലേക്ക്, കേന്ദ്ര ധനമന്ത്രാലയം രാജ്യത്തെ ഇതിനകം നയിക്കുകയും ചെയ്തു. പ്രഖ്യാപനങ്ങള്‍ നടപ്പാക്കുക എന്നതാണ് ഇച്ഛാശക്തിയുള്ള കരുത്തനായ നേതാവിന്റെ രീതി. ഗുജറാത്ത് മാതൃക രാജ്യത്താകെ വ്യാപിപ്പിക്കുമെന്ന പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കുകയാണ്. കേന്ദ്ര മന്ത്രാലയങ്ങളുടെ ഓഡിറ്റ് കുറച്ചും, വിമര്‍ശങ്ങള്‍ മയപ്പെടുത്തിയും ഇത്രയും കാലം കേന്ദ്ര സര്‍ക്കാറിനെ സംരക്ഷിച്ച സി എ ജിയും വൈകാതെ ‘ഗുജറാത്ത് മാതൃക’ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാം. ശ്രീലങ്ക അത്ര അകലെയല്ലല്ലോ?