Kerala
കോഴിക്കോട് കക്കോടിയിൽ വീടിന്റെ മതിലിടിഞ്ഞ് അതിഥി തൊഴിലാളി മരിച്ചു
തകര്‍ന്ന മതിലിനിടയില്‍ കുടുങ്ങിയ ഒഡീഷ സ്വദേശിയാണ് മരിച്ചത്.
കോഴിക്കോട്| കക്കോടിയില്‍ വീടിന്റെ മതിലിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. തകര്‍ന്ന മതിലിനിടയില്‍ കുടുങ്ങിയ ഒഡീഷ സ്വദേശിയാണ് മരിച്ചത്. ഇയാളെ അഗ്നിരക്ഷാ സേന രക്ഷപെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കിലും മരണപ്പെടുകയായിരുന്നു. ഇന്ന് രാവിലെ 11.15 ഓടെയാണ് സംഭവം.
അപകടത്തില്‍ ഒരു പ്രദേശവാസിക്ക് പരുക്കേറ്റു. കക്കോടിയിലെ ചെറുകുളം റോഡിൽ മണ്ണാറയ്ക്കൽ പറമ്പിൽ രാമനാഥൻ എന്നയാളിന്റെ വീട്ടിൽ നിർമാണ പ്രവർത്തനങ്ങൾക്കായി എത്തിയതായിരുന്നു തൊഴിലാളികൾ. ഇവർ ജോലി ചെയ്യുന്നതിനിടെ സമീപത്തെ വീട്ടിലെ മതിൽ ഇടിയുകയും തൊഴിലാളികൾ കുടുങ്ങുകയുമായിരുന്നു.മൂന്നു പേരുണ്ടായിരുന്നു. മതിൽ ഇടിയുന്നത് ശ്രദ്ധയിൽപ്പെട്ട് ഒരു അതിഥി തൊഴിലാളി ഓടി രക്ഷപ്പെട്ടു.
മറ്റുള്ളവരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഉദയൻ അതിനടിയിൽ പെടുകയായിരുന്നു. തലയിലേക്ക് സ്ലാബ് വന്ന് പതിക്കുകയായിരുന്നു. പ്രദേശവാസി ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ദേഹത്തേക്ക് പാറ വീണു. ഇയാളുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.



