Editorial
ജി എസ് ടി: സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കണം
ആഭ്യന്തര വരുമാനത്തിന്റെ 20 ശതമാനം കടബാധ്യതക്കുള്ള പലിശയൊടുക്കാന്‍ മാത്രമായി ചെലവിടേണ്ട ദുഃസ്ഥിതിയാണ് സംസ്ഥാനത്തിന്. ഈ പശ്ചാത്തലത്തില്‍ ജി എസ് ടിയില്‍ നിന്ന് നിലവില്‍ ലഭിച്ചു കൊണ്ടിരുന്ന വരുമാനത്തില്‍ കൂടി ഇടിവ് സംഭവിച്ചാല്‍ എന്താകും സ്ഥിതി?
സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച “ദീപാവലി സമ്മാനം’ (ജി എസ് ടി സ്ലാബ് പരിഷ്‌കരണം) ഉപഭോക്താക്കള്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാറുകള്‍ ആശങ്കയോടെയാണ് കാണുന്നത്. വരുമാനത്തില്‍ സൃഷ്ടിച്ചേക്കാവുന്ന ഇടിവിനെക്കുറിച്ചാണ് സംസ്ഥാനങ്ങള്‍ക്ക് ഭീതി. വെള്ളിയാഴ്ച ഡല്‍ഹിയിലെ കര്‍ണാടക ഭവനില്‍ ചേര്‍ന്ന ബി ജെ പി ഇതര കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ യോഗം തങ്ങളുടെ ആശങ്ക രേഖപ്പെടുത്തുകയും പരിഹാരമായി ജി എസ് ടി നിലവില്‍ വന്ന കാലത്തെ പോലെ നഷ്ടപരിഹാരം നല്‍കി കേന്ദ്രം സംസ്ഥാനങ്ങളെ സഹായിക്കണമെന്നാവശ്യപ്പെടുകയും ചെയ്തു. 2017ല്‍ ജി എസ് ടി നടപ്പാക്കിയപ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയിരുന്നു.
നിലവിലുള്ള അഞ്ച്, 12, 18, 28 ശതമാന നികുതി സ്ലാബുകള്‍ അഞ്ച്, 18 ശതമാന സ്ലാബുകളായി കുറക്കാനാണ് തീരുമാനം. ഇതനുസരിച്ച് 28 ശതമാനം നികുതി ഈടാക്കുന്ന ചരക്കുകളെ 18 ശതമാന സ്ലാബിലേക്കും 12 ശതമാനം നികുതി ഈടാക്കുന്നവയെ അഞ്ച് ശതമാന സ്ലാബിലേക്കും മാറ്റും. നിത്യോപയോഗ സാധനങ്ങള്‍ ബഹുഭൂരിഭാഗവും അഞ്ച് ശതമാന സ്ലാബില്‍ വരുന്നതിനാല്‍ ദരിദ്ര- ഇടത്തരം കുടുംബങ്ങള്‍ക്ക് പരിഷ്‌കരണം ഗുണം ചെയ്യുമെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം. എന്നാല്‍ നികുതിയിളവിന്റെ ഗുണം വ്യാപാരികള്‍ക്ക് മാത്രമായിരിക്കും. ഉപഭോക്താവിന് ലഭിക്കാനിടയില്ലെന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട്. കേരളം നടത്തിയ പഠനത്തില്‍ ഇക്കാര്യം വ്യക്തമായതായി സംസ്ഥാന ധനകാര്യ വകുപ്പ് വ്യക്തമാക്കി. മുമ്പ് ജി എസ് ടി നികുതിയില്‍ വരുത്തിയ ഇളവുകള്‍ ഉപഭോക്താവിന് ഫലപ്പെട്ടില്ലെന്നതും ശ്രദ്ധേയമാണ്. നിലവിലുള്ള ഘടനയില്‍ 18 ശതമാനം സ്ലാബിലൂടെയാണ്് രാജ്യത്തെ ജി എസ് ടി വരുമാനത്തിന്റെ 65 ശതമാനവും ലഭ്യമാകുന്നത്. 28 ശതമാനം സ്ലാബ്, വരുമാനത്തിന്റെ 11 ശതമാനവും 12 ശതമാനം സ്ലാബ് അഞ്ച് ശതമാനവും അഞ്ച് ശതമാനം സ്ലാബ് ഏഴ് ശതമാനവും സംഭാവന ചെയ്യുന്നു.
സാധാരണക്കാരായ ഉപഭോക്താക്കള്‍ക്കെന്ന പോലെ വ്യാപാരികള്‍ക്കും ഗുണകരമാകും സ്ലാബ് പരിഷ്‌കരണമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. നിലവിലുള്ള നാല് സ്ലാബ് സമ്പ്രദായത്തില്‍ ഏത് സാധനങ്ങള്‍ക്ക് ഏത് നിരക്ക് എന്ന ആശയക്കുഴപ്പം സൃഷ്ടിക്കാറുണ്ട് വ്യാപാരികള്‍ക്കിടയില്‍. സ്ലാബ് രണ്ടായി ചുരുങ്ങുന്നതോടെ ഈ ആശയക്കുഴപ്പം ഏറെക്കുറെ ഇല്ലാതാകും. വ്യാപാരികളുടെ ബില്ലിംഗ് സംവിധാനവും ഇത് കൂടുതല്‍ സുതാര്യമാക്കിയേക്കും.
അതേസമയം, പ്രതിപക്ഷ ഭരണത്തിലുള്ള സംസ്ഥാനങ്ങള്‍ ഉന്നയിച്ച വരുമാനക്കുറവ് സുപ്രധാന വിഷയമാണ്. സംസ്ഥാനങ്ങളുടെ വരുമാനത്തില്‍ 20 ശതമാനത്തോളം കുറവ് വരുത്തുകയും കേരളത്തിന് 8,000 കോടിയോളം രൂപയുടെ കമ്മി സൃഷ്ടിക്കുകയും ചെയ്യുമെന്നാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാണിച്ചത്. പൊതുവെ കടക്കെണിയിലാണ് രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളും. അടുത്തിടെ കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയില്‍ വെളിപ്പെടുത്തിയതനുസരിച്ച് ജി ഡി പിയുടെ 16.3 ശതമാനം മുതല്‍ 57 ശതമാനം വരെയെത്തും വിവിധ സംസ്ഥാനങ്ങളുടെ കടബാധ്യത. ജി എസ് ടി സമ്പ്രദായം നിലവില്‍ വന്ന ശേഷമാണ് കടബാധ്യത കുത്തനെ ഉയര്‍ന്നത്. ജി എസ് ടിക്കു മുമ്പ് സെയില്‍സ് ടാക്‌സ്, വാറ്റ്, എക്‌സൈസ് തീരുവ എന്നിങ്ങനെ വ്യത്യസ്ത തലങ്ങളില്‍ നിന്നായി ലഭിച്ചിരുന്ന നികുതി വിഹിതം ജി എസ് ടിക്കു ശേഷം കേന്ദ്രീകൃതമായതോടെ സംസ്ഥാനങ്ങളുടെ വരുമാനം കുത്തനെ കുറഞ്ഞു. കൊവിഡിന്റെ വരവ് സ്ഥിതി കൂടുതല്‍ സങ്കീര്‍ണവുമാക്കി. എന്നാല്‍ സ്ലാബുകളുടെ എണ്ണം രണ്ടാക്കുന്നതു വഴി നിത്യോപയോഗ സാധനങ്ങള്‍ക്ക് നികുതി കുറയുമ്പോള്‍ ഉപഭോഗം കൂടുകയും അതോടെ പരിഷ്‌കരണം വഴി സംഭവിക്കുന്ന നഷ്ടം നികത്താനാകുകയും ചെയ്യുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍.
സ്ലാബ് പരിഷ്‌കരണം മൂലമുണ്ടാകുന്ന വരുമാന നഷ്ടം കേരളത്തെ കൂടുതല്‍ പ്രയാസത്തിലാക്കും. കേന്ദ്ര ധനമന്ത്രി ലോക്‌സഭയില്‍ വെളിപ്പെടുത്തിയതനുസരിച്ച് 2024-25 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ 4,71,091 കോടി രൂപ വരും കേരളത്തിന്റെ മൊത്തം കടബാധ്യത. 2026 മാര്‍ച്ച് 31 ആകുമ്പോഴേക്ക് ഇത് 4,81,997 കോടി രൂപയായി വര്‍ധിക്കുമെന്നും നിരീക്ഷിക്കപ്പെടുന്നു. ആഭ്യന്തര വരുമാനത്തിന്റെ 20 ശതമാനം കടബാധ്യതക്കുള്ള പലിശയൊടുക്കാന്‍ മാത്രമായി ചെലവിടേണ്ട ദുഃസ്ഥിതിയാണ് സംസ്ഥാനത്തിന്. ഈ പശ്ചാത്തലത്തില്‍ ജി എസ് ടിയില്‍ നിന്ന് നിലവില്‍ ലഭിച്ചു കൊണ്ടിരുന്ന വരുമാനത്തില്‍ കൂടി ഇടിവ് സംഭവിച്ചാല്‍ എന്താകും സ്ഥിതി? ക്ഷേമ പെന്‍ഷന്‍ വാങ്ങിക്കുന്ന 62 ലക്ഷം പേരെ ഉള്‍പ്പെടെ ഇത് ബാധിക്കുകയും കാരുണ്യ പോലുള്ള പദ്ധതികള്‍ തുടരാന്‍ പറ്റാത്ത സ്ഥിതി സംജാതമാകുകയും ചെയ്യുമെന്ന് ധനമന്ത്രി പറയുന്നു.
നഷ്ടം നികത്താന്‍ കേന്ദ്ര സഹായം മാത്രമാണ് പരിഹാരം. സംസ്ഥാനങ്ങള്‍ക്ക് കടമെടുപ്പിന് പരിധിയും നിയന്ത്രണങ്ങളുമുണ്ട്. ആഭ്യന്തര വരുമാനത്തിന്റെ മൂന്ന് ശതമാനത്തിലധികം കടബാധ്യത വരുത്തരുതെന്നാണ് ധനകാര്യ കമ്മീഷന്റെ നിഷ്‌കര്‍ഷ. അതിനപ്പുറം കടം വാങ്ങണമെങ്കില്‍ കേന്ദ്രത്തിന്റെ പ്രത്യേക അനുമതി വേണം. കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം അത്തരത്തില്‍ അനുമതി നല്‍കുന്നുമില്ല. അര്‍ഹമായ ധനസഹായങ്ങള്‍ പോലും രാഷ്ട്രീയ ശത്രുതയുടെ പേരില്‍ നിഷേധിക്കുകയും ചെയ്യുന്നു. കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി സംസ്ഥാനത്തിന്റെ സാമ്പത്തിക താത്പര്യങ്ങള്‍ പാടേ ഹനിക്കുന്ന നിലപാടാണ് കണ്ടുവരുന്നത്. സാമ്പത്തിക ഫെഡറലിസം മുമ്പെങ്ങുമില്ലാത്ത വിധം വെല്ലുവിളികള്‍ നേരിടുന്നു. ജി എസ് ടി സ്ലാബ് പരിഷ്‌കരണം സൃഷ്ടിക്കുന്ന വരുമാന നഷ്ടത്തില്‍ പ്രതിപക്ഷ നിയന്ത്രണത്തിലുള്ള സംസ്ഥാനങ്ങള്‍ ആശങ്ക പ്രകടിപ്പിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.




