Connect with us

kodiyeri@media

ഗവര്‍ണറുടേത് കൈവിട്ടകളി: സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള നീക്കം പാര്‍ട്ടി ചെറുക്കും- കോടിയേരി

മന്ത്രിമാരെ മാറ്റാന്‍ ഉദ്ദേശമില്ല; മന്ത്രിമാര്‍ കുറച്ചുകൂടി സജീവമാകണം

Published

|

Last Updated

തിരുവനന്തപുരം|  ഭരണഘടന അനുസരിച്ചല്ല ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രവര്‍ത്തിക്കുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഓര്‍ഡിനന്‍സ് ഒപ്പിടാത്ത ഗവര്‍ണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണ്. ബോധപൂര്‍വ്വമായ കൈവിട്ട കളികളിലേക്ക് ഗവര്‍ണര്‍ മാറിയിരിക്കുന്നു. ഗവര്‍ണറെ ഉപയോഗിച്ച് എല്‍ ഡി എഫ് സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കത്തെ പാര്‍ട്ടി എന്തുവില കൊടുത്തും ചെറുക്കും. രാജ്യമാകെയുള്ള തൊഴിലാളി വര്‍ഗത്തിന്റെ പ്രതീക്ഷയാണ് ഇടത് സര്‍ക്കാറെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മന്ത്രിമാരുടെ പ്രവര്‍ത്തനം പാര്‍ട്ടി വിലിയിരുത്തുക സ്വാഭാവികമാണ്. മന്ത്രിമാര്‍ കുറച്ചുകൂടി സജീവമാകണമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. മന്ത്രിമാര്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രീതി മാറണം. കൂടുതല്‍ സഞ്ചരിച്ച് പ്രവര്‍ത്തിക്കണം. മന്ത്രിസഭ പുനഃസംഘടന പാര്‍ട്ടി ആലോചിക്കുന്നില്ല. ഏതെങ്കിലും മന്ത്രിമാരെ മാറ്റാനും പാര്‍ട്ടി ഉദ്ദേശിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു.

കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് ബാലഗോകുലം പരിപാടിക്ക് പോയത് തെറ്റാണ്. ജില്ലാ സെക്രട്ടറി തന്നെ പരസ്യമായി ഇത് പറഞ്ഞത് ഒരു നടപടിയാണ്. തെറ്റ് പറ്റിയെന്ന് മേയറും പറഞ്ഞിട്ടുണ്ട്.

സിനിമ ബഹിഷ്‌ക്കരണം എന്ന് പറയുന്നത് പാര്‍ട്ടി നിലപാടല്ല. ആരെങ്കിലും എഫ് ബിയില്‍ എഴുതിയാല്‍ സി പി എം നിലപാടാകില്ല. കെ ടി ജലീലിന്റെ കശ്മീര്‍ പരാമര്‍ശം സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റ് താന്‍ കണ്ടിട്ടില്ല.

തോമസ് ഐസകിന് ഇ ഡി നോട്ടീസ് അയച്ചതിന് പിന്നില്‍ വികസനം തകര്‍ക്കുക എന്ന കേന്ദ്ര നയത്തിന്റെ ഭാഗമാണ്. ഹൈക്കോടതി വിധി ഇ ഡിയുടെ നീക്കത്തിനേറ്റ തിരിച്ചടിയാണ്. ഇ ഡിക്കെതിരെ യോജിച്ച സമരത്തിന് കോണ്‍ഗ്രസ് തയ്യാറാണെങ്കില്‍ സി പി എമ്മും തയ്യാറാണ്. ഇ ഡിയെ ഉപയോഗിച്ചുള്ള കേന്ദ്രനീക്കങ്ങലെ രാഷ്ട്രീയമായും നിയമപരമായും പാര്‍ട്ടി നേരിടും. രാജ്യത്തൊട്ടാകെ പ്രതിപക്ഷ നേതാക്കളെ ഇ ഡിയെ ഉപയോഗിച്ച് കേന്ദ്രം വേട്ടയാടുകയാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.