National
മോഷണത്തിന് ശ്രമിച്ച യുവാവ് വീടിന്റെ ഭിത്തിയിലെ ദ്വാരത്തില്‍ കുടുങ്ങി
സുഭാഷ് കുമാര്‍ റാവത്തും ഭാര്യയും ഞായറാഴ്ച രാത്രി ക്ഷേത്രത്തില്‍ പോയി മടങ്ങിവന്നപ്പോഴാണ് വീടിന്റെ ഭിത്തിയില്‍ ഒരാള്‍ കുടുങ്ങിക്കിടക്കുന്നത് കണ്ടത്
കോട്ട | രാജസ്ഥാനിലെ കോട്ടയില്‍ അടച്ചിട്ട വീട്ടില്‍ മോഷണത്തിന് ശ്രമിച്ച യുവാവ് ഭിത്തിയിലെ ചെറിയ ദ്വാരത്തില്‍ കുടുങ്ങിപ്പോയി. ഒടുവില്‍ പോലീസ് എത്തിയാണ് മോഷ്ടാവിനെ പുറത്തെടുത്തത്.
കോട്ട സ്വദേശിയായ സുഭാഷ് കുമാര്‍ റാവത്തും ഭാര്യയും ഞായറാഴ്ച രാത്രി ക്ഷേത്രത്തില്‍ പോയി മടങ്ങിവന്നപ്പോഴാണ് വീടിന്റെ ഭിത്തിയില്‍ ഒരാള്‍ കുടുങ്ങിക്കിടക്കുന്നത് കണ്ടത്. എക്സ്ഹോസ്റ്റ് ഫാന്‍ ഘടിപ്പിക്കാനായി ഇട്ടിരുന്ന ദ്വാരത്തിലൂടെ അകത്തുകയറാന്‍ ശ്രമിച്ചതായിരുന്നു മോഷ്ടാവ്.
നിലത്തുനിന്ന് ഏകദേശം 10 അടി ഉയരത്തിലുള്ള ദ്വാരത്തിലായിരുന്നു അയാള്‍ കുടുങ്ങിയത്. തലയും കൈകളും വീടിനകത്തും ബാക്കി ഭാഗം പുറത്തുമായിരുന്നു. വീട്ടുടമസ്ഥര്‍ ബഹളം വെച്ചപ്പോള്‍ താന്‍ മോഷ്ടാവാണെന്ന് സമ്മതിച്ച അയാള്‍, തന്നെ വിട്ടില്ലെങ്കില്‍ പുറത്തുള്ള തന്റെ കൂട്ടാളികള്‍ ദമ്പതികളെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
വിവരമറിഞ്ഞ് പോലീസ് എത്തിയപ്പോള്‍ കണ്ടത് കമ്പിയില്‍ തൂങ്ങിക്കിടക്കുന്ന മോഷ്ടാവിനെയാണ്. പുറത്തുനിന്ന് ഒരു പോലീസുകാരനും അകത്തുനിന്ന് രണ്ട് പോലീസുകാരും ചേര്‍ന്ന് ഏറെ പരിശ്രമിച്ചാണ് അയാളെ വലിച്ച് അകത്തേക്കിട്ടത്. വേദനകൊണ്ട് പുളയുകയും കരയുകയും ചെയ്യുന്ന മോഷ്ടാവിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.
മോഷ്ടാവിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.ഇയാള്‍ക്കൊപ്പം വന്ന കൂട്ടാളികള്‍ രക്ഷപ്പെട്ടു.
മോഷ്ടാക്കള്‍ എത്തിയ കാര്‍ പോലീസ് പിടിച്ചെടുത്തു. പോലീസ് എന്ന സ്റ്റിക്കര്‍ പതിച്ച കാറാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്.



