Connect with us

National

കരൂര്‍ ദുരന്തം: വിജയ് ചോദ്യം ചെയ്യലിനായി 12ന് ഹാജരാകണം; നോട്ടീസ് അയച്ച് സിബിഐ

വിജയിയെ ചോദ്യം ചെയ്യുന്നതോടെ ഈ കേസില്‍ നിര്‍ണ്ണായകമായ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്

Published

|

Last Updated

ചെന്നൈ |  നടന്‍ വിജയിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) കരൂര്‍ റാലി ദുരന്തം അന്വേഷിക്കുന്ന സിബിഐ പാര്‍ട്ടി അധ്യക്ഷന്‍ വിജയ്ക്ക് സമന്‍സ് അയച്ചു. ജനുവരി 12-ന് ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

2025 സെപ്റ്റംബര്‍ 27ന് കരൂര്‍ ജില്ലയിലെ വേലുസ്വാമിപുരത്താണ് കേസ് ആധാരമായ സംഭവം നടന്നത്. വിജയിയുടെ പ്രസംഗം കേള്‍ക്കാന്‍ തടിച്ചുകൂടിയ വന്‍ ജനക്കൂട്ടത്തിനിടയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരിക്കുകയും നൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

 

കേസ് അന്വേഷണത്തിനായി ആദ്യം തമിഴ്നാട് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു. എന്നാല്‍, അന്വേഷണം നിഷ്പക്ഷമായിരിക്കണമെന്ന ഹര്‍ജികള്‍ പരിഗണിച്ച സുപ്രീം കോടതി കേസ് സിബിഐക്ക് വിടുകയായിരുന്നു. ദേശീയ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം എന്നാണ് സുപ്രീം കോടതി ഈ ദുരന്തത്തെ വിശേഷിപ്പിച്ചത്.

റിട്ടയേര്‍ഡ് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അജയ് റസ്‌തോഗിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് നിലവില്‍ സിബിഐ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.

ടിവികെ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിസ്സി ആനന്ദ്, ജോയിന്റ് സെക്രട്ടറിമാരായ നിര്‍മല്‍ കുമാര്‍, ആദവ് അര്‍ജുന്‍ തുടങ്ങിയ പ്രമുഖ നേതാക്കളെ സിബിഐ ഇതിനോടകം ചോദ്യം ചെയ്തു കഴിഞ്ഞു.റാലിക്കായി നല്‍കിയ അനുമതികള്‍, ആള്‍ക്കൂട്ട നിയന്ത്രണത്തിലെ പാളിച്ചകള്‍, പോലീസിന്റെ വിന്യാസം, അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ എന്നിവയിലെ വീഴ്ചകളാണ് സിബിഐ പ്രധാനമായും പരിശോധിക്കുന്നത്.

ഈ ദുരന്തത്തിന് പിന്നാലെ, രാഷ്ട്രീയ റാലികള്‍ക്കും പൊതുസമ്മേളനങ്ങള്‍ക്കും കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ തയ്യാറാക്കി സമര്‍പ്പിക്കാന്‍ മദ്രാസ് ഹൈക്കോടതി തമിഴ്നാട് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വിജയിയെ ചോദ്യം ചെയ്യുന്നതോടെ ഈ കേസില്‍ നിര്‍ണ്ണായകമായ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

---- facebook comment plugin here -----

Latest