National
പാകിസ്താനായി ചാരവൃത്തി; പഞ്ചാബില്‍ 15കാരന്‍ അറസ്റ്റില്‍,കൂടുതല്‍ കുട്ടികള്‍ ഉള്‍പ്പെട്ടതായി നിഗമനം
ഇന്ത്യയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ടതും സെന്‍സിറ്റീവുമായ വിവരങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴി കുട്ടി പങ്കുവെച്ചതായും കണ്ടെത്തി
ന്യൂഡല്‍ഹി | ചാരവൃത്തി ആരോപിച്ച് പഞ്ചാബ് പോലീസ് 15 വയസ്സുള്ള ആണ്‍കുട്ടിയെ അറസ്റ്റ് ചെയ്തു. പാകിസ്ഥാന്‍ രഹസ്യ അന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐ ആണ് കുട്ടിയെ ചാരവൃത്തിക്കായി ഉപയോഗിച്ചതെന്ന് കണ്ടെത്തി. ഈ സാഹചര്യത്തില്‍ പഞ്ചാബില്‍ ഉടനീളം സുരക്ഷ കര്‍ക്കശമാക്കി
ഐഎസ്‌ഐ ബന്ധമുള്ളവരുമായി കുട്ടി ഒരു വര്‍ഷത്തോളമായി ബന്ധം സ്ഥാപിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പത്താന്‍കോട്ട് പോലീസ് കുട്ടിയെ അറസ്റ്റ് ചെയ്തത്. ഇന്ത്യയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ടതും സെന്‍സിറ്റീവുമായ വിവരങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴി കുട്ടി പങ്കുവെച്ചതായും കണ്ടെത്തിയിട്ടുണ്ട്.ജമ്മുവിലെ സാംബ ജില്ലയില്‍ താമസിക്കുന്ന കുട്ടി പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നവരുമായി ആശയവിനിമയം നടത്തിയതായി നിരീക്ഷണത്തിലൂടെയും സാങ്കേതിക വിശകലനത്തിലൂടെയുമാണ് കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ 15കാരന്‍ ഒറ്റയ്ക്കല്ലെന്നും പ്രായപൂര്‍ത്തിയാവാത്ത മറ്റു ചില കുട്ടികളും ഐഎസ്ഐ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതായും സംശയിക്കുന്നതായി പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
കുട്ടിയെ കസ്്റ്റഡിയിലെടുത്ത പശ്ചാത്തലത്തില്‍ പഞ്ചാബിലുടനീളമുള്ള പോലീസ് സ്റ്റേഷനുകളിലേക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമാനമായ നെറ്റ്വര്‍ക്കുകളില്‍ കുടുങ്ങാന്‍ സാധ്യതയുള്ള മറ്റ് കുട്ടികളെ തിരിച്ചറിയാനും ജാഗ്രത പാലിക്കാനും മുന്നറിയിപ്പില്‍ പറയുന്നു .പഞ്ചാബിലെ മറ്റ് ചില പ്രായപൂര്‍ത്തിയാകാത്ത കുട്ടികളും ചാരവൃത്തിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സൂചിപ്പിക്കുന്ന വിവരങ്ങളും കണ്ടെത്തിയതായി പത്താന്‍കോട്ട് പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്



