Connect with us

Kerala

സര്‍ക്കാരിന്റെ വികസന സദസ്സ് പ്രഹസനവും തട്ടിപ്പും: വി ഡി സതീശന്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടും അധികാരവും കവര്‍ന്നെടുത്തും യാതൊരു വികസന പ്രവര്‍ത്തനങ്ങള്‍ നടത്താതെയും ഭരണത്തിന്റെ അവസാന നാളുകളില്‍ സര്‍ക്കാര്‍ നടത്തുന്ന തട്ടിപ്പ് ജനങ്ങള്‍ തിരിച്ചറിയും.

Published

|

Last Updated

പത്തനംതിട്ട | സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കുവാനെന്ന് പറഞ്ഞ് നടത്തുന്ന വികസന സദസ്സുകള്‍ ജനങ്ങളെ കബളിപ്പിക്കാനുള്ള തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. യു ഡി എഫ് പത്തനംതിട്ട ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഭക്തരോടും തീര്‍ഥാടകരോടും സര്‍ക്കാര്‍ ചെയ്തുകൂട്ടിയ അതിക്രമങ്ങള്‍ ജനങ്ങളുടെ മനസ്സിലേക്ക് വീണ്ടും കൊണ്ടുവരുന്നതിന് അയ്യപ്പ സംഗമം സഹായിക്കും. അയ്യപ്പന്റെ നാലുകിലോ സ്വര്‍ണം കാണാതെ പോയതിന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും സമാധാനം പറയണമെന്നും സതീശന്‍ പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടും അധികാരവും കവര്‍ന്നെടുത്തും യാതൊരു വികസന പ്രവര്‍ത്തനങ്ങള്‍ നടത്താതെയും ഭരണത്തിന്റെ അവസാന നാളുകളില്‍ സര്‍ക്കാര്‍ നടത്തുന്ന തട്ടിപ്പ് ജനങ്ങള്‍ തിരിച്ചറിയും. ശബരിമലയില്‍ വികസനത്തിന് യു ഡി എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മാസ്റ്റര്‍ പ്ലാന്‍ കോള്‍ഡ് സ്റ്റോറേജില്‍ വെച്ചിട്ട് അയ്യപ്പ സംഗമം നടത്തുന്നതിന്റെ ലക്ഷ്യം തിരഞ്ഞെടുപ്പാണെന്ന് പകല്‍ പോലെ വ്യക്തമാണ്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനെ യു ഡി എഫ് ഒറ്റക്കെട്ടായി നേരിട്ട് വന്‍ വിജയം നേടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ വര്‍ഗീസ് മാമ്മന്‍ അധ്യക്ഷത വഹിച്ചു. യു ഡി എഫ് സംസ്ഥാന കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം പി, കെ പി സി സി രാഷ്ട്രീയകാര്യ സമതി അംഗങ്ങളായ പി ജെ കുര്യന്‍, ആന്റോ ആന്റണി എം പി, ജനറല്‍ സെക്രട്ടറി പഴകുളം മധു, ഡി സി സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍, യു ഡി എഫ് ജില്ലാ കണ്‍വീനര്‍ എ ഷംസുദ്ദീന്‍, മുന്‍ എം എല്‍ എ. ജോസഫ് എം പുതുശ്ശേരി, കെ ഇ അബ്ദുല്‍ റഹ്മാന്‍, പി ജി പ്രസന്നകുമാര്‍, മുന്‍ എം എല്‍ എ. മാലേത്ത് സരളാദേവി, സനോജ് മേമന, ടി എം ഹമീദ്, കുഞ്ഞുകോശി പോള്‍, ജോണ്‍ കെ മാത്യൂസ് പ്രസംഗിച്ചു.

 

Latest