International
ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ആക്രമണം; എണ്ണവില കുതിച്ചുയർന്നു
ലോകത്തിലെ പ്രതിദിന എണ്ണ വിതരണത്തിന്റെ ഏകദേശം 20 ശതമാനം കടന്നുപോകുന്നത് ഹോർമുസ് കടലിടുക്കിലൂടെയാണ്.
ഹോർമുസ് കടലിടുക്കിന് കിഴക്കുള്ള നിരോധിത മേഖലയിൽ നാവിക മൈനിൽ തട്ടി ഒരു എണ്ണക്കപ്പലിന് തീപിടിച്ചതായി ബുധനാഴ്ച പുലർച്ചെ ഇറാൻ സൈന്യം അറിയിച്ചതോടെയാണ് എണ്ണവില കുതിച്ചുയരാൻ തുടങ്ങിയത്. ഒമാൻ തീരത്തിന് സമീപം ഒന്നിലധികം കപ്പലുകൾക്ക് നേരെ മിസൈൽ അല്ലെങ്കിൽ മൈൻ ആക്രമണമുണ്ടായതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സും യു.കെ. മാരിടൈം ട്രേഡ് ഓപ്പറേഷൻസും റിപ്പോർട്ട് ചെയ്തിരുന്നു. മേഖലയിലെ സംഘർഷം കപ്പൽ ഗതാഗതത്തിന് വലിയ ഭീഷണിയായി തുടരുകയാണ്.
വാഷിംഗ്ടൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നിയർ ഈസ്റ്റ് പോളിസിയുടെ കണക്കുകൾ പ്രകാരം, 2026 ഫെബ്രുവരിയിൽ ഇറാനുമായി യു.എസ്-ഇസ്റാഈൽ സംഘർഷം ആരംഭിച്ചതിന് ശേഷം ഏറ്റവും കൂടുതൽ കപ്പലുകൾ ആക്രമിക്കപ്പെട്ടത് ഒക്ടോബറിലാണ്. 37 കപ്പലുകൾ. നവംബറിൽ ഇതുവരെ കുറഞ്ഞത് 10 ആക്രമണങ്ങൾ കൂടി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ആഗോള ചരക്കുനീക്ക മേഖലയിൽ വലിയ ആശങ്കകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
അതേസമയം, നയതന്ത്ര തലത്തിലുള്ള ഒത്തുതീർപ്പ് പ്രതീക്ഷകൾ ഏറെക്കുറെ മങ്ങിയിരിക്കുകയാണ്. കൂടുതൽ സൈനിക ആക്രമണങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് യു.എസ്. ഉദ്യോഗസ്ഥർ സൂചന നൽകിയതിനെത്തുടർന്ന് ആഴ്ചയുടെ തുടക്കത്തിൽ എണ്ണവില കുത്തനെ ഇടിഞ്ഞിരുന്നു. എന്നാൽ, ചർച്ചകളൊന്നും നടക്കുന്നില്ലെന്ന് ഇറാന്റെ സുരക്ഷാ മേധാവി വ്യക്തമാക്കിയതോടെ വിപണിയിലെ സാഹചര്യം മാറിമറിഞ്ഞു.
ലോകത്തിലെ പ്രതിദിന എണ്ണ വിതരണത്തിന്റെ ഏകദേശം 20% കടന്നുപോകുന്നത് ഹോർമുസ് കടലിടുക്കിലൂടെയാണ്. അടിയന്തരമായി ഒരു വെടിനിർത്തൽ കരാറിലെത്തിയാൽ പോലും, കടലിലെ മൈനുകൾ നീക്കം ചെയ്യുന്ന പ്രക്രിയയും കുതിച്ചുയരുന്ന യുദ്ധ-സാധ്യതാ ഇൻഷുറൻസ് പ്രീമിയവും കാരണം ഈ ജലപാതയിലൂടെയുള്ള സാധാരണ ചരക്കുനീക്കം ഇനിയും വൈകുമെന്ന് എൽ.എസ്.ഇ.ജി ഓയിൽ റിസർച്ച് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ വില ഉയർത്തുന്നുണ്ടെങ്കിലും, ആഗോള വിതരണ മേഖലയിലെ മറ്റ് ചില ഘടകങ്ങൾ എണ്ണവിലയുടെ വലിയ കുതിപ്പിനെ തടഞ്ഞുനിർത്തുന്നുണ്ട്. അമേരിക്കൻ പെട്രോളിയം ഇൻസ്റ്റിറ്റ്യൂട്ടിന്റെ (API) കണക്കുകൾ പ്രകാരം, നവംബർ ആദ്യവാരത്തിൽ യു.എസ്. ക്രൂഡ് ഓയിൽ ശേഖരത്തിൽ 90 ലക്ഷം ബാരലിന്റെ വർദ്ധനവുണ്ടായി. കൂടാതെ, ആഗോള വിപണിയിൽ എണ്ണ വിതരണം ആവശ്യത്തിലധികം ഉണ്ടാകുമെന്ന് ജെ.പി. മോർഗൻ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ പ്രവചിക്കുന്നുണ്ടെങ്കിലും, ഒക്ടോബർ അവസാനം മുതൽ ഉക്രെയ്ൻ നടത്തുന്ന ഡ്രോൺ ആക്രമണങ്ങളിൽ റഷ്യയുടെ എണ്ണ ശുദ്ധീകരണ ശേഷിയുടെ ഏകദേശം 30% തകരാറിലായത് ആഗോള ഊർജ്ജ വിതരണത്തെ കൂടുതൽ സങ്കീർണ്ണമാക്കിയിട്ടുണ്ട്.
Content Highlights: Global oil prices surged from a two-month low as Brent crude reached $93.30 following tanker attacks near the Strait of Hormuz. Escalating Iran tensions and damaged Russian refining capacity outweighed rising US crude inventories. Shipping disruptions continue to threaten global energy supplies.




