International
ഊർജ്ജ വിപണിയിൽ ചരിത്രപരമായ നീക്കവുമായി പോളണ്ട്; ഖത്തറിന്റെ എൽ എൻ ജി വിതരണ കരാർ റദ്ദാക്കി ഓർലെൻ കമ്പനി
എന്നാല്‍ ഖത്തറുമായുള്ള രണ്ടാമത്തെ വാതക കരാര്‍ ഓര്‍ലെന്‍ റദ്ദാക്കിയിട്ടില്ല.
ദോഹ /വാര്‍സോ| മിഡില്‍ ഈസ്റ്റിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് വിതരണം തടസ്സപ്പെട്ട പശ്ചാത്തലത്തില്‍ ഖത്തറില്‍ നിന്നുള്ള ദീര്‍ഘകാല എല്‍ എന്‍ ജി വിതരണ കരാറുകളില്‍ ഒന്നില്‍ നിന്ന് പോളണ്ടിലെ പ്രമുഖ ഊര്‍ജ്ജ കമ്പനിയായ ഓര്‍ലെന്‍ (Orlen) പിന്മാറി. ഖത്തര്‍ എനര്‍ജിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു അന്താരാഷ്ട്ര ഉപഭോക്താവ് ദീര്‍ഘകാല കരാര്‍ റദ്ദാക്കുന്നത്. എന്നാല്‍ ഖത്തറുമായുള്ള രണ്ടാമത്തെ വാതക കരാര്‍ ഓര്‍ലെന്‍ റദ്ദാക്കിയിട്ടില്ല.
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ഖത്തറിലെ പ്രധാന എല്‍ എന്‍ ജി പ്ലാന്റായ റാസ് ലഫാന്‍ നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് തങ്ങള്‍ക്ക് നിയന്ത്രിക്കാനാകാത്ത സാഹചര്യങ്ങള്‍ കാരണം വിതരണം തടസ്സപ്പെടുന്ന ‘ഫോഴ്സ് മജൂര്‍’ ഖത്തര്‍ എനര്‍ജി പ്രഖ്യാപിച്ചു. മാസങ്ങളോളം വിതരണം പൂര്‍ണ്ണമായി മുടങ്ങിയ സാഹചര്യത്തിലാണ് 2034 വരെ കാലാവധിയുണ്ടായിരുന്ന കരാറില്‍ നിന്ന് പിന്മാറാന് പോളണ്ട് തീരുമാനിച്ചത്.
ക്രൂഡ് ഓയില്‍ വിലയുമായി ബന്ധിപ്പിച്ചിരുന്ന ആദ്യ കരാറാണ് ഓര്‍ലെന്‍ ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്. നിലവിലെ അന്താരാഷ്ട്ര വിപണി സാഹചര്യത്തില്‍ ഈ കരാര്‍ ഓര്‍ലെന്‍ വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതായിരുന്നു. പ്രതിവര്‍ഷം 10 ലക്ഷം ടണ്‍ എല്‍ എന്‍ ജി പോളണ്ടിന് നല്‍കേണ്ടിയിരുന്ന ഈ കരാറിന് ഈ വര്‍ഷം മാത്രം ഏകദേശം 570 മില്യണ്‍ യൂറോയുടെ മൂല്യമുണ്ടായിരുന്നു. വിതരണം മുടങ്ങിയത് കരാര്‍ നിയമപരമായി റദ്ദാക്കാന്‍ ഓര്‍ലെന്‍ അവസരമൊരുക്കി.
അതേസമയം, പ്രകൃതിവാതക വിപണിയിലെ വിലയെ അടിസ്ഥാനമാക്കിയുള്ള രണ്ടാമത്തെ ദീര്‍ഘകാല കരാര്‍ ഓര്‍ലെന്‍ തുടര്‍ന്നും നിലനിര്‍ത്തിയിട്ടുണ്ട്. നിലവിലെ വിപണി വിലയുമായി പൊരുത്തപ്പെടുന്നതിനാല്‍ ഈ കരാര്‍ കമ്പനിക്ക് ലാഭകരമാണ്. 2034 വരെ കാലാവധിയുള്ള ഈ രണ്ടാമത്തെ കരാര്‍ വഴി ഖത്തറില്‍ നിന്നുള്ള എല്‍ എന്‍ ജി ഇറക്കുമതി ഭാഗികമായി തുടരാന്‍ പോളണ്ടിന് സാധിക്കും.
ഈ പ്രധാന കരാര്‍ റദ്ദാക്കുന്നത് പോളണ്ടിന്റെ ആഭ്യന്തര വാതക സുരക്ഷയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ഓര്‍ലെന്‍ വ്യക്തമാക്കി. സ്വന്തം നിലങ്ങളിലെ വാതക ഉല്പാദനത്തിന് പുറമെ, അമേരിക്ക ,നോര്‍വേ തുടങ്ങിയ രാജ്യങ്ങളുമായി പോളണ്ടിന് ശക്തമായ പുതിയ വിതരണ കരാറുകളുണ്ട്. ഖത്തറുമായുള്ള തന്ത്രപരമായ ബന്ധം നിലനിര്‍ത്തിക്കൊണ്ടുതന്നെ തങ്ങളുടെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കാന്‍ ഓര്‍ലെന്‍ കഴിഞ്ഞിട്ടുണ്ട്.
Content Highlights: Poland’s energy company Orlen has canceled its first long-term LNG supply contract with Qatar Energy due to supply disruptions caused by Middle East tensions. A second price-indexed gas agreement remains active until 2034, ensuring domestic energy security.



