Connect with us

Uae

ആഗോള പണപ്പെരുപ്പം; ഗള്‍ഫ് രാജ്യങ്ങള്‍ ബേങ്ക് പലിശ വര്‍ധിപ്പിച്ചു, യു എ ഇയിലെ പുതുക്കിയ നിരക്ക് 3.15 ശതമാനം

യു എ ഇ, സഊദി അറേബ്യ, ഖത്വര്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ മുക്കാല്‍ ശതമാനവും കുവൈത്ത് കാല്‍ ശതമാനവുമാണ് പലിശ വര്‍ധിപ്പിച്ചത്.

Published

|

Last Updated

ദുബൈ | ആഗോള പണപ്പെരുപ്പം കണക്കിലെടുത്ത് ഗള്‍ഫ് രാജ്യങ്ങളിലെ സെന്‍ട്രല്‍ ബേങ്കുകള്‍ അടിസ്ഥാന പലിശ നിരക്ക് വര്‍ധിപ്പിച്ചു. യു എ ഇ, സഊദി അറേബ്യ, ഖത്വര്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ മുക്കാല്‍ ശതമാനവും കുവൈത്ത് കാല്‍ ശതമാനവുമാണ് വര്‍ധിപ്പിച്ചത്. വായ്പകള്‍ക്ക് കൂടുതല്‍ പലിശ നല്‍കേണ്ടി വരും. യു എസ് ഫെഡറല്‍ റിസര്‍വ് തുടര്‍ച്ചയായ മൂന്നാം തവണയും പലിശ നിരക്ക് വര്‍ധിപ്പിച്ചിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ സെന്‍ട്രല്‍ ബേങ്കുകളും ആനുപാതികമായി പലിശ നിരക്ക് വര്‍ധിപ്പിക്കുകയായിരുന്നു.

ഗള്‍ഫ് കറന്‍സികളുടെ മൂല്യം യു എസ് ഡോളറുമായി ബന്ധപ്പെടുത്തിയിട്ടുള്ളതിനാലാണ് പലിശ നിരക്ക് ഉയര്‍ത്തേണ്ടി വന്നത്. ആഗോള സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക സ്ഥിരത നിലനിര്‍ത്താനുള്ള നടപടിയായാണ് പലിശ നിരക്ക് വര്‍ധിപ്പിച്ചതിനെ സഊദി വിശേഷിപ്പിച്ചത്. മുക്കാല്‍ ശതമാനമാണ് സഊദി സെന്‍ട്രല്‍ ബേങ്ക് പലിശ നിരക്ക് കൂട്ടിയത്. ഇതോടെ രാജ്യത്തെ റിപ്പോ നിരക്ക് 3.75 ശതമാനത്തിലെത്തി.

യു എ ഇ സെന്‍ട്രല്‍ ബേങ്കും പലിശ നിരക്ക് മുക്കാല്‍ ശതമാനം വര്‍ധിപ്പിച്ചു. യു എ ഇയിലെ പുതുക്കിയ നിരക്ക് 3.15 ശതമാനമാണ്. സഊദിക്കും യു എ ഇക്കും സമാനമായി ബഹ്റൈനും മുക്കാല്‍ ശതമാനം പലിശ നിരക്ക് വര്‍ധിപ്പിച്ചു. ഇതോടെ ബഹ്റൈനില്‍ നാല് ശതമാനമായി പലിശ നിരക്ക്. ഖത്വറില്‍ പലിശ നിരക്ക് 3.75 ശതമാനത്തില്‍ നിന്ന് നാലര ശതമാനത്തിലേക്കാണ് വര്‍ധിച്ചത്.

അതേസമയം, കുവൈത്ത് സെന്‍ട്രല്‍ ബേങ്ക് കാല്‍ ശതമാനം മാത്രമാണ് നിരക്ക് കൂട്ടിയിരിക്കുന്നത്. ഇതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ ബേങ്ക് നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് കൂടും. എന്നാല്‍ വായ്പകള്‍ക്കും കൂടുതല്‍ പലിശ കൊടുക്കേണ്ടിവരുമെന്ന് സാമ്പത്തിക വിദഗ്ധര്‍ സൂചിപ്പിച്ചു.

 

Latest