Kerala
ആഗോള അയ്യപ്പ സംഗമം സര്‍ക്കാരിന്റെ കാപട്യം; ഉപയോഗപ്പെടുത്തുന്നത് രാഷ്ട്രീയ നേട്ടങ്ങള്‍ക്ക്: കെ സി വേണുഗോപാല്‍
മുഖ്യമന്ത്രിക്ക് നല്‍കിയ തുറന്ന കത്തിലാണ് വേണുഗോപാലിന്റെ ആരോപണങ്ങള്‍.
പമ്പ | ആഗോള അയ്യപ്പ സംഗമത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. വിശ്വാസ സംരക്ഷണമെന്ന പേരില്‍ നടത്തുന്ന സംഗമം സര്‍ക്കാരിന്റെ കാപട്യമാണെന്നും രാഷ്ട്രീയ നേട്ടങ്ങള്‍ക്കാണ് ഇത് ഉപയോഗപ്പെടുത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിക്ക് നല്‍കിയ തുറന്ന കത്തിലാണ് വേണുഗോപാല്‍ ആരോപണങ്ങളുന്നയിച്ചത്.
ശബരിമലയിലെ ആചാര ലംഘനത്തിനു നേതൃത്വം നല്‍കിയ മുഖ്യമന്ത്രി അയ്യപ്പ സംഗമത്തിനു ചുക്കാന്‍ പിടിക്കുന്നതിലെ രാഷ്ട്രീയ ലക്ഷ്യങ്ങളും ആത്മാര്‍ഥതയില്ലായ്മയും കേരള ജനതയ്ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് വിശ്വാസി സമൂഹവുമായി ചര്‍ച്ച നടത്താതെ, കോടതി വിധി നടപ്പാക്കാന്‍ മുതിര്‍ന്നത് സംസ്ഥാനത്ത് കലാപാന്തരീക്ഷം സൃഷ്ടിക്കാന്‍ ഇടയാക്കി. ഇത്തരം നടപടികള്‍ വിശ്വാസികളുടെ മനസ്സില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ട്. ആ വ്യക്തിതന്നെ ആചാര സംരക്ഷണത്തിനെന്ന പേരില്‍ അയ്യപ്പ സംഗമം നടത്തുന്നത് വിരോധാഭാസമാണെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി. യുവതീ പ്രവേശന സമത്ത് പ്രതിഷേധിച്ച ശബരിമല തന്ത്രിയെ അധിക്ഷേപിച്ച മുഖ്യമന്ത്രി ഇപ്പോഴെങ്കിലും മാപ്പുപറയാന്‍ തയ്യാറാകണം.
കേരള സമൂഹം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ പമ്പയിലേക്ക് കാലുകുത്താന്‍ മുഖ്യമന്ത്രിക്ക് കഴിയില്ല. പശ്ചാത്താപഭാരം കൊണ്ട് അദ്ദേഹം വിയര്‍ത്തു പോകും. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയില്‍ ഒരു തരത്തിലുള്ള പുരോഗതിയുമുണ്ടായിട്ടില്ല. കുടിവെള്ളം, പമ്പാ ശുചീകരണം, ഭക്തജനത്തിരക്ക് നിയന്ത്രണം, ഗതാഗത സംവിധാനം എന്നിവയിലെല്ലാം സര്‍ക്കാര്‍ അനാസ്ഥ നിലനില്‍ക്കുകയാണ്.
സി പി എമ്മിലെ ദേവസ്വം മന്ത്രിമാര്‍ അയ്യപ്പനെ കൈകൂപ്പി വണങ്ങാന്‍ തയ്യാറാകാത്ത് തന്നെ വിശ്വാസത്തോടുള്ള അനാദരവാണ്. വൈരുധ്യാത്മക ഭൗതികവാദത്തില്‍ നിന്നുമുള്ള സി പി എം വ്യതിചലിക്കുന്നതിന്റെ സൂചനയാണോ അയ്യപ്പ സംഗമമെന്നും നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ഇപ്പോഴത്തെ നിലപാട് മാറ്റുമോയെന്നും വേണുഗോപാല്‍ ചോദിച്ചു.




