Health
നൽകാം, ഹൃദയാരോഗ്യത്തിന് മുൻഗണന
സെപ്തംബർ 29 ലോക ഹൃദയദിനം
‘ദിൽ സേ ബഡാ കോയി സാത്തി നഹീം, ഇസേ സ്വസ്ഥ് രഖോ’
‘ഹൃദയത്തേക്കാൾ വലിയ ഒരു കൂട്ടുകാരനില്ല, അത് ആരോഗ്യത്തോടെ സൂക്ഷിക്കുക.’ ഈ വര്‍ഷത്തെ ഹൃദയദിന സന്ദേശത്തിന്‍റെ ഇന്ത്യന്‍ പതിപ്പാണിത്. ആരോഗ്യമുള്ള ഹൃദയം, സന്തോഷകരമായ ജീവിതം. ലോക ഹൃദയദിനത്തിൽ നിങ്ങളുടെ ഹൃദയത്തെ പരിപാലിക്കുക.
സപ്തംബർ 29 ലോകഹൃദയദിനമായി ലോകമെങ്ങും ആചരിക്കുന്നു.
ഈ വർഷത്തെ തീം ഹൃദയത്തിന്‍റെ പ്രവർത്തനത്തിനായി ജീവിതം ഉപയോഗിക്കുക” എന്നതാണ്. വ്യക്തികൾ അവരുടെ ഹൃദയാരോഗ്യത്തിന് മുൻഗണന നൽകേണ്ടതിൻ്റെ ആവശ്യകതയെ ഊന്നിപ്പറയുകയും ഹൃദ്രോഗങ്ങൾ തടയുന്നതിനുള്ള ശക്തമായ നടപടികൾ സ്വീകരിക്കാൻ ഭരണകൂടങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്നതാണ് ഈ ദിനത്തിന്‍റെ ലക്ഷ്യം.
ഹൃദയാരോഗ്യത്തിന് ആഗോള മുൻഗണന നൽകാനാണ് വേൾഡ് ഹാർട്ട് ഫെഡറേഷൻ ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഹൃദയാരോഗ്യത്തെ അഭിസംബോധന ചെയ്യാൻ പല രാജ്യങ്ങള്‍ക്കും ദേശീയ നയങ്ങൾ ഇല്ലെന്ന ഭയാനകമായ വസ്തുതയാണ് ഫെഡറേഷൻ ഉയർത്തിക്കാട്ടുന്നത്. ഇത് പരിഹരിക്കുന്നതിനായി ശക്തമായ ആരോഗ്യ നയങ്ങൾ വികസിപ്പിക്കാനും നടപ്പിലാക്കാനും നേതാക്കളെ പ്രേരിപ്പിക്കാൻ ഫെഡറേഷൻ ഒരു ആഗോള നിവേദനം ലോകത്തിന്‍റെ മുമ്പിലവതരിപ്പിക്കുന്നുണ്ട്.
ആരോഗ്യകരമായ ഭക്ഷണം, ആവശ്യത്തിനുള്ള വ്യായാമം, ജീവിതശൈലി രോഗങ്ങളെക്കുറിച്ചുള്ള ഉദ്ബോധനം എന്നിവയെല്ലാം ഈ നിവേദനത്തിലടങ്ങിയിരിക്കുന്നു. ഓർക്കുക, കൂട്ടായ ഓരോ ചെറിയ ചുവടും ലക്ഷ്യത്തിലേക്കടുപ്പിക്കുന്നു, കൂട്ടായ പ്രവർത്തനങ്ങള്‍ പോസിറ്റീവായ മാറ്റത്തിലേക്ക് നയിച്ചേക്കാം.
നമുക്ക് നമ്മുടെ ഹൃദയങ്ങളെ പരിപാലിക്കാം, ഹൃദയാരോഗ്യത്തിന് മുൻഗണന നൽകാം!