Ghulam Nabi's new political move
ഗുലാം നബി ആസാദ് പുതിയ ദേശീയ പാര്‍ട്ടി രൂപവത്ക്കരിക്കുന്നു
കശ്മീരിന്‍റെ അടുത്ത മുഖ്യമന്ത്രി ഗുലാം നബിയാകുമെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ്

ന്യൂഡല്‍ഹി കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച ഗുലാം നബി ആസാദ് പുതിയ ദേശീയ പാര്‍ട്ടി രൂപവത്ക്കരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ജമ്മു കശ്മീരില്‍ നിന്നുള്ള നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. പാര്‍ട്ടി രൂപവത്ക്കരണം സംബന്ധിച്ചാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. ഗുലാം നബി ആസാദിന് പിന്തുണയര്‍പ്പിച്ച ഏതാനും കശ്മീര്‍ എം എല്‍ എമാരും കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വിട്ടിരുന്നു. ഇവരുമായെല്ലാം അദ്ദേഹം ആശയ വിനിമയം നടത്തിയതായാണ് റിപ്പോര്‍ട്ട്. ജമ്മു കശമീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണ് പുതിയ പാര്‍ട്ടിയുടെ ലക്ഷ്യം. അഞ്ചാം തീയതി കശ്മീരില്‍ റാലി നടത്താന്‍ ഗുലാം നബി തീരുമാനിച്ചിട്ടുണ്ട്. ഈ റാലിയില്‍ പുതിയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കും.
ഗുലാം നബി ആസാദ് ജമ്മു കശ്മീരിന്റെ അടുത്ത മുഖ്യമന്ത്രിയാകുമെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് അമീന്‍ ഭട്ട് പ്രതികരിച്ചു. ഗുലാം നബിയുമായുള്ള കൂടിക്കാഴച്ചക്ക് ശേഷമാണ് മുന്‍ എം എല്‍ എ കൂടിയായ അമീന്‍ ഭട്ടിന്റെ പ്രതികരണം. ബി ജെ പിയുമായി തങ്ങള്‍ക്ക് ഒരുകൂട്ടുമില്ല. തങ്ങള്‍ ബി ജെ പിയുടെ ബി ടീം അല്ലെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ ഇന്നലെയാണ് ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടത്. അനുഭവ പരിചയമുള്ള നേതാക്കളെ മാറ്റി നിര്‍ത്തിയതും അനുഭവ പരിചയമില്ലാത്ത സഹയാത്രികരുടെ സ്വാധീനവുമാണ് പാര്‍ട്ടി വിടാന്‍ കാരണായി പ്രധാനമായും ചൂണ്ടിക്കാട്ടിയത്.