Bahrain
'ഒരുമയോടെ, കൂടുതല്‍ സുരക്ഷിതമായി'; ഗള്‍ഫ് മേഖലയുടെ സുരക്ഷ ശക്തമാക്കാന്‍ ജി സി സി
ജി സി സി അംഗരാജ്യങ്ങള്‍ക്കിടയിലുള്ള സംയുക്ത സുരക്ഷാ ഏകോപനം ഗണ്യമായി വര്‍ധിപ്പിക്കുന്നതിനും കൂട്ടായ പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും തീരുമാനം.
മനാമ | ജി സി സി (ഗള്‍ഫ് സഹകരണ കൗണ്‍സില്‍) രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ 43-ാമത് ഔദ്യോഗിക യോഗത്തിന് ബഹ്റൈന്‍ തലസ്ഥാനമായ മനാമയില്‍ ഉജ്ജ്വല സമാപനം. ഗള്‍ഫ് മേഖല നേരിടുന്ന പുതിയ സുരക്ഷാ വെല്ലുവിളികളുടെയും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന പ്രാദേശിക സാഹചര്യങ്ങളുടെയും പശ്ചാത്തലത്തിലാണ് നിര്‍ണായക സമ്മേളനം ചേര്‍ന്നത്. ഗള്‍ഫ് മേഖലയുടെ സമാധാനവും സ്ഥിരതയും നിലനിര്‍ത്തുന്നതിനും അപ്രതീക്ഷിതമായ അതിര്‍ത്തി കടന്നുള്ള ഭീഷണികളെ പ്രതിരോധിക്കുന്നതിനും പ്രാപ്തമായ സുരക്ഷാ സംവിധാനങ്ങള്‍ രൂപവത്കരിക്കുക എന്നതായിരുന്നു ഈ ഉന്നതതല യോഗത്തിന്റെ പ്രധാന ലക്ഷ്യം.
സമ്മേളനത്തില്‍, ജി സി സി അംഗരാജ്യങ്ങള്‍ക്കിടയിലുള്ള സംയുക്ത സുരക്ഷാ ഏകോപനം ഗണ്യമായി വര്‍ധിപ്പിക്കുന്നതിനും കൂട്ടായ പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും നിര്‍ണായക തീരുമാനമെടുത്തു. സുരക്ഷാ വിവരങ്ങളും തന്ത്രപരമായ വൈദഗ്ധ്യവും വേഗത്തിലും തടസ്സമില്ലാതെയും കൈമാറുന്നതിനായി വിപുലമായ ഡിജിറ്റല്‍ സംവിധാനങ്ങള്‍ വികസിപ്പിക്കേണ്ടതിന്റെ അടിയന്തര ആവശ്യകത മന്ത്രിമാര്‍ പ്രത്യേകം പരാമര്‍ശിച്ചു.
ബഹ്റൈന്‍ ആഭ്യന്തര മന്ത്രി ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സഊദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, കുവൈത്ത്, ഖത്വര്‍, ഒമാന്‍ എന്നീ രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാരും ഉയര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരും പങ്കെടുത്തു. ജി സി സി സെക്രട്ടറി ജനറല്‍ ജാസെം മുഹമ്മദ് അല്‍ ബുദൈവിയും ചര്‍ച്ചകളില്‍ സജീവമായി പങ്കാളിയായി. ഡിജിറ്റല്‍ സുരക്ഷാ സേവനങ്ങളുടെ സംയോജനം വേഗത്തിലാക്കാനും ഗള്‍ഫ് മേഖലയിലെ പ്രധാനപ്പെട്ട ദേശീയ സ്ഥാപനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുമുള്ള പദ്ധതികള്‍ പ്രതിനിധികള്‍ വിലയിരുത്തി.
സമ്മേളനത്തിന്റെ ഭാഗമായി ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് ജി സി സി ആഭ്യന്തര മന്ത്രിമാരുടെ സംഘവുമായി പ്രത്യേക കൂടിക്കാഴ്ച നടത്തുകയും സംയുക്ത ഗള്‍ഫ് സുരക്ഷാ നീക്കങ്ങള്‍ക്ക് തന്റെ പൂര്‍ണ പിന്തുണ അറിയിക്കുകയും ചെയ്തു. ഈ പ്രധാന യോഗത്തിന് മുന്നോടിയായി നവംബര്‍ ആദ്യവാരത്തില്‍ തന്നെ ജി സി സി രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറിമാരുടെ പങ്കാളിത്തത്തോടെയുള്ള വിപുലമായ തയ്യാറെടുപ്പ് യോഗങ്ങള്‍ മനാമയില്‍ പൂര്‍ത്തിയായിരുന്നു. ഈ മുന്നൊരുക്കങ്ങളാണ് അന്തിമ തീരുമാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും സമ്മേളനം വന്‍ വിജയമാക്കാനും വഴിയൊരുക്കിയത്.
Content Highlights: The Gulf Cooperation Council has decided to enhance joint security and defense measures across the region. Leaders emphasized unity and collective efforts to ensure stability and protect national interests. This initiative aims to address emerging regional challenges effectively.





