Editors Pick
സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രായം നല്‍കുന്ന കൗമാരക്കാരെ പൂട്ടാന്‍ മെറ്റ; പുതിയ എ ഐ പ്രായപരിശോധന ആഗോളതലത്തില്‍
ഇന്‍സ്റ്റാഗ്രാമില്‍ ആഗോളതലത്തില്‍ ഉപയോഗിച്ചു തുടങ്ങിയ സംവിധാനം ഫേസ്ബുക്കിലും ഈ വര്‍ഷാവസാനത്തോടെ ത്രെഡ്സിലും നടപ്പിലാക്കുമെന്ന് മെറ്റ
മെന്‍ലോ പാര്‍ക്ക് (കാലിഫോര്‍ണിയ) | സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ മുതിര്‍ന്നവരുടെ ജനന തിയതി നല്‍കി അക്കൗണ്ട് തുറക്കുന്ന കൗമാരക്കാരെ കണ്ടെത്താനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ ഐ) ഉപയോഗിച്ചുള്ള പ്രായപരിശോധന ആഗോളതലത്തില്‍ നടപ്പിലാക്കി മെറ്റ.
ഇന്‍സ്റ്റാഗ്രാമില്‍ ആഗോളതലത്തില്‍ ഉപയോഗിച്ചു തുടങ്ങിയ സംവിധാനം ഫേസ്ബുക്കിലും ഈ വര്‍ഷാവസാനത്തോടെ ത്രെഡ്സിലും നടപ്പിലാക്കുമെന്ന് കമ്പനി അറിയിച്ചു. ഉപയോക്താക്കള്‍ അക്കൗണ്ട് തുടങ്ങുമ്പോള്‍ ജനന തിയതിക്ക് പുറമെ പ്രൊഫൈലിലെ വിവരങ്ങള്‍ എ ഐ വിലയിരുത്തുന്നതാണ് പുതിയ രീതി. തെറ്റായ പ്രായമാണെന്ന് എ ഐ കണ്ടെത്തുന്ന അക്കൗണ്ടുകള്‍ നിയന്ത്രണങ്ങളുള്ള ടീന്‍ അക്കൗണ്ടുകളിലേക്ക് മാറ്റുകയോ നീക്കം ചെയ്യുകയോ ചെയ്യുമെന്ന് മെറ്റ അറിയിച്ചു. അപരിചിതര്‍ക്ക് സന്ദേശങ്ങള്‍ അയക്കുന്നതിനുള്ള വിലക്ക്, സമയപരിധി, രക്ഷിതാക്കളുടെ മേല്‍നോട്ടം തുടങ്ങിയവയാണ് ടീന്‍ അക്കൗണ്ടുകളുടെ പ്രത്യേകത.
അമേരിക്കയില്‍ 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് പകല്‍ സമയങ്ങളില്‍ രണ്ട് മണിക്കറും അര്‍ദ്ധരാത്രി മുതല്‍ പുലര്‍ച്ചെ ആറ് മണി വരെ രാത്രികാല കര്‍ഫ്യൂവും കമ്പനി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓസ്ട്രേലിയയില്‍ ഫോണ്‍ എടുക്കുമ്പോള്‍ തന്നെ പ്രായപരിധി സ്ഥിരീകരിക്കുന്ന ആപ്പിളിന്റെ സംവിധാനവുമായും ആപ്പ് സ്റ്റോറുകള്‍ വഴി ഉപയോക്താക്കളുടെ പ്രായം സ്ഥിരീകരിക്കുന്ന നിയമനിര്‍മ്മാണങ്ങളുമായും മെറ്റ സഹകരിക്കുന്നു.




