Connect with us

National

ഇന്ത്യന്‍ ഹോക്കി മുന്‍ താരം സോമയ്യയുടെ മോഷ്ടിക്കപ്പെട്ട മെഡലുകള്‍ തിരിച്ചുകിട്ടി; പ്രതികള്‍ അറസ്റ്റില്‍

ഒരു ഒളിമ്പിക് സ്വര്‍ണ മെഡല്‍, ഒരു വെള്ളി മെഡല്‍, രണ്ട് വെങ്കല മെഡലുകള്‍, സ്വര്‍ണാഭരണങ്ങള്‍, വെള്ളി വസ്തുക്കള്‍, 30,000 രൂപ എന്നിവയാണ് മോഷ്ടാക്കള്‍ കവര്‍ന്നിരുന്നത്.

Published

|

Last Updated

ബെംഗളൂരു | ഇന്ത്യന്‍ ഹോക്കി മുന്‍ താരവും ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവുമായ എം എം സോമയ്യയുടെ വസതിയില്‍ നിന്ന് മോഷ്ടിക്കപ്പെട്ട മെഡലുകള്‍ കണ്ടെത്തി. കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്ത ഇന്ദിരാനഗര്‍ പോലീസ് മോഷ്ടിക്കപ്പെട്ട മെഡലുകളും വിലപിടിപ്പുള്ള വസ്തുക്കളും കണ്ടെടുക്കുകയും ചെയ്തു. നിരവധി കേസുകളില്‍ പ്രതികളായ മാണിക്യ, ഭരത് എന്നിവരാണ് അറസ്റ്റിലായത്. കൊടഗ് ജില്ലയിലെ മടിക്കേരിയിലേക്ക് സോമയ്യ യാത്ര പോയ സമയത്താണ് പൂട്ടിയിട്ടിരുന്ന വീട്ടില്‍ മോഷ്ടാക്കള്‍ കയറിയത്.

ഒരു ഒളിമ്പിക് സ്വര്‍ണ മെഡല്‍, ഒരു വെള്ളി മെഡല്‍, രണ്ട് വെങ്കല മെഡലുകള്‍, സ്വര്‍ണാഭരണങ്ങള്‍, വെള്ളി വസ്തുക്കള്‍, 30,000 രൂപ എന്നിവയാണ് മോഷ്ടാക്കള്‍ കവര്‍ന്നതെന്ന് പോലീസ് അറിയിച്ചു. രാജ്യത്തെ പ്രതിനിധീകരിച്ച് ഹോക്കി ടൂര്‍ണമെന്റില്‍ പങ്കെടുത്തപ്പോള്‍ സോമയ്യ നേടിയ മെഡലുകളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.

സി സി ടി വി ദൃശ്യങ്ങള്‍ വഴി അറസ്റ്റ്
സോമയ്യയുടെ വീട്ടില്‍ സ്ഥാപിച്ചിരുന്ന സി സി ടി വി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചതാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായത്. ഒക്ടോബര്‍ 28-ന് പുലര്‍ച്ചെ 2.34-ഓടെ, വാതില്‍ തകര്‍ത്ത് രണ്ടുപേര്‍ വീടിനുള്ളിലേക്ക് കടക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. ഇതില്‍ ഒരാള്‍ നീല ഷര്‍ട്ടും മറ്റേയാള്‍ ചുവന്ന ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്.

സോമയ്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ദിരാനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി. തുടര്‍ന്ന് സി സി ടി വി ദൃശ്യങ്ങള്‍ ഉപയോഗിച്ച് പ്രതികളെ കണ്ടെത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നാല് മെഡലുകള്‍, 10 ഗ്രാം തൂക്കമുള്ള സ്വര്‍ണ വള, 144 ഗ്രാം ഭാരമുള്ള രണ്ട് വെള്ളി കപ്പുകള്‍, ആറ് വെള്ളി സ്പൂണുകള്‍, ഏകദേശം 80 ഗ്രാം ഭാരമുള്ള ഒരു വെള്ളി പാത്രം, മോഷ്ടിക്കപ്പെട്ട പണം എന്നിവ പോലീസ് കണ്ടെടുത്തു. കേസില്‍ തുടര്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.

Content Highlights:Bengaluru Police recovered former Indian hockey captain MM Somaya’s stolen 1980 Moscow Olympics gold medal and seven other honours. The burglary occurred at his Indiranagar residence while his family was away in Kodagu. Police arrested two habitual offenders in Ramanagara and returned all stolen valuables.

 

 

---- facebook comment plugin here -----

Latest