Connect with us

International

ഒഴിഞ്ഞുമാറാൻ സുരക്ഷിത ഇടമില്ലാതെ ഗസ്സ; ആക്രമണം ശക്തമാക്കി ഇസ്‌റാഈൽ

ഫലസ്തീനികൾക്ക് അഭയം നൽകുന്ന വീടുകളും അഭയാർത്ഥി ക്യാമ്പുകളും ഇസ്‌റാഈൽ സൈന്യം ബോംബാക്രമണം നടത്തി തകർക്കുകയാണ്.

Published

|

Last Updated

ഗസ്സ | തെക്കൻ ഗസ്സയിലും മധ്യ ഗസ്സയിലും ആക്രമണം കടുപ്പിച്ച് ഇസ്‌റാഈൽ സൈന്യം. യുദ്ധത്തിലെ ഏറ്റവും ശക്തമായ പോരാട്ടങ്ങളിലൂടെയാണ് ഗസ്സ ഇപ്പോൾ കടന്നുപോകുന്നത് . ഫലസ്തീനികൾക്ക് അഭയം നൽകുന്ന വീടുകളും അഭയാർത്ഥി ക്യാമ്പുകളും ഇസ്‌റാഈൽ സൈന്യം ബോംബാക്രമണം നടത്തി തകർക്കുകയാണ്. ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കാൻ സുരക്ഷിതമായ ഒരിടംപോലുമില്ലാത്ത അവസ്ഥയാണിപ്പോൾ ഗസ്സയിൽ.

ബുധനാഴ്ച്ച പുലർച്ചെ മുതൽ ഗസ്സയുടെ തെക്കൻ പ്രദേശമായ ഖാൻ യൂനിസിൽ ഇസ്‌റാഈൽ ടാങ്കുകൾ കനത്ത വ്യോമാക്രമണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. തെക്കൻ ഗസ്സയിലെ റഫയിൽ നിന്ന് നൂറുകണക്കിന് ആളുകൾ പ്രദേശം വിട്ടുപോകാൻ നിർബന്ധിതരാക്കിയിരിക്കുകയാണ്.

ഖാൻ യൂനിസിന്റെ കിഴക്കൻ പ്രദേശങ്ങളാണ് ഇസ്‌റാഈൽ ലക്ഷ്യം വെക്കുന്നതെന്ന് കരുതിയിരുന്നു. എന്നാൽ ഖാൻ യൂനിസ് നഗരം മുഴുവനും ഇപ്പോൾ കനത്ത ബോബാക്രമണത്തിനു വിധേയമായിരിക്കുകയാണ്. ഹമാസിന്റെ ശക്തികേന്ദ്രമായ ഖാൻ യൂനിസിൽ ഹമാസിന്റെ കൂടുതൽ നേതാക്കൾ നിലയുറച്ചതിനാൽ ഇവിടങ്ങളിൽ ആക്രമണം ശക്തമാക്കാനാണ് ഇസ്‌റാഈൽ നീക്കം.

സെൻട്രൽ ഗസ്സയിലെ ദേർ എൽ-ബാലയിൽ രാത്രി മുഴുവൻ തുടർച്ചയായ സ്ഫോടനങ്ങളും പീരങ്കി ഷെല്ലാക്രമണവും നിർത്താതെയുള്ള ഏറ്റുമുട്ടലുകളും ഉണ്ടായതായി കണക്കാക്കുന്നു. പരിക്കേറ്റ് ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. ഭക്ഷണങ്ങളുടെയും ലഭ്യത കുറവ് ഇവിടങ്ങളിൽ വർദ്ധിക്കുന്നു.

സെൻട്രൽ ഗസ്സയിലെ നുസ്റത്ത് അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ആറ് പേർ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുകയാണ്.

ഒക്ടോബർ 7 മുതൽ ഗസ്സയിൽ കുറഞ്ഞത് 16,248 ഫലസ്തീനികൾ കൊല്ലപ്പെട്ടതായാണ് കണക്കുകൾ. ഇവരിൽ ഏഴായിരത്തിലധികം പേർ കുട്ടികളും 250ൽ അധികം പേർ ആരോഗ്യപ്രവർത്തകരുമാണ്.

Latest