Connect with us

From the print

ഏറിയില്ല, കുറഞ്ഞുമില്ല

പാകിസ്താന്റെ എയർ ഡിഫൻസ് റഡാറുകൾ ലക്ഷ്യമിട്ടും ലാഹോറടക്കമുള്ള പ്രധാന കേന്ദ്രങ്ങളിലെ സൈനിക സംവിധാനങ്ങൾ തകർത്തും ഇന്ത്യൻ സൈനിക ശേഷിയുടെ കൃത്യതയും വേഗവും അടയാളപ്പെടുത്തുകയും ചെയ്തു.

Published

|

Last Updated

ന്യൂഡല്‍ഹി | സംഘര്‍ഷം വ്യാപിപ്പിക്കാനാണ് പാകിസ്താന്‍ ശ്രമിച്ചത്. ഓപറേഷന്‍ സിന്ദൂര്‍ ഏല്‍പ്പിച്ച ആഘാതം മറികടക്കാന്‍ 15 കേന്ദ്രങ്ങളില്‍ ആക്രമണത്തിന് മുതിര്‍ന്നു. ഇന്ത്യ അതിശക്തമായി ആ ഉദ്യമം തകര്‍ത്തെറിഞ്ഞു. പാക് മിസൈല്‍, ഡ്രോണുകള്‍ മിക്കവയും ആകാശത്ത് ഒടുങ്ങി. ഇന്റഗ്രേറ്റഡ് കൗണ്ടര്‍ യു എ എസ് ഗ്രിഡും എസ്- 400 വ്യോമ പ്രതിരോധ സംവിധാനവും സംരക്ഷണ വലയമൊരുക്കി. പാകിസ്താന്റെ എയര്‍ ഡിഫന്‍സ് റഡാറുകള്‍ ലക്ഷ്യമിട്ടും ലാഹോറടക്കമുള്ള പ്രധാന കേന്ദ്രങ്ങളിലെ സൈനിക സംവിധാനങ്ങള്‍ തകര്‍ത്തും ഇന്ത്യന്‍ സൈനിക ശേഷിയുടെ കൃത്യതയും വേഗവും അടയാളപ്പെടുത്തുകയും ചെയ്തു. ഇന്നലെ നടന്നതിനെ ഇങ്ങനെ ചുരുക്കാം.
ഓപറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാന്‍ ബുധനാഴ്ച വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യ നിലപാട് വ്യക്തമാക്കിയതാണ്. ഞങ്ങളുടെ പ്രതികരണം കൃത്യമായ ലക്ഷ്യങ്ങളോടെ, അളന്നു മുറിച്ചതാണ്. യുദ്ധമോ സൈനിക ആക്രമണ വ്യാപനമോ ഞങ്ങള്‍ ഉദ്ദേശിച്ചിട്ടില്ല. എന്നാല്‍ പാകിസ്താന്‍ ഈ വസ്തുത മനസ്സിലാക്കാതെയാണ് ഇന്നലെ പ്രതികരിച്ചത്. അത്കൊണ്ട് ഇന്ത്യക്ക് അതേ നാണയത്തില്‍ പ്രതികരിക്കേണ്ടി വന്നുവെന്ന് പുറപ്പെടുവിച്ച ഔദ്യോഗിക പ്രസ്താവനയില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു. പാക് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടത് എന്തിനെന്ന് വിശദീകരിക്കാനാണ് സൈന്യവും സര്‍ക്കാറും ശ്രമിച്ചത്. സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാനാണ് പദ്ധതിയെങ്കില്‍ തിരിച്ചടി മാരകമായിരിക്കുമെന്ന മുന്നറിയിപ്പും പ്രസ്താവന നല്‍കുന്നു.
07-08 രാത്രിയില്‍, അവന്തിപുര, ശ്രീനഗര്‍, ജമ്മു, പത്താന്‍കോട്ട്, അമൃത്സര്‍, കപൂര്‍ത്തല, ജലന്ധര്‍, ലുധിയാന, ആദംപൂര്‍, ഭട്ടിന്‍ഡ, ചണ്ഡീഗഢ്, നാല്‍, ഫലോഡി, ഉത്തര്‍ലൈ, ഭുജ് എന്നിവയുള്‍പ്പെടെ വടക്കന്‍, പടിഞ്ഞാറന്‍ ഇന്ത്യയിലെ നിരവധി സൈനിക ലക്ഷ്യങ്ങളില്‍ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് പാകിസ്താന്‍ ആക്രമണം നടത്താന്‍ ശ്രമിച്ചു. ഇന്റഗ്രേറ്റഡ് കൗണ്ടര്‍ യു എ എസ് ഗ്രിഡും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഇവ നിര്‍വീര്യമാക്കി. ഇതിന് പിറകേ ഇന്ത്യന്‍ സായുധ സേന പാകിസ്താനിലെ നിരവധി സ്ഥലങ്ങളിലെ വ്യോമ പ്രതിരോധ റഡാറുകളെയും സംവിധാനങ്ങളെയും ലക്ഷ്യം വച്ചു. ഏറിയും കുറഞ്ഞുമില്ല. പാകിസ്താന്റെ അതേ തീവ്രതയോടെയാണ് ഇന്ത്യയുടെ പ്രതികരണം.
ജമ്മു കശ്മീരിലെ കുപ്വാര, ബാരാമുല്ല, ഉറി, പൂഞ്ച്, മെന്ദാര്‍, രജൗരി മേഖലകളിലെ പ്രദേശങ്ങളില്‍ മോര്‍ട്ടാറുകളും കനത്ത കാലിബര്‍ പീരങ്കികളും ഉപയോഗിച്ച് പാകിസ്താന്‍ നിയന്ത്രണ രേഖക്ക് കുറുകെ പ്രകോപനമില്ലാതെ വെടിവെപ്പ് നടത്തി. പാക് വെടിവപ്പില്‍ മൂന്ന് സ്ത്രീകളും അഞ്ച് കുട്ടികളും ഉള്‍പ്പെടെ 16 നിരപരാധികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇതിനോടും ശക്തമായി പ്രതികരിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതമായി. സംഘര്‍ഷം രൂക്ഷമാകാതിരിക്കാനുള്ള പ്രതിബദ്ധത ഇന്ത്യന്‍ സായുധ സേന ആവര്‍ത്തിക്കുന്നു. അത് ബഹുമാനിക്കാന്‍ പാകിസ്താന്‍ തയ്യാറാകുമോയെന്ന ചോദ്യം ഉന്നയിച്ചാണ് പ്രസ്താവന അവസാനിക്കുന്നത്.