Connect with us

Uae

ദുബൈയിൽ ഫോൺ തട്ടിപ്പ് സംഘങ്ങൾ പിടിയിൽ

അറസ്റ്റിലായത് ബേങ്ക് ഉപഭോക്താക്കളെ കബളിപ്പിച്ച 13 ക്രിമിനലുകൾ

Published

|

Last Updated

ദുബൈ | ബേങ്ക് ഉപഭോക്താക്കളെ ഫോൺ വഴി കബളിപ്പിച്ച് പണം തട്ടിയ മൂന്ന് ക്രിമിനൽ സംഘങ്ങളെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു. 13 ഏഷ്യൻ വ്യക്തികൾ അടങ്ങുന്ന ഈ സംഘങ്ങൾ, പോലീസ്, ബേങ്ക് ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തിയാണ് കുറ്റകൃത്യം നടത്തിയത്. ബേങ്ക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യൽ, ട്രാഫിക് പിഴ അടയ്ക്കൽ, റെസിഡൻസി പ്രശ്‌നങ്ങൾ പരിഹരിക്കൽ തുടങ്ങിയവയുടെ പേരിൽ ഉപഭോക്താക്കളെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന്, ബേങ്ക് കാർഡ് വിശദാംശങ്ങളും ഒ ടി പിയും ചോർത്തി അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് പണം മോഷ്ടിച്ചു.

ദുബൈ പോലീസിന്റെ ആന്റി-ഫ്രോഡ് സെന്ററിന്റെ അന്വേഷണത്തിൽ, ഔദ്യോഗിക സ്ഥാപനങ്ങളോടുള്ള പൊതുജനങ്ങളുടെ വിശ്വാസം മുതലെടുത്താണ് തട്ടിപ്പുകാർ പ്രവർത്തിച്ചതെന്ന് വ്യക്തമായി. അത്യാധുനിക വഞ്ചനാ രീതികൾ ഉപയോഗിച്ച്, കാർഡിന്റെ സുരക്ഷാ നമ്പർ, ഒ ടി പി തുടങ്ങിയ രഹസ്യ വിവരങ്ങൾ ഇവർ ചോർത്തിയിരുന്നു.
വ്യക്തിഗത, ബേങ്കിംഗ് വിവരങ്ങൾ അപരിചിതരുമായി പങ്കിടരുതെന്നും ഫോൺ വഴി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെടുന്നവരോട് പ്രതികരിക്കരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകി. ബേങ്കുകൾ ഒരിക്കലും ടെക്സ്റ്റ്, ഇമെയിൽ, ഫോൺ എന്നിവ വഴി രഹസ്യ വിവരങ്ങൾ ആവശ്യപ്പെടില്ലെന്നും അധികൃതർ വ്യക്തമാക്കി.

കാസർകോട് സ്വദേശിക്ക് നഷ്ടമായത് ഒന്നര ലക്ഷം ദിർഹം

കഴിഞ്ഞ ദിവസം ടെലിഫോൺ തട്ടിപ്പിൽ ഷാർജയിൽ ബിസിനസ് നടത്തുന്ന കാസർകോട് സ്വദേശിക്ക് നഷ്ടമായത് ഒന്നര ലക്ഷം ദിർഹം. ഇന്ത്യൻ നമ്പറിൽ നിന്നാണ് ഇയാളെ മാർക്കറ്റിംഗ് പ്രമോഷനായി ബന്ധപ്പെട്ടത്. പ്രമോഷനിലൂടെ പണം നേടാമെന്ന് ബോധ്യപ്പെടുത്തിയ ഹാക്കർമാർ ആദ്യം ഇദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് 25 ദിർഹം അയച്ചു കൊടുത്തു. തുടർന്ന് ഇദ്ദേഹത്തിന്റെ ഫോൺ ഹാക്ക് ചെയ്യുകയും ഫോണിൽ ബന്ധിപ്പിക്കപ്പെട്ട പേഴ്‌സണൽ അക്കൗണ്ടും കമ്പനി അക്കൗണ്ടും ചോർത്തുകയുമായിരുന്നു. കമ്പനി അക്കൗണ്ടിലുണ്ടായിരുന്ന പണമാണ് കൊള്ളയടിച്ചത്. ഒ ടി പി ആവശ്യപ്പെടാത്ത തട്ടിപ്പ് രീതിയാണ് ഇപ്പോഴുള്ളത്. വിശ്വാസ്യത ഉണ്ടാക്കിയ ശേഷം സ്‌ക്രീൻ ഷോട്ട് ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. ഏതായാലും ബേങ്കിലും പോലീസിലും പരാതിപ്പെട്ട് കാത്തിരിക്കുകയാണ് ഇദ്ദേഹം.

അന്താരാഷ്ട്ര തലത്തിൽ മറ്റാരുടെയോ അക്കൗണ്ട് ഉപയോഗിച്ച് നടത്തുന്ന തട്ടിപ്പിന്റെ ചുരുളഴിയാൻ കടമ്പകൾ ഏറെയുള്ളതിനാൽ പണം തിരികെ കിട്ടുന്ന കാര്യത്തിൽ പ്രതീക്ഷ കുറവാണെന്ന് മനസ്സിലാകുന്നതായി അദ്ദേഹം പറഞ്ഞു. സമാനമായ നിരവധി കേസുകളാണ് ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

 

 

Latest