Connect with us

National

കോടതി ഉത്തരവ് ലംഘിച്ച് കുടിലുകള്‍ പൊളിച്ചു; ഡെപ്യൂട്ടി കലക്ടറെ തഹസില്‍ദാര്‍ സ്ഥാനത്തേക്ക് തരംതാഴ്ത്താന്‍ സുപ്രീം കോടതി നിര്‍ദേശം

അധികാരികള്‍ എത്ര ഉന്നതരായാലും കോടതികള്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകളെ ബഹുമാനിക്കാനും അനുസരിക്കാനും ബാധ്യസ്ഥരാണെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി | ഹൈക്കോടതി ഉത്തരവ് ലംഘിച്ച് കുടിലുകള്‍ ബലമായി പൊളിച്ചു മാറ്റിയ ഡെപ്യൂട്ടി കലക്ടറെ തഹസില്‍ദാര്‍ സ്ഥാനത്തേക്ക് തരംതാഴ്ത്താന്‍ നിര്‍ദേശവുമായി സുപ്രീം കോടതി. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ കുടിലുകള്‍ ബലമായി പൊളിച്ചു മാറ്റിയതിയ ഡെപ്യൂട്ടി കലക്ടറെ തരംതാഴ്ത്താനാണ് ആന്ധ്രാപ്രദേശ് സര്‍ക്കാറിന് സുപീം കോടതി നിര്‍ദേശം നല്‍കിയത്. തരംതാഴ്ത്തുന്നതിനൊപ്പം ഒരു ലക്ഷം രൂപ പിഴ അടക്കാനും ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കി.

ജസ്റ്റിസുമാരായ ബി ആര്‍ ഗവായിയും അഗസ്റ്റിന്‍ ജോര്‍ജ് മാസിഹും അടങ്ങുന്ന ബഞ്ചിന്റേതാണ് ഉത്തരവ്. അധികാരികള്‍ എത്ര ഉന്നതരായാലും കോടതികള്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകളെ ബഹുമാനിക്കാനും അനുസരിക്കാനും ബാധ്യസ്ഥരാണെന്ന് കോടതി ചൂണ്ടിക്കാണിച്ചു. കോടതി പുറപ്പെടുവിച്ച ഉത്തരവുകള്‍ അനുസരിക്കാതിരിക്കാതിരിക്കുന്നത് ജനാധിപത്യം അടിസ്ഥാനമാക്കിയുള്ള നിയമവാഴ്ചയുടെ അടിത്തറയെ തന്നെ ആക്രമിക്കുന്നതാണെന്നും ബഞ്ച് പറഞ്ഞു.

2023ലാണ് ഉദ്യോഗസ്ഥന് ഡെപ്യൂട്ടി കലക്ടര്‍ തസ്‌കതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. കോടതിയലക്ഷ്യ നടപടിക്കെതിരായ അപ്പീലുകള്‍ തള്ളിയ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവിനെതിരെ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയായിരുന്നു സുപ്രീം കോടതി ഇടപെടല്‍.

Latest