International
അഞ്ചിലൊന്ന് സ്ത്രീകളും ഏഴിലൊന്ന് പുരുഷന്മാരും 15 വയസ്സിന് മുന്നേ ലൈംഗികാതിക്രമത്തിന് ഇരകളായെന്ന് പഠന റിപ്പോർട്ട്
ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നത്.

ന്യൂഡൽഹി | ലോകത്ത് 20 വയസ്സും അതിൽ കൂടുതലുമുള്ള സ്ത്രീകളിൽ ഏകദേശം അഞ്ചിലൊരാളും പുരുഷന്മാരിൽ ഏഴിലൊരാളും 15 വയസ്സിലോ അതിനു മുൻപോ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് പഠന റിപ്പോർട്ട്. ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നത്.
അമേരിക്കയിലെ സിയാറ്റിലിലുള്ള വാഷിംഗ്ടൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷൻ (IHME) നടത്തിയ ഗവേഷണത്തിൽ, 67 ശതമാനം സ്ത്രീകളും 72 ശതമാനം പുരുഷന്മാരും 18 വയസ്സിന് മുമ്പേ ആദ്യ ലൈംഗികാതിക്രമണം നേരിട്ടതായി കണ്ടെത്തി. ഏകദേശം 42 ശതമാനം സ്ത്രീകളും 48 ശതമാനം പുരുഷന്മാരും തങ്ങളുടെ ആദ്യ ലൈംഗികാതിക്രമം 16 വയസ്സിന് മുൻപാണ് നടന്നതെന്ന് വെളിപ്പെടുത്തി. 8 ശതമാനം സ്ത്രീകളും 14 ശതമാനം പുരുഷന്മാരും 12 വയസ്സിന് മുൻപേ ലൈംഗികാതിക്രമം നേരിടേണ്ടി വന്നതായും വെളിപ്പെടുത്തിയായി പഠനത്തിൽ പറയുന്നു.
1990 – 2023 കാലയളവിലെ 204 സ്ഥലങ്ങളിലെ പ്രായം, ലിംഗഭേദം എന്നിവ അനുസരിച്ചുള്ള ഏറ്റവും പുതിയ ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് ഗവേഷണത്തിന്റെ വിശകലനത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പഠനം. ആളുകൾ ആദ്യമായി എപ്പോഴാണ് ഇത്തരത്തിലുള്ള അതിക്രമത്തിന് ഇരയായതെന്ന് പഠനം പരിഗണിച്ചു.
കുട്ടിക്കാലത്ത് ലൈംഗികാതിക്രമത്തിന് ഇരയായവർക്ക് വിഷാദം, ഉത്കണ്ഠ, മയക്കുമരുന്ന് ദുരുപയോഗം, ലൈംഗികമായി പകരുന്ന അണുബാധകൾ, ആസ്തമ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് IHMEയിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ലൂയിസ ഫ്ലോർ പറഞ്ഞു. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം അവരുടെ സാമൂഹിക വികസനം, വിദ്യാഭ്യാസ നേട്ടം, സാമ്പത്തിക വിജയം എന്നിവയെയും പ്രതികൂലമായി ബാധിക്കാം. അതിനാൽ, ഈ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിന് ഫലപ്രദമായ പ്രതിരോധ നടപടികളും സഹായ സംവിധാനങ്ങളും അടിയന്തിരമായി ആവശ്യമാണെന്നും അവർ വ്യക്തമാക്കി.