National
ഇന്ത്യ-പാക് സംഘർഷം: ഉത്തരേന്ത്യയിലെ 27 വിമാനത്താവളങ്ങൾ അടച്ചു, നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കി
ഇന്ത്യൻ എയർലൈൻ കമ്പനികൾ 430 വിമാനങ്ങൾ റദ്ദാക്കി

ന്യൂഡൽഹി | ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ച സാഹചര്യത്തിൽ ഉത്തരേന്ത്യയിലെയും പടിഞ്ഞാറൻ, മധ്യ ഇന്ത്യയിലെയും 27 വിമാനത്താവളങ്ങൾ നാളെ രാവിലെ 5:29 വരെ അടച്ചു. ഇന്ത്യൻ എയർലൈൻ കമ്പനികൾ 430 വിമാനങ്ങൾ റദ്ദാക്കി. ഇത് രാജ്യത്തെ മൊത്തം ഷെഡ്യൂൾ ചെയ്ത വിമാനങ്ങളുടെ 3 ശതമാനമാണ്. പാകിസ്ഥാനി വിമാനക്കമ്പനികൾ 147 വിമാനങ്ങളും റദ്ദാക്കി. പ്രതിദിന വ്യോമ ഗതാഗതത്തിൻ്റെ ഏകദേശം 17 ശതമാനമാണിത്.
ആഗോളതലത്തിലുള്ള വിമാനങ്ങളുടെ സഞ്ചാരം ട്രാക്ക് ചെയ്യുന്ന ഫ്ലൈറ്റ് റഡാർ 24 സർവീസിൻ്റെ റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയുടെ പടിഞ്ഞാറൻ ഇടനാഴി – കശ്മീർ മുതൽ ഗുജറാത്ത് വരെ – വ്യാഴാഴ്ച മിക്കവാറും സാധാരണ വിമാനങ്ങളില്ലാതെ ഒഴിഞ്ഞു കിടക്കുകയാണ്. നിരവധി വിമാനക്കമ്പനികൾ ഈ പ്രശ്നബാധിത പ്രദേശം ഒഴിവാക്കാൻ വേണ്ടി വിമാനങ്ങൾ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്യുകയാണ്.
ശ്രീനഗർ, ജമ്മു, ലേ, ചണ്ഡീഗഢ്, അമൃത്സർ, ലുധിയാന, പാട്യാല, ഭട്ടിൻഡ, ഹൽവാര, പത്താൻകോട്ട്, ഭുന്തർ, ഷിംല, ഗഗ്ഗൽ, ധർമ്മശാല, കിഷൻഗഢ്, ജയ്സാൽമീർ, ജോധ്പൂർ, ബിക്കാനീർ, മുന്ദ്ര, ജാംനഗർ, രാജ്കോട്ട്, പോർബന്തർ, കാണ്ട്‌ല, കേശോഡ്, ഭുജ്, ഗ്വാളിയോർ, ഹിൻഡൻ എന്നിവയാണ് അടച്ചിട്ട ഇന്ത്യൻ വിമാനത്താവളങ്ങളിൽ പ്രധാനപ്പെട്ടവ. സൈനിക ചാർട്ടറുകൾക്കായി ഉപയോഗിക്കുന്ന വിമാനത്താവളങ്ങളും അടച്ചിട്ടവയിൽ ഉൾപ്പെടുന്നു.
വിമാനങ്ങളുടെ സമയക്രമത്തിലെ മാറ്റങ്ങളെയും തടസ്സങ്ങളെയുംക്കുറിച്ച് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി എയർലൈൻ അധികൃതർ X പോലുള്ള സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ ഇട്ടിട്ടുണ്ട്. ശ്രീനഗർ, ജമ്മു, അമൃത്സർ, ലേ, ചണ്ഡീഗഢ്, ധർമ്മശാല, ബിക്കാനീർ, ജോധ്പൂർ, കിഷൻഗഢ്, രാജ്കോട്ട് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള തങ്ങളുടെ സർവീസുകൾ 2025 മെയ് 10 രാത്രി 11:59 വരെ റദ്ദാക്കിയതായി ഇൻഡിഗോ യാത്രക്കാരെ അറിയിച്ചു.
ജമ്മു, ശ്രീനഗർ, ലേ, ജോധ്പൂർ, അമൃത്സർ, ഭുജ്, ജാംനഗർ, ചണ്ഡീഗഢ്, രാജ്കോട്ട് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ വിമാനങ്ങൾ വ്യോമയാന അധികൃതരുടെ അറിയിപ്പിനെത്തുടർന്ന് മെയ് 10 രാവിലെ 05:29 വരെ റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു. ഈ കാലയളവിൽ യാത്ര ചെയ്യാൻ ടിക്കറ്റ് ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് റദ്ദാക്കിയ ടിക്കറ്റുകൾക്ക് മുഴുവൻ പണവും തിരികെ നൽകും. അല്ലെങ്കിൽ റീഷെഡ്യൂൾ ചെയ്യുന്നതിനുള്ള ചാർജിൽ ഒരു തവണ ഇളവ് നൽകുമെന്നും കമ്പനി അറിയിച്ചു.
ലേ, ശ്രീനഗർ, ജമ്മു, ധർമ്മശാല, കാണ്ട്‌ല & അമൃത്സർ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ 2025 മെയ് 10 രാവിലെ 05:29 വരെ റദ്ദാക്കിയതായി സ്പൈസ് ജെറ്റും അറിയിച്ചു.
ആകാശ എയർ ഏതൊക്കെ റൂട്ടുകളാണ് റദ്ദാക്കിയതെന്ന് വ്യക്തമാക്കിയിട്ടില്ല, എങ്കിലും യാത്രക്കാർ അവരുടെ ബുക്കിംഗ് വിവരങ്ങൾ ശ്രദ്ധയിൽ വെക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ (Bureau of Civil Aviation Security) നിർദ്ദേശപ്രകാരം വിമാനത്താവളങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയതിനാൽ, യാത്രക്കാർ ഫ്ലൈറ്റ് പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുൻപ് എയർപോർട്ടിൽ എത്തണമെന്ന് മിക്ക എയർലൈൻസുകളും അറിയിപ്പ് നൽകിയിട്ടുണ്ട്.