International
ഗസ്സ: ഇസ്‌റാഈല്‍ ആക്രമണത്തില്‍ 57 പേര്‍ കൊല്ലപ്പെട്ടു
100 മീറ്റര്‍ അകലത്തില്‍ രണ്ട് സ്ഥലങ്ങളില്‍ ഒരേസമയം രണ്ട് മിസൈലുകള്‍ തൊടുത്തു. ഒന്ന് റസ്റ്റോറന്റിനുള്ളിലും മറ്റൊന്ന് നഗരത്തിലും പതിച്ചു.

ഗസ്സ | ഗസ്സയില്‍ വീണ്ടും കൂട്ടക്കുരുതി നടത്തി ഇസ്‌റാഈല്‍. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മുതല്‍ നടത്തിയ ആക്രമണങ്ങളില്‍ 57 പേര്‍ കൊല്ലപ്പെട്ടു. സാധാരണക്കാരെ ലക്ഷ്യം വെച്ചാണ് ഇസ്‌റാഈല്‍ ആക്രമണം നടത്തിയതെന്ന് ഗസ്സാ ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഗസ്സാ നഗരത്തിലെ അല്‍-വഹ്ദ സ്ട്രീറ്റിലെ തായ്, പാല്‍മിറ റസ്റ്റോറന്റുകള്‍ക്ക് സമീപമുള്ള പ്രദേശം ലക്ഷ്യമിട്ടാണ് ഇസ്‌റാഈല്‍ ഡ്രോണ്‍ ആക്രമണം നടത്തിയത്. 100 മീറ്റര്‍ അകലത്തില്‍ രണ്ട് സ്ഥലങ്ങളില്‍ ഒരേസമയം രണ്ട് മിസൈലുകള്‍ തൊടുത്തു. ഒന്ന് റസ്റ്റോറന്റിനുള്ളിലും മറ്റൊന്ന് നഗരത്തിലും പതിച്ചു. ഈ ആക്രമണത്തിലാണ് 17 പേര്‍ കൊല്ലപ്പെട്ടത്. ഗസ്സാ നഗരത്തിലെ തൂഫക്കടുത്തുള്ള അല്‍-കറാമ സ്‌കൂള്‍ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ 13 പേരും വടക്കന്‍ മേഖലയിലെ ജബലിയയിലെ ഒരു വീടിനു നേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് പേരും കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. തെക്ക് ഖാന്‍ യൂനുസ് നഗരത്തിലുണ്ടായ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ എട്ട് പേര്‍ കൊല്ലപ്പെട്ടു. മധ്യ ഗസ്സാ മുനമ്പിലെ ദാര്‍ അല്‍- ബലായില്‍ താത്കാലിക ടെന്റിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു.
അതിനിടെ ബുറൈജ് അഭയാര്‍ഥി ക്യാമ്പിലെ സ്‌കൂളില്‍ ഈ ആഴ്ച ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ കാണാതായ നാല് പേരുടെ മൃതദേഹങ്ങള്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് കണ്ടെടുത്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. നിരന്തരം ആക്രമണം നടക്കുന്‌പോള്‍ ഫലസ്തീന്‍ ജനത അഭയത്തിനായി നെട്ടോട്ടമോടുകയായിരുന്നുവെന്ന് അല്‍ ജസീറയുടെ ഹാനി മഹ്മൂദ് റിപോര്‍ട്ട് ചെയ്തു. മാര്‍ച്ച് രണ്ട് മുതല്‍ അവശ്യസാധനങ്ങള്‍ക്ക് ഇസ്‌റാഈല്‍ ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഗസ്സാ മുനന്പില്‍ ഭക്ഷ്യക്ഷാമം രൂക്ഷമാണ്.