Connect with us

scam

വിദേശ പഠനം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ആല്‍ഫ മേരി സ്ഥാപന ഉടമ അറസ്റ്റില്‍

ആല്‍ഫ മേരി ഇന്റര്‍നാഷണല്‍ എജുക്കേഷന്‍ എന്ന സ്ഥാപനം സംസ്ഥാനത്തിനകത്തും പുറത്തും നിരവധിയാളുകളെ ഇത്തരത്തില്‍ വഞ്ചിച്ചതായാണ് പോലീസിന് ലഭിച്ച വിവരം.

Published

|

Last Updated

കല്‍പ്പറ്റ | വിദേശ സര്‍വകലാശാലകളില്‍ ഉപരിപഠനത്തിന് പ്രവേശനം നല്‍കാം എന്ന് വിശ്വസിപ്പിച്ച് സംസ്ഥാനത്ത് വിദ്യാര്‍ഥികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആല്‍ഫ മേരി ഇന്റര്‍നാഷണല്‍ എജുക്കേഷന്‍ എന്ന സ്ഥാപനത്തിന്റെ ഉടമ റോജര്‍ (40) വയനാട്ടില്‍ പിടിയില്‍. ബത്തേരി സ്വദേശിയായ ഡോക്ടറോട് സിങ്കപ്പൂരില്‍ ഉപരിപഠനത്തിന് പ്രവേശനം വാങ്ങി നല്‍കാം എന്ന് വിശ്വസിപ്പിച്ച് അഞ്ച് ലക്ഷം രൂപയും തലപ്പുഴ സ്വദേശിയോട് യു കെയില്‍ സീറ്റ് നല്‍കാം എന്ന് വിശ്വസിപ്പിച്ച് ഒമ്പത് ലക്ഷം രൂപയും വാങ്ങി പറ്റിച്ച കേസിലാണ് ഇയാള്‍ അറസ്റ്റിലായത്.

വയനാട് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഷജു ജോസഫും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആല്‍ഫ മേരി ഇന്റര്‍നാഷണല്‍ എജുക്കേഷന്‍ എന്ന സ്ഥാപനം സംസ്ഥാനത്തിനകത്തും പുറത്തും നിരവധിയാളുകളെ ഇത്തരത്തില്‍ വഞ്ചിച്ചതായാണ് പോലീസിന് ലഭിച്ച വിവരം. കേരളത്തില്‍ മാത്രം 23 ഓളം കേസുകള്‍ ഈ സ്ഥാപനത്തിന് എതിരെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഡല്‍ഹി, തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളില്‍ ബ്രാഞ്ചുകളുണ്ടെന്നാണ് അവകാശവാദം. എന്നാൽ, ഈ ഓഫീസുകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂട്ടി പോയതായി പോലിസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കുറ്റകൃത്യത്തില്‍ പങ്കാളികള്‍ ആയിട്ടുള്ളവരെ കുറിച്ചും സ്ഥാപനത്തില്‍ നിന്നും വിദ്യാര്‍ഥികളെ വിളിച്ചു ഭീഷണിപ്പെടുത്തിയ മറ്റു പ്രതികളെ കുറിച്ചും കൂടുതല്‍ അന്വേഷണം നടത്തി വരുകയാണെന്ന് പോലീസ് പറഞ്ഞു.

Latest