Connect with us

Kerala

വിവാഹം കഴിഞ്ഞു നാലുമാസം; റിഗ്ഗില്‍ അപകടത്തില്‍ മരിച്ച എഡ്വിനെ അവസാനമായൊന്നു കാണാന്‍ കാത്തിരുന്നു കുടുംബം

സഊദി അറേബ്യയില്‍ റിഗ്ഗില്‍ അപകടത്തില്‍പ്പെട്ട് മരിച്ച മകന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായം തേടുകയാണ് എറണാകുളം ചെല്ലാനം സ്വദേശികളായ വില്‍സണും റോസ്‌മേരിയും

Published

|

Last Updated

കൊച്ചി | എഡ്വിന്‍ ഗ്രേസിയസിന്റെ വിവാഹം കഴിഞ്ഞു നാലുമാസമേ ആയിരുന്നുള്ളൂ. പ്രിയതമയെ തനിച്ചാക്കി റിഗ്ഗില്‍ ജോലിക്കായിപ്പോയ ആ യുവാവ് ഇനി തിരികെ വരില്ലെന്ന വിവരം ലഭിച്ചു കഴിഞ്ഞു. അവസാനമായി ആ മുഖമൊന്നു കാണണമെന്ന ആഗ്രഹവുമായി കാത്തിരിക്കുകയാണ് അച്ഛനും അമ്മയും ഭാര്യയും ഉള്‍പ്പെടുന്ന കുടുംബം.

സഊദി അറേബ്യയില്‍ റിഗ്ഗില്‍ അപകടത്തില്‍പ്പെട്ട് മരിച്ച മകന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായം തേടുകയാണ് എറണാകുളം ചെല്ലാനം സ്വദേശികളായ വില്‍സണും റോസ്‌മേരിയും. ഖഫ്ജി സഫാനിയ ഓഫ്‌ഷോറില്‍ റിഗ്ഗില്‍ ജോലിചെയ്യവേയാണ് മൂത്തമകന്‍ എഡ്വിന്‍ ഗ്രേസിയസ് അപകടത്തില്‍ മരിച്ചത്. വിയോഗവാര്‍ത്തയെത്തി 19 ദിവസം പിന്നിട്ടിട്ടും മൃതദേഹം വിട്ടുകിട്ടിയിട്ടില്ല. സര്‍ക്കാരും സന്നദ്ധ സംഘടനകളും അടിയന്തരമായി ഇടപെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ് കുടുംബം.

സഊദിയുടെ ആയിരം കിലോമീറ്റര്‍ അപ്പുറത്ത് വെച്ചാണ് അപകടം നടന്നതെന്ന് അച്ഛന്‍ വില്‍സന്‍ പള്ളിക്കത്തൈയില്‍ പറഞ്ഞു. അപകട സമയത്ത് രണ്ടുപേരാണ് ഉണ്ടായിരുന്നത്. പെട്ടെന്ന് മകന് മാറിനില്‍ക്കാന്‍ കഴിഞ്ഞില്ലെന്നും രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും വില്‍സന്‍ പറഞ്ഞു. നാലുമാസം മുമ്പാണ് അവന്റെ വിവാഹം കഴിഞ്ഞത്. മകന്റെ മൃതദേഹം വിട്ടുകിട്ടാനായി കൊച്ചി എം എല്‍ എഹൈബി ഈഡനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഇടപെട്ടിരുന്നു. പക്ഷേ ഒന്നും നടന്നിട്ടില്ലെന്നും കുടുംബം പറഞ്ഞു.