International
അമേരിക്കയിലെ മിഷിഗണില്‍ പള്ളിയില്‍ ഞായറാഴ്ച പ്രാര്‍ത്ഥനക്കിടെ ആക്രമണം; നാലുപേര്‍ മരിച്ചു
ആക്രമണത്തിന് പിന്നാലെ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ അക്രമിയെ വെടിവെച്ച് കൊന്നു.

മിഷിഗണ്‍| അമേരിക്കയിലെ മിഷിഗണില്‍ പള്ളിയില്‍ ഞായറാഴ്ച പ്രാര്‍ത്ഥനക്കിടെ വെടിവെപ്പ്. ആക്രമണത്തില്‍ നാലു പേര്‍ മരിച്ചു. ഗ്രാന്‍ഡ് ബ്ലാങ്ക് ടൗണ്‍ഷിപ്പിലെ ചര്‍ച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റര്‍-ഡേ സെയിന്റ് പള്ളിയിലാണ് ആക്രമണമുണ്ടായത്. അക്രമി ട്രക്ക് ഇടിച്ചുകയറ്റിയ ശേഷം വെടിയുതിര്‍ക്കുകയും കെട്ടിടത്തിന് തീയിടുകയുമായിരുന്നു. 10 മിനിറ്റ് മാത്രം നീണ്ടുനിന്ന ഈ ആക്രമണത്തിന് പിന്നാലെ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ അക്രമിയെ വെടിവെച്ച് കൊന്നു.
ബര്‍ട്ടണ്‍ സ്വദേശിയായ തോമസ് ജേക്കബ് സാന്‍ഫോര്‍ഡ് (40) ആണ് ആക്രമണം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. 2004 മുതല്‍ 2008 വരെ യു എസ് സൈന്യത്തിന്റെ ഭാഗമായി ഇറാഖില്‍ സേവനമനുഷ്ഠിച്ച വ്യക്തിയാണ് തോമസ് ജേക്കബ് സാന്‍ഫോര്‍ഡ്. പള്ളിയില്‍ പ്രാര്‍ത്ഥന നടക്കുന്നതിനിടെ തോക്കുമായി അക്രമി പള്ളിക്കുള്ളിലേക്ക് വാഹനം ഇടിച്ചുകയറ്റി വെടിവച്ചെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
അക്രമി ട്രക്ക് പള്ളിയിലേക്ക് ഇടിച്ചുകയറ്റിയ ശേഷം റൈഫിള്‍ ഉപയോഗിച്ച് ആളുകള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. പിന്നാലെ കെട്ടിടത്തിന് തീയിടുകയും ചെയ്തു. സ്‌ഫോടനത്തിന് സമാനമായ ശബ്ദം കേട്ട ശേഷമാണ് വെടിവെപ്പ് ആരംഭിച്ചതെന്നാണ് ദൃക്സാക്ഷികള്‍ നല്‍കിയ വിവരം. വെടിയേറ്റ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. തോമസ് ജേക്കബ് സാന്‍ഫോര്‍ഡിന്റെ വീട്ടില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. അക്രമത്തിന്റെ കാരണം കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചു.