Connect with us

Prathivaram

കാൽപ്പാടുകൾ

Published

|

Last Updated

ഒരു വ്യക്തിയെ അടയാളപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് അദ്ദേഹത്തിൻ്റെ സുകൃതങ്ങളാണ്. എണ്ണിയാലൊടുങ്ങാത്ത അനേകം കഴിവുകളുടെ കേദാരമായ മനുഷ്യർ അവരവരുടെ ജീവിതം രേഖപ്പെടുത്തുന്നത് വ്യത്യസ്ത മേഖകളിലും രൂപത്തിലുമാണ്. ചുരുങ്ങിയ കാലത്തെ ജീവിതത്തിനിടയിൽ ലോകാവസാനം വരെ സ്മരിക്കപ്പെടുകയും പിൻതലമുറകൾ അനുധാവനം ചെയ്യപ്പെടുകയും അന്ത്യനാളിൽ വലിയ പ്രതിഫലത്തിന് ഹേതുവാകുകയും ചെയ്യുന്ന മഹത്കർമങ്ങൾ നടത്തിയ അനേകം വ്യക്തിത്വങ്ങൾ ചരിത്രത്തിലുണ്ട്.

മനുഷ്യജീവിതം ധന്യമാകുന്നത് സമ്പത്തുകൊണ്ടോ പ്രൗഢി കൊണ്ടോ അല്ല. മറിച്ച്, സ്രഷ്ടാവിനെ മനസ്സിലാക്കി അവനെ ആത്മാര്‍ഥമായി സ്നേഹിച്ച് അവൻ്റെ വിധിവിലക്കുകൾക്ക് പൂർണമായി വിധേയപ്പെട്ട് സമ്പൂർണ സമർപ്പണം നടത്തുമ്പോഴാണ് ജീവിതം സാർഥകമാകുന്നത്.
കടലിൽ പതിഞ്ഞ കാൽപ്പാടുകൾ പോലെ അടുത്ത തിരയിൽ മാഞ്ഞുപോകുന്ന നൈമിഷികമായ അടയാളപ്പെടുത്തലുകൾക്ക് ആയുസ്സുണ്ടാകില്ല. സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ജീവിച്ച ഖലീലുല്ലാഹി ഇബ്‌റാഹീം നബി(അ)യുടെ കാല്‍പ്പാടുകള്‍ പതിഞ്ഞ സ്ഥലങ്ങൾ നൂറ്റാണ്ടുകൾക്ക് ശേഷവും ജനങ്ങൾ ഓർക്കുകയും കഅബക്കരികിലെ മഖാമു ഇബ്‌റാഹീമില്‍ ഒരിടം നിസ്‌കാരസ്ഥാനത്തിന് മാറ്റിവെച്ചതും ത്വവാഫിനു ശേഷം അവിടെ വെച്ച് രണ്ട് റക്അത്ത് സുന്നത്ത് നിസ്‌കാരം പുണ്യമാക്കിയതും അവിടുത്തെ കാൽപ്പാദങ്ങളുടെ കരുത്താണ് കാണിക്കുന്നത്. “അതില്‍ സുവ്യക്തങ്ങളായ ദൃഷ്ടാന്തങ്ങളുണ്ട്. (വിശിഷ്യാ) ‘മഖാമു ഇബ്‌റാഹീം’ (ഇബ്‌റാഹീം നിന്ന സ്ഥലം) അവിടെ പ്രവേശിച്ചവന്‍ നിര്‍ഭയനായി.” (ആലു ഇംറാൻ: 97)

നന്മകളിലേക്കുള്ള നടത്തത്തിനും സഞ്ചാരത്തിനും വർധിച്ച പ്രതിഫലമുണ്ടെന്ന് തിരുവചനങ്ങളിലുണ്ട്. ബനൂസലമ ഗോത്രക്കാര്‍ മദീനാ മസ്ജിദിൻ്റെ സമീപത്തേക്ക് താമസം മാറ്റാനുള്ള ആഗ്രഹം തിരുനബി(സ്വ)യോട് പങ്കുവെച്ചപ്പോൾ അവിടുന്ന് ഇങ്ങനെ പ്രതിവചിച്ചു: “ബനൂസലമ ഗോത്രക്കാരെ, നിങ്ങളുടെ കാൽപ്പാടുകള്‍ (പള്ളികളിലേക്ക്‌ നടക്കുമ്പോഴുള്ള) രേഖപ്പെടുത്തപ്പെടും. നിങ്ങളുടെ വീടുകളില്‍ തന്നെ തുടരുക. നിങ്ങളുടെ കാലടികള്‍ രേഖപ്പെടുത്തപ്പെടും’. (ബുഖാരി).

വിശ്വാസികൾ എല്ലായ്പോഴും സക്രിയരാകണം. ഓരോരുത്തരും തന്നാലാകുന്നത് അന്ത്യശ്വാസം വരെ ചെയ്തുകൊണ്ടിരിക്കണം. ജീവിതാന്ത്യത്തിൽ പോലും കർമോത്സുകത കാണിക്കണമെന്നതാണ് മതത്തിൻ്റെ താത്പര്യം. അനസ്ബ്നു മാലിക്(റ) നിവേദനം ചെയ്യുന്നു. നബി(സ) പറഞ്ഞു : “അന്ത്യനാള്‍ ആസന്നമായിരിക്കെ നിങ്ങളിലാരുടെയെങ്കിലും കൈവശം വൃക്ഷത്തൈ ഉണ്ടെങ്കില്‍ സാധിക്കുമെങ്കിൽ നിങ്ങളത് നടുവിന്‍’ (അഹ്മദ്).
മനുഷ്യൻ്റെ ജന്മ ശത്രുവായ പിശാചിൻ്റെ ചതികളെ കരുതിയിരിക്കാനും അവൻ്റെ കാൽപ്പാടുകൾ പിന്തുടരാതിരിക്കാനും വിശുദ്ധ ഖുര്‍ആന്‍ നിരവധി സൂക്തങ്ങളിലൂടെ മുന്നറിയിപ്പ് നൽകുന്നുണ്ട്. അല്ലാഹു പറയുന്നു: “വിശ്വാസികളേ, നിങ്ങൾ ചെകുത്താൻ്റെ കാല്‍പ്പാടുകള്‍ പിന്തുടരരുത്. ചെകുത്താൻ്റെ കാല്‍പ്പാടുകള്‍ പിന്തുടരുന്നവനോട് അവന്‍ നീചവും നികൃഷ്ടവുമായ കാര്യങ്ങള്‍ മാത്രമായിരിക്കും കൽപ്പിക്കുക. നിങ്ങളുടെ മേല്‍ അല്ലാഹുവിൻ്റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍ നിങ്ങളില്‍ ഒരാളും ഒരിക്കലും സംസ്‌കൃതനാവുമായിരുന്നില്ല.’ (അന്നൂര്‍: 21) പിശാചിൻ്റെ കാല്‍പാടുകള്‍ അവനുണ്ടാക്കുന്ന പ്രേരണകളാണെന്ന് ഖുർആൻ വ്യാഖ്യാതാക്കള്‍ വിശദീകരിച്ചിട്ടുണ്ട്. മഹാനായ ഖതാദ(റ) പറയുന്നു: “എല്ലാ തെറ്റുകളും പിശാചിൻ്റെ കാല്‍പാടുകളാണ്.’

മഹാനായ ഇമാം ശാഫിഈ(റ)ൻ്റെ വാക്കുകൾ എത്ര കൃത്യം! “ചിലർ മരിച്ചിടുകയും അവർ തൻ ശ്രേഷ്ഠതകൾ മരിച്ചതുമില്ല, ചിലരിതാ മരിച്ചതിനൊക്കുമേ ജീവിച്ചിരിക്കലും.” (ദീവാനുശ്ശാഫിഈ)