Uae
സാറ്റലൈറ്റ് ഡിഷ് നിയമലംഘനങ്ങൾക്ക് 4,000 ദിർഹം വരെ പിഴ
ആവർത്തിച്ചുള്ള കുറ്റകൃത്യങ്ങൾക്ക് 4,000 ദിർഹം വരെയാണ് പിഴ.

അബൂദബി | സാറ്റലൈറ്റ് ഡിഷ് സ്ഥാപിക്കുന്നതിന് കർശന നിയമങ്ങൾ നടപ്പാക്കി അബൂദബി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട് വകുപ്പ് (ഡി എം ടി). 2012-ലെ നിയമം നമ്പർ 2 പ്രകാരം, അനുവദനീയമല്ലാത്ത രീതിയിൽ സാറ്റലൈറ്റ് ഡിഷുകൾ സ്ഥാപിക്കുന്നത് ശിക്ഷാർഹമാണെന്ന് അധികൃതർ പറഞ്ഞു.
മേൽക്കൂരകൾ, ബാൽക്കണികൾ, ചുവരുകൾ എന്നിവയുടെ ദൃശ്യഭംഗി നശിപ്പിക്കുന്ന ആദ്യ ലംഘനത്തിന് 1,000 ദിർഹം മുതൽ പിഴ ഈടാക്കും. ആവർത്തിച്ചുള്ള കുറ്റകൃത്യങ്ങൾക്ക് 4,000 ദിർഹം വരെയാണ് പിഴ.
മേൽക്കൂരകളിലും ബാൽക്കണികളിലും അനാവശ്യ വസ്തുക്കൾ, പഴയ ഫർണിച്ചറുകൾ, നിർമാണ അവശിഷ്ടങ്ങൾ എന്നിവ സൂക്ഷിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഈ ലംഘനങ്ങൾക്ക് 500 ദിർഹം മുതൽ 2,000 ദിർഹം വരെ പിഴ ഈടാക്കും. അനധികൃത ഫ്ലെയറുകളോ പോസ്റ്ററുകളോ സ്ഥാപിക്കുന്നതിന് 1,000 മുതൽ 4,000 ദിർഹം വരെ പിഴ ചുമത്തും.
നഗരത്തിന്റെ ദൃശ്യഭംഗി തകർക്കുന്ന നീക്കങ്ങൾ നടത്താതിരിക്കാനും അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് ഒഴിവാക്കാനും നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാനും ഡി എം ടി ആവശ്യപ്പെട്ടു. വൃത്തിയും സുരക്ഷിതവും നിലനിർത്താൻ പിഴ നടപടികൾക്കൊപ്പം ബോധവത്കരണ ക്യാമ്പയിനുകളും ശക്തിപ്പെടുത്തുമെന്ന് അധികൃതർ വ്യക്തമാക്കി.