Connect with us

bombs found in school

ശുചീകരണത്തിനിടെ സ്‌കൂളിൽ നാടൻ ബോംബുകൾ കണ്ടെത്തി

ബക്കറ്റിൽ സൂക്ഷിച്ച നിലയിലായിരുന്നു അടുത്ത കാലത്ത് നിർമിച്ചതെന്ന് കരുതുന്ന ബോംബുകൾ ഒളിപ്പിച്ചുവെച്ചത്

Published

|

Last Updated

ഇരിട്ടി (കണ്ണൂർ) | സ്‌കൂൾ തുറക്കുന്നതിന്റെ ഭാഗമായുള്ള ശുചീകരണത്തിനിടയിൽ നാടൻ ബോംബുകൾ കണ്ടെത്തി. ആറളം ഗവ. യു പി സ്‌കൂളിന്റെ പെൺകുട്ടികൾ ഉപയോഗിക്കുന്ന ശൗചാലയത്തിലാണ് ഉഗ്രശേഷിയുളള രണ്ട് നാടൻ ബോംബുകൾ കണ്ടെത്തിയത്. ബക്കറ്റിൽ സൂക്ഷിച്ച നിലയിലായിരുന്നു അടുത്ത കാലത്ത് നിർമിച്ചതെന്ന് കരുതുന്ന ബോംബുകൾ
ഒളിപ്പിച്ചുവെച്ചത്.

സ്‌കൂളിലെ പാചക തൊഴിലാളിയായ നാരായണി ബാത്ത് റൂം വൃത്തിയാക്കുന്നതിനിടയിലാണ് പ്ലാസ്റ്റിക് ബക്കറ്റിൽ ബോംബ് കണ്ടത്. ആദ്യം തേങ്ങയാണെന്ന് കരുതി തൊട്ടുനോക്കി.
കൂടുതൽ സംശയം തോന്നിയതോടെ അധ്യാപകരെയും നാട്ടുകാരെയും വിവരം അറിയിച്ചു.
സ്‌കൂൾ തുറക്കുന്നതിന്റെ ഭാഗമായി അധ്യാപകരും രക്ഷിതാക്കളും സ്‌കൂളിലും പരിസര പ്രദേശങ്ങളിലും ശുചീകര പ്രവർത്തനങ്ങളിലായിരുന്നു.

ആറളം എസ് ഐ വി വി ശ്രീജേഷിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി ബോംബാണെന്ന് ഉറപ്പു വരുത്തി. കണ്ണൂരിൽ നിന്ന് ബോംബ് സ്‌ക്വാഡ് എസ് ഐ അജിത്തിന്റെ നേതൃത്വത്തിൽ ബോംബുകൾ പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്തെ ചെങ്കൽ ക്വാറിയിൽ എത്തിച്ച് നിർവീര്യമാക്കി.

സ്‌കൂൾ ശൗചാലയ പരിസരം തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കാടുകൾ വെട്ടിത്തെളിച്ച് ശുചീകരിച്ചിരുന്നു. ബോംബ് കണ്ടെത്തിയ സംഭവം നാട്ടുകാരിലും രക്ഷിതാക്കളിലും ഭീതി പരത്തിയിരിക്കുകയാണ്.