Connect with us

Kuwait

കുവൈത്തില്‍ 15 മാസത്തിനിടെ സൈബര്‍ തട്ടിപ്പിലൂടെ നഷ്ടമായത് അഞ്ചു കോടി ദിനാര്‍

15 മാസത്തിനിടയില്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ ഏകദേശം 20,000 പേര്‍ സൈബര്‍ തട്ടിപ്പിന് ഇരയായി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ കഴിഞ്ഞ 15 മാസങ്ങള്‍ക്കിടയില്‍ ഓണ്‍ലൈന്‍ തട്ടിപ്പു വഴി സ്വദേശികള്‍ക്കും വിദേശികള്‍ക്കും നഷ്ടമായത് ഏകദേശം അഞ്ച് കോടി ദിനാര്‍. സൈബര്‍ സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം. ഇതില്‍ 3.8 കോടി ദിനാര്‍ കഴിഞ്ഞ വര്‍ഷവും 1.2 കോടി ദിനാര്‍ ഈ വര്‍ഷാരംഭം മുതല്‍ ഇതുവരെയുമാണ് നഷ്ടമായത്.

15 മാസത്തിനിടയില്‍ ഇത്തരത്തില്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ ഏകദേശം 20,000 പേര്‍ സൈബര്‍ തട്ടിപ്പിന് ഇരയായി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും പ്രായമായവരും സാങ്കേതികവിദ്യാ മേഖലയില്‍ വേണ്ടത്ര പരിജ്ഞാനമില്ലാത്തവരുമാണ്. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സുരക്ഷക്ക് വന്‍ ഭീഷണിയായി മാറിയിരിക്കുകയാണ് സൈബര്‍ തട്ടിപ്പു സംഘങ്ങള്‍ എന്നും ഇവരുടെ കെണിയില്‍ വീഴാതിരിക്കാന്‍ വിവര സാങ്കേതിക രംഗത്ത് സ്വയം ബോധവാന്മാരാകണമെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കുന്നു.

ഓണ്‍ലൈന്‍ മേഖലയില്‍ കൃത്രിമ ബുദ്ധി ആപ്ലിക്കേഷനുകള്‍ വ്യാപമായതോടെ സൈബര്‍ കുറ്റാന്വേഷണ വിഭാഗം വലിയ വെല്ലുവിളിയാണ് നേരിടുന്നത്. സര്‍ക്കാര്‍-സ്വകാര്യ മേഖലാ സ്ഥാപനങ്ങളില്‍ സൈബര്‍ സുരക്ഷ വര്‍ധിപ്പിക്കുക, സുരക്ഷാ രംഗത്ത് സഹകരണം ശക്തിപ്പെടുത്തുക, സൈബര്‍ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് സാമൂഹിക അവബോധം വളര്‍ത്തുക എന്നിങ്ങനെ സൈബര്‍ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും സുരക്ഷാ സൂചകങ്ങള്‍ ഉയര്‍ത്തുന്നതിനുമുള്ള വിവര സുരക്ഷാ സാങ്കേതിക വിദ്യകളും സംവിധാനങ്ങളും വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും അധികൃതര്‍ ഊന്നിപ്പറയുന്നു.

സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഇരകളാക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും പ്രായമായവരാണ്. ഇലക്ട്രോണിക് തട്ടിപ്പ് രംഗത്ത് ആഗോളതലത്തില്‍ ഉപയോഗിക്കുന്ന പ്രൊഫഷണല്‍ രീതികളെ നേരിടാന്‍ ഇവര്‍ക്കുള്ള സാങ്കേതിക ജ്ഞാനത്തിന്റെ അഭാവമാണ് ഇതിനു കാരണം. വാട്‌സാപ്പ് സന്ദേശങ്ങളും അജ്ഞാത കോളുകളും ലിങ്കുകളും ഉപയോഗിച്ചു കൊണ്ടാണ് തട്ടിപ്പു സംഘങ്ങള്‍ പ്രായമായവരെ ഇരകളാക്കുന്നത്.

അപകടകരമായ റിമോട്ട് കണ്‍ട്രോള്‍ ആപ്ലിക്കേഷനുകളുടെ ഉപയോഗം അറിയാതെ, സ്മാര്‍ട്ട് ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇവ വിദൂരതയില്‍ നിന്ന് മറ്റൊരാളുടെ മൊബൈല്‍ ഫോണിന്റെ ഉള്ളടക്കത്തിലേക്ക് പൂര്‍ണമായി പ്രവേശിക്കുവാന്‍ പ്രാപ്തിയുള്ളതാണ്. അതുപോലെ സുരക്ഷാ ഉദ്യോഗസ്ഥര്‍, ബാങ്ക് അധികൃതര്‍ എന്നിങ്ങനെ പരിചയപ്പെടുത്തി എത്തുന്ന ഫോണ്‍ കോളുകളിലും ജാഗ്രത പാലിക്കണം. കുവൈത്തിലെ ഏതെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരോ ബാങ്ക് ഉദ്യോഗസ്ഥരോ ഉപഭോക്താവിന്റെ ബാങ്ക് ഡാറ്റ നല്‍കുവാനോ മറ്റോ ആവശ്യപ്പെട്ടു കൊണ്ട് ആര്‍ക്കും ഫോണ്‍ ചെയ്യുകയോ സന്ദേശങ്ങള്‍ അയക്കുകയോ ചെയ്യാറില്ല. ബേങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആരോടും വെളിപ്പെടുത്തരുത്. KNET വഴി പണമിടപാടുകള്‍ നടത്തുന്നതിന് മുമ്പ് ഓരോ ലിങ്കുകളും സൂക്ഷ്മമായി പരിശോധിച്ച് അവ വ്യാജമല്ലെന്ന് ഉറപ്പ് വരുത്തണമെന്നും സൈബര്‍ സുരക്ഷാ അധികൃതര്‍ പറയുന്നു.

 

Latest