International
ബഹ്റൈനില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം സഊദിയിലെത്തി
കിംഗ് ഫഹദ് കോസ് വേ വഴിയെത്തിയത് 1,200 തീര്‍ഥാടകര്‍

റിയാദ്/ മനാമ | ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മങ്ങളില്‍ പങ്കടുക്കുന്നതിന് ബഹ്റൈനില്‍ നിന്നുള്ള ആദ്യ സംഘം സഊദിയിലെത്തി. ആദ്യ ദിവസം കിംഗ് ഫഹദ് കോസ് വേ വഴി 1,200 തീര്‍ഥാടകരാണെത്തിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ തീര്‍ഥാടകര്‍ കോസ്വേ കടന്ന് സഊദിയിലെത്തിച്ചേരുമെന്ന് ബഹ്റൈന്‍ ഹജ്ജ് മിഷന്‍ വ്യക്തമാക്കി. പ്രഥമ ഹജ്ജ് സംഘത്തെ കിഴക്കന്‍ പ്രവിശ്യയിലെ ഇസ്ലാമിക കാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഊഷ്മളമായി സ്വീകരിച്ചു.
തീര്‍ഥാടകരുടെ പ്രവേശന നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി നൂതന സാങ്കേതിക ഉപകരണങ്ങളും ഉദ്യോഗസ്ഥരെയും സജ്ജമാക്കിയെന്ന് സഊദി പാസ്സ്പോര്‍ട്ട് മന്ത്രാലയം അറിയിച്ചു. കിംഗ് ഫഹദ് കോസ്വേ ക്രോസ്സിംഗിലെ ആരോഗ്യ നിരീക്ഷണ കേന്ദ്രം സഹോദര രാജ്യത്തില്‍ നിന്ന് എത്തുന്ന അതിഥികള്‍ക്ക് ആരോഗ്യ, പ്രതിരോധ സേവനങ്ങളും നല്‍കുന്നുണ്ടെന്ന് കിഴക്കന്‍ പ്രവിശ്യാ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി,
തീര്‍ഥാടകര്‍ക്ക് ഹജ്ജ് യാത്രയില്‍ ആചാരങ്ങള്‍ അനുഷ്ഠിക്കുമ്പോള്‍ പാലിക്കേണ്ട ആരോഗ്യ രീതികളെക്കുറിച്ച് ആരോഗ്യ അവബോധം വളര്‍ത്തുകയെന്നതാണ് ‘ആരോഗ്യമുള്ള ഹജ്ജ്’ കാമ്പ്യയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് കിംഗ് ഫഹദ് കോസ്വേ ഹെല്‍ത്ത് മോണിറ്ററിംഗ് സെന്ററിലെ ടെക്നിക്കല്‍ സൂപര്‍വൈസര്‍ ഡോ. മുഹമ്മദ് അല്‍ ഷഹ്റാനി പറഞ്ഞു. ഹജ്ജ് കര്‍മങ്ങളുടെ സുഗമവും സുരക്ഷിതവുമായ നിര്‍വഹണം ഉറപ്പാക്കാന്‍ ബഹ്റൈന്‍ ഹജ്ജ് മിഷനും സഊദി അറേബ്യയിലെ ബന്ധപ്പെട്ട അധികാരികളും പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ബഹ്റൈന്‍ ഹജ്ജ്, ഉംറ കാര്യങ്ങളുടെ സുപ്രീം കമ്മിറ്റി എല്ലാ തീര്‍ഥാടകരോടും ആഹ്വാനം ചെയ്തു.