Connect with us

indian citizenship

പോരാടുന്നവരും വലിച്ചെറിയുന്നവരും

മറ്റ് നാടുകളിലേക്ക് കുടിയേറുകയും അവിടങ്ങളിൽ പൗരത്വം നേടി ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുകയും ചെയ്യുന്നവരുടെ എണ്ണം ഓരോ വർഷവും ക്രമാതീതമായി കൂടി വരുന്നതായാണ് കേന്ദ്ര സർക്കാർ രേഖകൾ വ്യക്തമാക്കുന്നത്. ഇത് ക്രമേണ ഇന്ത്യയുടെ കഴിവുറ്റ മനുഷ്യ വിഭവ ശേഷി നഷ്ടപ്പെടാനിടയാക്കിയേക്കും. പഠിക്കാനും ജോലിക്കും സന്ദർശനത്തിനുമൊക്കെ പോകുന്ന നിപുണർ തിരിച്ചു വരാതിരിക്കുന്നത് രാജ്യത്തിന് ഭീമമായ നഷ്ടമാണ്.

Published

|

Last Updated

രു ഭാഗത്ത് ജനങ്ങൾ പൗരത്വത്തിനായി പോരാടുകയും പ്രക്ഷോഭം നടത്തുകയും ചെയ്യുമ്പോൾ മറുഭാഗത്ത് പൗരത്വം ഉപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധന. 2022ൽ മാത്രം 2,25,620 പേരാണത്രെ ഇന്ത്യൻ പൗരത്വം വേണ്ടെന്ന് വെച്ചത്! മറ്റ് നാടുകളിലേക്ക് കുടിയേറുകയും അവിടങ്ങളിൽ പൗരത്വം നേടി ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുകയും ചെയ്യുന്നവരുടെ എണ്ണം ഓരോ വർഷവും ക്രമാതീതമായി കൂടി വരുന്നതായാണ് കേന്ദ്ര സർക്കാർ രേഖകൾ വ്യക്തമാക്കുന്നത്. ഇത് ക്രമേണ ഇന്ത്യയുടെ കഴിവുറ്റ മനുഷ്യ വിഭവ ശേഷി നഷ്ടപ്പെടാനിടയാക്കിയേക്കും. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ വ്യാഴാഴ്ച രാജ്യസഭയിൽ വെച്ച കണക്ക് പ്രകാരം 12 വർഷത്തിനിടയിൽ അഥവാ 2011 മുതൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത് 16,63,440 പേരാണ്. 2011ൽ 1,22,819 പേരായിരുന്നു പൗരത്വം ഉപേക്ഷിച്ചതെങ്കിൽ ഓരോ വർഷവും ക്രമാനുഗതമായി വർധിച്ച് 2021ൽ 1,63,370 പേരും ഒടുവിൽ 2022ൽ 2,25,620 പേരുമായി. കൊറോണ കാലഘട്ടമായ 2020ൽ മാത്രമാണ് നാടുവിടുന്നവരിൽ കുറവനുഭവപ്പെട്ടത്.

യു എസ്, ആസ്്ത്രേലിയ, കാനഡ, എന്നിവയാണ് സ്ഥിരതാമസത്തിന് ആളുകൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന രാജ്യങ്ങൾ. ബ്രിട്ടൻ, ഇറ്റലി, ന്യൂസിലാൻഡ്, സിംഗപ്പൂർ എന്നീ രാജ്യങ്ങൾ പിന്നാലെ വരുന്നു. ഇന്ത്യയേക്കാൾ ദരിദ്ര രാജ്യങ്ങളായ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്ക് വരെ പൗരന്മാർ ചേക്കേറുന്നുണ്ടത്രേ. ഓസ്ട്രേലിയയിൽ 23,533 ഇന്ത്യൻ പൗരന്മാർ താമസിക്കുന്നുണ്ട്, കാനഡ (21,597), ബ്രിട്ടൻ (14,637), ഇറ്റലി (5,987), ന്യൂസിലാൻഡ് (2,643), സിംഗപ്പൂർ (2,516) എന്നിങ്ങനെയാണ് കണക്ക്. കഴിഞ്ഞ വർഷം 78,284 ഇന്ത്യക്കാരാണ് യുഎസ് പൗരത്വം സ്വീകരിച്ചത്. 2020ൽ 30,828 പേരും 2019ൽ 61,683 പേരുമാണ് ഇന്ത്യൻ പൗരത്വമുപേക്ഷിച്ച് യുഎസിലേക്ക് ചേക്കേറിയത്. പാക്കിസ്താനിൽ താമസമാക്കിയ 41 ഇന്ത്യൻ വംശജരും കഴിഞ്ഞ വർഷം ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു. 2020ൽ പാക്കിസ്താനിൽ താമസമാക്കിയ ഏഴ് പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചിരുന്നു. 2021ൽ യു എ ഇയിൽ താമസക്കാരായ 326 പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചുവെന്നും കണക്കുകളിൽ പറയുന്നു. ഇവർ ബഹ്റൈൻ, ബെൽജിയം, സൈപ്രസ്, അയർലാൻഡ്, ജോർദാൻ, മൗറീഷ്യസ്, പോർച്ചുഗൽ, ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങളിൽ പൗരത്വത്തിനായി അപേക്ഷിച്ചുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

ഇന്ത്യ നേരിടുന്ന മുഖ്യ പ്രശ്‌നമാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിദ്യാർഥികളുടെ വിദേശ കുടിയേറ്റം. ഉന്നത പഠനത്തിനായി വിദേശത്ത് പോകുന്ന വിദ്യാർത്ഥികൾ അവിടത്തന്നെ ജോലി സമ്പാദിക്കുകയും ഇന്ത്യൻ വംശജരെയോ അവിടത്തുകാരെയോ വിവാഹം കഴിച്ച് അതാത് രാജ്യങ്ങളിൽ സ്ഥിര താമസമാക്കുകയും ചെയ്യുന്നു. പഠനത്തോടൊപ്പം ജോലിയും തൊഴിൽ നൈപുണ്യ വികസനവും സാധ്യമാകുന്ന വിദേശ രാജ്യങ്ങളിലെ രീതി അതിനവരെ നിഷ്പ്രയാസം തുണയ്ക്കുന്നു. മുമ്പ് വിദ്യാർത്ഥികൾ ബിരുദാനന്തര ബിരുദത്തിനാണ് വിദേശ സ്ഥാപനങ്ങൾ തിരഞ്ഞെടുത്തിരുന്നതെങ്കിൽ ഇന്ന് പ്ലസ് ടു വിന് പോലും വിദേശത്തെ ആശ്രയിക്കാനാണ് കുട്ടികൾ ഇഷ്ടപ്പെടുന്നത്. പഠന നിലവാരം, സ്‌കോളർഷിപ്പ്, പാർടൈം ജോലി, വിദേശ പഠനത്തിന് സൗകര്യമൊരുക്കുന്ന ഏജൻസികൾ തുടങ്ങിയ ഘടകങ്ങളൊക്കെ ഇതിന് പ്രചോദകമാകുന്നതായി അക്കാദമിക് ഏജൻസികൾ നടത്തിയ പഠനം വെളിപ്പെടുത്തുന്നു.

പരത്വമുപേക്ഷിക്കാനുള്ള മറ്റൊരാകർഷണം വിദേശത്തുള്ള നല്ല ജോലിയും ഉയർന്ന ശമ്പളവുമാണ്. കഴിവും യോഗ്യതയും നൈപുണ്യവുമുള്ളവർക്ക് മികച്ച ജോലിമാത്രമല്ല നല്ല ഭക്ഷണവും താമസവുമൊക്കെ ലഭിക്കും. യോഗ്യതയും നൈപുണ്യവും കുറവാണെങ്കിൽ പോലും പല രാജ്യങ്ങളിലും തൊഴിലാളികളുടെ ദൗർലഭ്യം മൂലം സാധ്യതകൾ ഏറെയാണ്. അതുകൊണ്ടാണല്ലോ നാലോ അഞ്ചോ ദിവസത്തേക്ക് കൃഷി രീതി പഠിക്കാൻ ഇസ്്റാഈലിലേക്ക് പോയ കേരള സർക്കാറിന്റെ ഔദ്യോഗിക സംഘത്തിൽ നിന്നുള്ള കണ്ണൂർ സ്വദേശിയൊക്കെ മുങ്ങുന്നത്. ഒപ്പം കേരളത്തിൽ നിന്നുള്ള തീർഥാടക സംഘത്തിലെ ആറ് പേരെ കൂടി ഇസ്്റാഈലിൽ കാണാതായതാണ് ഒടുവിലത്തെ വാർത്ത. ചെറിയ ജോലിക്ക്; പോലും ഉയർന്ന കൂലി ലഭിക്കുന്ന ചില രാജ്യങ്ങളിൽ മുൻപന്തിയിലാണ് ഇസ്്റാഈൽ എന്നുള്ളതാണ് ഇതിന്റെയൊക്കെ പിന്നാമ്പുറ കാരണം.

ഇത്തരം പൗരത്വ പറിച്ചു നടലിന് സാമൂഹിക സുരക്ഷിതത്വവും സമാധാനാന്തരീക്ഷവുമൊക്കെ മറ്റൊരു മുഖ്യ കാരണമാണ്. ഇന്ത്യയെപ്പോലെ പ്രശ്‌നകലുഷിതവും ക്രമസമാധാന പ്രശ്‌നങ്ങളും സാമ്പത്തിക അസ്ഥിരതയുമുള്ള ഒരു നാട്ടിൽ നിന്ന് വിദേശത്തേക്ക് കുടിയേറുന്നതിന് വേഗം വർധിക്കുക സ്വാഭാവികമാണ്. മറ്റ് നാടുകളിലെ സമാധാനാന്തരീക്ഷവും സാമൂഹിക സുരക്ഷിതത്വവും സാമ്പത്തിക സുസ്ഥിരതയും ആരെയാണ് ഭ്രമിപ്പിക്കാത്തത്. അത്തരമൊരു സാമൂഹിക കാലാവസ്ഥ ഇവിടെയും സാധ്യമാക്കുക എന്നത് മാത്രമേ അതിനൊരു പരിഹാരമുള്ളൂ.
പഠിക്കാനും ജോലിക്കും സന്ദർശനത്തിനുമൊക്കെ പോകുന്ന നിപുണർ തിരിച്ചു വരാതിരിക്കുന്നത് രാജ്യത്തിന് ഭീമമായ നഷ്ടമാണ്. ഒരു രാജ്യത്തിന്റെ മുഖ്യ സമ്പത്ത് ധനമല്ല. ഉയർന്ന മാനവ വിഭവ ശേഷിയും നൈപുണ്യവുമാണ്. അതുകൊണ്ടാണ് വികസിത രാജ്യങ്ങൾ പോലും ഇതര രാഷ്ട്രങ്ങളിൽ നിന്ന് വരുന്ന വിദ്യാർത്ഥികളെയും ജോലിക്കാരെയും അവിടെത്തന്നെ പിടിച്ചു നിർത്താനും പൗരന്മാരാക്കാനും ശ്രമിക്കുന്നത്. കാനഡ, റഷ്യ, ആസ്ത്രേലിയ, ഫിലിപ്പൈൻസ് പോലുള്ള രാജ്യങ്ങളിൽ കുട്ടികളും യുവാക്കളും കുറഞ്ഞുവരികയും മധ്യ വയസ്‌കരും വൃദ്ധരും കൂടി വരികയും ചെയ്യുന്ന പ്രവണതയാണുള്ളത്. അതിനാൽ തന്നെ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിലെ കഴിവും നൈപുണ്യവുമുള്ള വിദ്യാർത്ഥികളെയും യുവാക്കളെയും അത്തരം രാജ്യങ്ങൾ പരത്വത്തിനായി ഏറെ പ്രോത്സാഹിപ്പിക്കുക സ്വാഭാവികം.

അതിനാൽ പ്രതിഭാധനരും ബുദ്ധിശാലികളും കഴിവുറ്റവരുമായ കേരളത്തിലടക്കമുള്ള ഇന്ത്യൻ മനുഷ്യ വിഭവശേഷിയെ പിടിച്ചു നിർത്തിയില്ലെങ്കിൽ വരും കാലങ്ങളിൽ ഇന്ത്യക്കത് തീരാ നഷ്ടമായിരിക്കും. ഭൗതിക വിഭവ സമ്പന്നമായ ഇന്ത്യയുടെ ബൗദ്ധിക വിഭവങ്ങൾ നമുക്കുപയോഗപ്പെടുത്താൻ കഴിയാതെ വരും. ഏതായാലും പൗരത്വ രാഹിത്യം ഭയപ്പെടുന്ന ജനവിഭാഗങ്ങൾക്ക് ഈ ലോകത്ത് പൗരത്വമെന്നത് കിട്ടാക്കനിയൊന്നുമല്ലെന്നുള്ള ആശ്വാസത്തിനും വക നൽകുന്നതാണ് വിദേശ രാജ്യങ്ങളുടെ ഈ സമീപനം.