Connect with us

Kerala

പോലീസ് മേധാവിയുടെ ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ നാടകീയ രംഗങ്ങള്‍; സര്‍വീസില്‍ ദുരിതം അനുഭവിച്ചെന്ന പരാതിയുമായി മുന്‍ ഉദ്യോഗസ്ഥന്‍

മുപ്പത് വര്‍ഷം സര്‍വീസില്‍ അനുഭവിച്ച വേദനകള്‍ എന്നു പറഞ്ഞ് ചില രേഖകള്‍ ഉയര്‍ത്തികാണിച്ചാണ് പരാതി ഉന്നയിച്ചത്.

Published

|

Last Updated

തിരുവനന്തപുരം| സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ നാടകീയ രംഗങ്ങള്‍. പരാതിയുമായി മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ വാര്‍ത്താ സമ്മേളനം നടക്കുന്ന ഹാളിലേക്കെത്തി. മുപ്പത് വര്‍ഷം സര്‍വീസില്‍ അനുഭവിച്ച വേദനകള്‍ എന്നു പറഞ്ഞ് ചില രേഖകള്‍ ഉയര്‍ത്തികാണിച്ചാണ് പരാതി ഉന്നയിച്ചത്. തുടര്‍ന്ന് പരിഹരിക്കാമെന്ന് റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു. പിന്നീട് മുന്‍ പോലീസ് ഉദ്യോഗസ്ഥനെ പോലീസുകാര്‍ അനുനയിപ്പിച്ച് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു.

മാധ്യമ പ്രവര്‍ത്തകന്‍ എന്ന് പരിചയപ്പെടുത്തിയാണ് മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ വാര്‍ത്താസമ്മേളനം നടത്തുന്ന ഹാളിലേക്ക് എത്തിയത്. താന്‍ നേരിട്ട ദുരനുഭവത്തില്‍ പോലീസുകാര്‍ മറുപടി പറയണമെന്ന് അദ്ദേഹം പറഞ്ഞു. വിരമിച്ച ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാകാം പോലീസ് ആസ്ഥാനത്തേക്ക് അദ്ദേഹം പ്രവേശനം നേടിയിട്ടുണ്ടാവുകയെന്നാണ് സൂചന.

പോലീസ് മേധാവിയായി ചുമതലയേറ്റതിന് പിന്നാലെയാണ് റവാഡ ചന്ദ്രശേഖര്‍ വാര്‍ത്താസമ്മേളനം നടത്തിയത്. പൊതുജനങ്ങളോട് പോലീസുകാര്‍ മാന്യമായി പെരുമാറണം.
മയക്കുമരുന്നാണ് നമ്മുടെ നാട്ടിലെ പ്രധാന പ്രശ്നം. സൈബര്‍ ക്രൈം നേരിടാനുള്ള ശക്തമായ നടപടി സ്വീകരിക്കണമെന്നും റവാഡ ചന്ദ്രശേഖര്‍ പ്രതികരിച്ചു.

 

 

Latest