local body election 2025
പടിയൂരിൽ പോര് കേരള കോൺഗ്രസ്സുകാർ തമ്മിൽ
വലിയ പ്രതീക്ഷയാണ് ഇരുമുന്നണികളും പുലർത്തുന്നത്
ഇരിട്ടി | കുടിയേറ്റ കാർഷക ഗ്രാമങ്ങളുൾക്കൊള്ളുന്ന ജില്ലാ പഞ്ചായത്ത് പടിയൂർ ഡിവിഷനിൽ അങ്കത്തിനിറങ്ങിയിരിക്കുന്നത് ഇരുമുന്നണികളിലേയും കേരള കോൺഗ്രസ്സ് സ്ഥാനാർഥികൾ. കേരള കോൺഗ്രസ്സും, കേരള കോൺഗ്രസ്സ് എമ്മും ഇത്തവണ വിജയത്തിൽക്കുറഞ്ഞൊന്നും ഇരുകുട്ടരും പ്രതീക്ഷിക്കുന്നില്ല. വലിയ പ്രതീക്ഷയാണ് ഇരുമുന്നണികളും പുലർത്തുന്നത്. പൊരുതി ശക്തി തെളിയിക്കാനാണ് ബി ജെ പിയുടെ മത്സരം.
കരിക്കോട്ടക്കരി ബ്ലോക്ക് ഡിവിഷനും എടൂർ ബ്ലോക്ക് ഡിവിഷനും പടിയൂർ, കല്യാട് ബ്ലോക്ക് ഡിവിഷനുകളും ഉൾപ്പെടുന്നതാണ് ജില്ലാ പഞ്ചായത്ത് പടിയൂർ ഡിവിഷൻ. കരിക്കോട്ടക്കരിയും എടുരും യു ഡി എഫിന് മുൻതൂക്കം നൽകുമ്പോൾ പടിയൂരും കല്യാടും എൽ ഡി എഫിനു ശക്തിയുള്ള പ്രദേശങ്ങളാണ്. കേരള കോൺഗ്രസ്സിന് വേണ്ടി ഷീബ വർഗീസ് തെക്കേടത്തും കേരള കോൺഗ്രസ്സ് എമ്മിന് വേണ്ടി ബോബി എണ്ണച്ചേരിയിലും ബി ജെ പിക്ക് വേണ്ടി നിത ഷാജിയുമാണ് മത്സര രംഗത്തുള്ളത്.
പൊളിറ്റിക്സ് ബിരുദധാരിയായ ബോബി എണ്ണച്ചേരിയിൽ മികച്ച കർഷക കൂടിയാണ്. തലശ്ശേരി രൂപത മാതൃവേദിയുടെ മികച്ച കർഷക അവാർഡ്, പായം പഞ്ചായത്ത് വനിത കർഷക അവാർഡ്, കെ സി ബി സി വനിതാ കർ ഷക അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ടി എസ് എസ് ട്രസ്റ്റ് സെക്രട്ടറിയായി നാല് വർഷം പ്രവർത്തിച്ചു. മഹിള മാതൃവേദി വൈസ് പ്രസിഡന്റുമായിരുന്നു.
കേരള കോൺഗ്രസ്സ് വനിതാ വിംഗ് ജില്ലാ സെക്രട്ടറിയായ ഷീബ വർഗീസ് തെക്കേടത്ത് ചെമ്പേരിയിലാണ് സ്‌ഥിര താമസം. ഇരിട്ടി മഹാത്മ കോളജിൽ ഡിഗ്രി പഠനം പൂർത്തിയാക്കി. തലശ്ശേരി അതിരൂപത മാത്യവേദി പ്രസിഡന്റ്സ്ഥാനം വഹിച്ചിരുന്നു. കാത്തലിക് കോൺഗ്രസ്സ് രൂപത സെക്രട്ടറി, ചെമ്പേരി മേഖല മാതൃവേദി പ്രസിഡന്റ്, ജീവകാരുണ്യ പ്രവർത്തക തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നു. പായം സ്വദേശിയായ നിത ഷാജി മഹിളാ മോർച്ച മണ്ഡലം ജന. സെക്രട്ടറി ആയിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് മാടത്തിൽ ഡിവിഷനിൽ നിന്ന് ജനവിധി തേടിയിരുന്നു.



