Connect with us

First Gear

ഫിയറ്റ് ഇന്ത്യന്‍ വിപണിയിലേക്ക് തിരിച്ചെത്തുന്നു

ഇറ്റാലിയന്‍ ബ്രാന്‍ഡായ ആല്‍ഫ റോമിയോയുമായി ചേര്‍ന്ന് ഫിയറ്റ് ഇന്ത്യയില്‍ പുതിയ വാഹനങ്ങള്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

Published

|

Last Updated

ന്യൂഡല്‍ഹി| കാര്‍ വിപണിയില്‍ തലയെടുപ്പോടെ നില്‍ക്കുന്ന ബ്രാന്റാണ് ഫിയറ്റ്. എന്നാല്‍ ഫിയറ്റ് 2019ല്‍ ഇന്ത്യയില്‍ നിന്ന് പോയിരുന്നു. നാല് വര്‍ഷങ്ങള്‍ക്കുശേഷം ഫിയറ്റ് ഇന്ത്യയിലേക്ക് തിരിച്ചു വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇറ്റാലിയന്‍ ബ്രാന്‍ഡായ ആല്‍ഫ റോമിയോയുമായി ചേര്‍ന്ന് ഫിയറ്റ് ഇന്ത്യയില്‍ പുതിയ വാഹനങ്ങള്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 1964ലാണ് ഫിയറ്റ് ആദ്യമായി ഇന്ത്യയില്‍ വാഹനം അവതരിപ്പിച്ചത്.

ആല്‍ഫ റോമിയോ പോലുള്ള ബ്രാന്‍ഡുകള്‍ക്കൊപ്പം ഫിയറ്റിനെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കുന്നത് പരിഗണിക്കുന്നുണ്ടെന്ന് സ്റ്റെല്ലന്റിസ് ഏഷ്യ, ഇന്ത്യ പസഫിക് റീജിയന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ബില്ലി ഹായെസ് പറഞ്ഞു. ഫിയറ്റിനെ എങ്ങനെയാണ് വിപണിയില്‍ തിരികെ അവതരിപ്പിക്കേണ്ടതെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

ഇന്ത്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിന് മുമ്പ് ഫിയറ്റ് ലീനിയ, ഫിയറ്റ് പുന്തോ എന്നീ 2 കാറുകളാണ് പ്രധാനമായും രാജ്യത്ത് വിറ്റഴിച്ചിരുന്നത്. ഈ 2 കാറുകളും ഇപ്പോഴും നിരത്തുകളില്‍ കാണാം. ഫിയറ്റ് ലീനിയയ്ക്കും പുന്തോയ്ക്കും രണ്ട് എഞ്ചിന്‍ ഓപ്ഷനുകളാണ് ഉണ്ടായിരുന്നത്. 88.7 ബിഎച്ച്പി പവറും 115 എന്‍എം ടോര്‍ക്കും നല്‍കുന്ന 1368 സിസി പെട്രോള്‍ എഞ്ചിനാണ് ഫിയറ്റ് ലീനിയയ്ക്ക് ഉണ്ടായിരുന്നത്. അതേസമയം, 67.1 ബിഎച്ച്പിയും 96 എന്‍എം ടോര്‍ക്കും നല്‍കുന്ന 1172 സിസി പെട്രോള്‍ എഞ്ചിനാണ് ഫിയറ്റ് പുന്തോയ്ക്ക് കരുത്ത് നല്‍കിയിരുന്നത്. രണ്ട് കാറുകളിലെയും ഡീസല്‍ എഞ്ചിന്‍ ഒരുപോലെയായിരുന്നു.

സെഗ്മെന്റില്‍ മറ്റ് ബ്രാന്റുകള്‍ നിരവധി മികച്ച വാഹനങ്ങള്‍ അവതരിപ്പിച്ചതോടെ ഈ രണ്ട് വാഹനങ്ങളും നിര്‍ത്തലാക്കി ഫിയറ്റ് ഇന്ത്യ വിടുകയായിരുന്നു. രാജ്യത്ത് ഫിയറ്റ് ഉണ്ടാക്കിയ പങ്കാളിത്തങ്ങള്‍ പലതും പരാജയപ്പെടുകയായിരുന്നു. സര്‍വ്വീസിലെ പ്രശ്‌നങ്ങളും പഴയ ഡിസൈനും സാങ്കേതികവിദ്യയും ഫിയറ്റിന്റെ പരാജയത്തിന് വലിയ രീതിയില്‍ കാരണമായിട്ടുണ്ട്.

 

 

 

Latest