National
എൻ ആർ സി അടിസ്ഥാനത്തിൽ നാടുകടത്തുമന്ന് ഭയം; കൊൽക്കത്തയിൽ വയോധികൻ ജീവനൊടുക്കി
പൗരത്വ രജിസ്റ്ററിൻ്റെ ഫലമാണിതെന്ന് വൈദ്യുതി മന്ത്രി അരൂപ് ബിശ്വാസ്

കൊൽക്കത്ത | എൻ ആർ സി (ദേശീയ പൗരത്വ രജിസ്റ്റർ)യുടെ അടിസ്ഥാനത്തിൽ ബംഗ്ലാദേശിലേക്ക് നാടുകടത്തുമെന്ന് ഭയന്ന വയോധികൻ ആത്മഹത്യ ചെയ്തു. കൊൽക്കത്ത സ്വദേശി ദിലീപ് കുമാർ സാഹയാണ് (63) മരിച്ചത്. കൊൽക്കത്തയിലെ വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു.
കുറച്ചുനാളായി ഭർത്താവ് കടുത്ത സമ്മർദത്തിലായിരുന്നുവെന്നും ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കിയ ശേഷം ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെടുമെന്ന് ഭയപ്പെട്ടിരുന്നതായും ദിലീപ് കുമാറിൻ്റെ ഭാര്യ ആരതി സാഹ പറഞ്ഞു. കുട്ടിക്കാലത്ത് കൊൽക്കത്തയിൽ എത്തിയതായിരുന്നു അദ്ദേഹം. ബംഗ്ലാദേശിലേക്ക് തിരിച്ചയക്കുമെന്ന് അദ്ദേഹത്തിന് ആശങ്ക ഉണ്ടായിരുന്നുവെന്നും ഭാര്യ വ്യക്തമാക്കി.
ഭാര്യ പലതവണ വാതിലിൽ തട്ടി വിളിച്ചെങ്കിലും മുറിയിൽനിന്നു പ്രതികരണമൊന്നും ഉണ്ടായില്ല. തുടർന്ന് സമീപത്തെ വീട്ടിൽ നിന്ന് മരുമകളെ വിളിച്ച് വാതിൽ പൊളിച്ചു നോക്കിയപ്പോഴാണ് സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ധാക്കയിലെ നവാബ്ഗഞ്ചിൽ നിന്ന് 1972 ൽ കൊൽക്കത്തയിൽ എത്തിയതാണ് ദിലീപ്. തെക്കൻ കൊൽക്കത്തയിലെ ധകുരിയയിലെ സ്വകാര്യ സ്കൂളിൽ അനധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. ദിലീപ് കുമാറിന്റെ വീട്ടിലെത്തിയ വൈദ്യുതി മന്ത്രിയും തൃണമൂൽ കോൺഗ്രസ്സ് എം എൽ എയുമായ അരൂപ് ബിശ്വാസ് കുടുംബാംഗങ്ങളുമായി സംസാരിച്ചു. രാജ്യത്ത് നിന്ന് പുറത്താക്കപ്പെടുമെന്ന ഭയമായിരുന്നു ദിലീപ് കുമാറിനെന്ന് അരൂപ് ബിശ്വാസ് പറഞ്ഞു. പൗരത്വ രജിസ്റ്റർ കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ മനോഭാവത്തിന്റെ പ്രതീകമാണെന്നും അതിന്റെ ഫലമാണ് ഇപ്പോൾ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 2552056).