Connect with us

From the print

ജോലി നഷ്ടപ്പെടുമെന്ന ആശങ്ക; വോട്ട് ചെയ്യാന്‍ പ്രവാസികള്‍ കുറയും

ചാര്‍ട്ടേഡ് വിമാനമോ അതേച്ചൊല്ലിയുള്ള ആരവങ്ങളോ ഇത്തവണയില്ല ഖത്വര്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്ക് നേരിട്ട് വിമാന സര്‍വീസില്ല

Published

|

Last Updated

കോഴിക്കോട് | യുദ്ധമുണ്ടാക്കിയ ഗള്‍ഫ് പ്രതിസന്ധിയെ തുടര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനെത്തുന്ന പ്രവാസികളുടെ എണ്ണം തീരെ കുറയും. ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയും വര്‍ധിച്ച വിമാനക്കൂലിയുമാണ് പ്രവാസികളെ ആശങ്കപ്പെടുത്തുന്നത്. ആഘോഷപൂര്‍വം സംഘടിപ്പിക്കാറുള്ള ചാര്‍ട്ടേഡ് വിമാനമോ അതേച്ചൊല്ലിയുള്ള ആരവങ്ങളോ ഇത്തവണ ഇല്ല.

സാധാരണയുള്ളതിനേക്കാള്‍ മൂന്നിരട്ടിയിലധികം ചാര്‍ജാണ് നാട്ടിലേക്കും തിരിച്ചും വിമാനക്കമ്പനികള്‍ ഈടാക്കിക്കൊണ്ടിരിക്കുന്നത്. ജിദ്ദയിലേക്കും റിയാദിലേക്കും സാധാരണ 15,000 രൂപ മുതല്‍ 20,000 വരെ വിമാനക്കൂലി നല്‍കിയിരുന്ന പ്രവാസികളോട് ഇപ്പോൾ 80,000 രൂപ വരെയാണ് വിമാനക്കമ്പനികള്‍ പിടിച്ചുപറിക്കുന്നത്. യു എ ഇയിലേക്കും തിരിച്ചും 10,000 മുതല്‍ 15,000 രൂപ വരെ ഇടാക്കിയിരുന്ന സ്ഥാനത്താണ് 75,000 രൂപയും ഇതിനു മുകളിലും വാങ്ങുന്നത്. മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കും ഇതുതന്നെയാണ് അവസ്ഥ. ഖത്വര്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്ന് ഇപ്പോള്‍ കേരളത്തിലേക്ക് നേരിട്ട് വിമാന സര്‍വീസില്ല.

അത്യാവശ്യമായി നാട്ടില്‍ പോകേണ്ടവരുണ്ടെങ്കില്‍ ഇവര്‍ സഊദിയില്‍ നിന്ന് വിമാനം കയറുകയാണ് പതിവ്. എന്നാല്‍ ഇത് വളരെ പ്രയാസപ്പെട്ട യാത്രയാണ്. പണം കൂടുതല്‍ ചെലവാകുമെന്ന് മാത്രമല്ല പലപ്പോഴും സഊദിയില്‍ നിന്ന് നാട്ടിലേക്കുള്ള ഫ്ലൈറ്റിന്റെ ഷെഡ്യൂളുകളും കൃത്യമാകാറില്ല. ഇതുകൊണ്ട് തന്നെ പലരും നാട്ടില്‍ പോകുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. അതേസമയം, സഊദിയില്‍ ഉംറ നിര്‍വഹിക്കാനെത്തിയവര്‍ ഈ മാസം 18ന് മുമ്പ് തിരിച്ചുപോകണമെന്ന് ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്. ഉംറ ഗ്രൂപ്പുകളിലെത്തിയവര്‍ക്ക് സമയത്തിന് പോകാമെങ്കിലും സ്വന്തമായും കുടുംബമായും എത്തിയവര്‍ക്ക് തിരിച്ചുവരണമെങ്കില്‍ വലിയ വിമാനക്കൂലി നല്‍കേണ്ട സാഹചര്യമുണ്ട്.

ഗള്‍ഫില്‍ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ വ്യോമപാത പൂര്‍ണമായും അടക്കുമോ എന്നതുള്‍പ്പെടെയുള്ള ആശങ്ക നിലനില്‍ക്കുന്നതിനിടയിലാണ് മലയാളികള്‍ നാട്ടിലേക്ക് വോട്ടിന് വരാന്‍ വിസമ്മതിക്കുന്നത്. അമിത വിമാനക്കൂലി നല്‍കാന്‍ കഴിയാത്തതിനാല്‍ വന്നവർക്ക് തിരിച്ചുപോകാനും കഴിയുന്നില്ല. പലര്‍ക്കും നിലവിലുള്ള ജോലി നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. സാധാരണ ഗതിയില്‍ വോട്ടര്‍മാരെ നാട്ടിലെത്തിക്കുന്ന കെ എം സി സി പോലുള്ള സംഘടനകള്‍ ഈ തിരഞ്ഞെടുപ്പില്‍ പ്രത്യേക ചാര്‍ട്ടേഡ് ഫ്ലൈറ്റുകള്‍ ഏര്‍പ്പെടുത്തിയിട്ടില്ല.

മുന്‍കാലങ്ങളിലൊക്കെ വോട്ട് രേഖപ്പെടുത്താനായി പതിനായിരക്കണക്കിന് പേര്‍ നാട്ടിലെത്താറുണ്ടായിരുന്നു. ചില മണ്ഡലങ്ങളില്‍ ഇത് വലിയ സ്വാധീനം ചെലുത്താറുമുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ വളരെ കുറഞ്ഞ ആളുകൾ മാത്രമേ പ്രതിസന്ധികള്‍ മറിടകടന്ന് ഇപ്രാവശ്യം വോട്ടെടുപ്പിന് കേരളത്തിലെത്താന്‍ സാധ്യതയുള്ളൂവെന്നാണ് സൂചനകള്‍.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

---- facebook comment plugin here -----

Latest