Connect with us

Cover Story

പിതാവ് റോൾ മോഡൽ

പിതാക്കന്മാരുടെ ശിക്ഷണത്തിൽ വളർന്ന് സന്തോഷ് ട്രോഫിയിൽ ഇന്ദ്രജാലം തീർത്തവരാണ് മിഥുനും ജെസിനും. ഫുട്‌ബോൾ കളിക്കാരായിരുന്ന പിതാക്കന്മാരുടെ ബൂട്ട് കെട്ടിയാണ് ഇവർ പന്ത് തട്ടാൻ പഠിച്ചത്. കേരളത്തിന്റെ ഗോൾ വലയം കാത്ത കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി മിഥുനും ഏറ്റവും കൂടുതൽ ഗോൾ അടിച്ചു കൂട്ടിയ മലപ്പുറം നിലമ്പൂർ സ്വദേശി ടി കെ ജെസിനും പ്രതിവാരത്തോട് സംവദിക്കുന്നു. രണ്ട് പേരുടെയും റോൾ മോഡൽ പിതാക്കന്മാർ തന്നെയാണ്. ഉറ്റ സുഹൃത്തുക്കളായ ഇരുവരും കേരള യുനൈറ്റഡിന്റെ താരങ്ങളാണ്.

Published

|

Last Updated

മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ പതിനായിരങ്ങളെ സാക്ഷിനിർത്തി സന്തോഷ് ട്രോഫിയിൽ കേരളം ഏഴാം തവണ കിരീടത്തിൽ മുത്തമിട്ടു. മലയാളക്കരയുടെ അഭിമാനം കാത്ത ഫുട്‌ബോൾ പ്രതിഭകളെ എല്ലാവരും നെഞ്ചോട് ചേർത്തു പിടിച്ചിരിക്കുകയാണ്. നാടു നീളെ സ്‌നേഹ വായ്പ് നൽകി ആദരിക്കുകയാണ്.

പിതാക്കന്മാരുടെ ശിക്ഷണത്തിൽ വളർന്ന് സന്തോഷ് ട്രോഫിയിൽ ഇന്ദ്രജാലം തീർത്തവരാണ് മിഥുനും ജെസിനും. ഫുട്‌ബോൾ താരങ്ങളായിരുന്ന പിതാക്കന്മാരുടെ ബൂട്ട് കെട്ടിയാണ് ഇവർ പന്ത് തട്ടാൻ പഠിച്ചത്. കേരളത്തിന്റെ ഗോൾ വലയം കാത്ത കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി മിഥുനും ഇത്തവണ ഏറ്റവും കൂടുതൽ ഗോൾ അടിച്ചുകൂട്ടിയ മലപ്പുറം നിലമ്പൂർ സ്വദേശി ടി കെ ജെസിനും സംവദിക്കുകയാണ്. രണ്ട് പേരുടെയും റോൾ മോഡൽ പിതാക്കന്മാർ തന്നെയാണ്. ഉറ്റ സുഹൃത്തുക്കളായ ഇരുവരും കേരള യുനൈറ്റഡിന്റെ താരങ്ങളാണ്.

വി മിഥുൻ

ഫുട്‌ബോൾ സ്വപ്നം

ബാല്യത്തിൽ തന്നെ അച്ഛൻ ഫുട്‌ബോൾ തട്ടുന്നത് കണ്ടാണ് വളർന്നത്. ഇതിനാൽ എന്നെയും ഫുട്‌ബോൾ താരമാക്കണമെന്നായിരുന്നു അച്ഛൻമുരളിയുടെ സ്വപ്നം. കണ്ണൂർ പോലീസ്, കേരള പോലീസ് എന്നിവക്ക് വേണ്ടി അച്ഛൻ ബൂട്ട് കെട്ടിയിരുന്നു. എന്നെപ്പോലെ തന്നെ അച്ഛനും ഗോൾ വലയം തീർക്കാനായിരുന്നു ചുമതല. സന്തോഷ് ട്രോഫിയിൽ കളിക്കാൻ അവസരം ലഭിച്ചിട്ടില്ല.നാലാം ക്ലാസിൽ പഠിക്കുന്പോൾ എനിക്ക് ബൂട്ട് വാങ്ങിത്തന്നു. അച്ഛന് എത്തിപ്പിടിക്കാൻ കഴിയാത്തത് എന്നിലൂടെ നേടണമെന്നായിരുന്നു സ്വപ്നം. പോലീസിലായതിനാൽ ഒഴിവ് സമയങ്ങളിലെല്ലാം എനിക്ക് പരിശീലനം നൽകുന്ന തിരക്കിലായിരുന്നു. വീടിന് സമീപമുള്ള മുഴപ്പിലങ്ങാട് ചെറിയ ഗ്രൗണ്ടിൽ നിന്നാണ് പന്ത് തട്ടാൻ പഠിക്കുന്നത്. എവർ ഗ്രീൻ ക്ലബ്ബ്, മുഴപ്പിലങ്ങാട് ഗവ. സ്‌കൂൾ എന്നിവിടങ്ങളിൽ നിന്നാണ് കാൽപന്തിന്റെ ബാലപാഠം പഠിച്ചത്. അച്ഛൻ എസ് ഐ ആയി വിരമിച്ച ശേഷം എന്നെ പരിശീലിപ്പിക്കാൻ കൂടുതൽ സമയം കണ്ടെത്തി. ഫുട്‌ബോളിൽ ഗുരു അച്ഛനാണ്. ഇപ്പോൾ അനിയൻ ഷിനോയിയെ പരിശീലിപ്പിക്കുന്ന തിരക്കിലാണ്. കണ്ണൂർ യൂനിവേഴ്‌സിറ്റിയുടെ ക്യാപ്റ്റനായിരുന്ന ഷിനോയി പ്രതിരോധ നിരയിലാണ് കളിക്കുന്നത്. അവൻ കൂടി സന്തോഷ് ട്രോഫിയിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് എന്റെ പ്രതീക്ഷ.

മിഥുൻ കുടുംബത്തോടാൊപ്പം

കരിയർ വളർച്ച

കണ്ണൂർ എസ് എൻ കോളജിൽ നിന്ന് ബി എസ് സി കെമിസ്ട്രി ബിരുദം നേടി. കോളജ് ടീമിലൂടെയാണ് തന്റെ കഴിവിനെ മിനുക്കിയെടുത്തത്. ഡിഗ്രി കഴിഞ്ഞയുടൻ 2014ൽ കേരള പ്രീമിയർ ലീഗിൽ ഈഗിൾസ് എഫ് സി കേരളക്ക് വേണ്ടി വല കാക്കാൻ നിയോഗിച്ചു. ഇതാണ് ജീവിതത്തിൽ വഴിത്തിരിവായത്. കേരള പ്രീമിയർ ലീഗിൽ ചാന്പ്യന്മാരാകുകയും ബെസ്റ്റ് ഗോൾ കീപ്പറായി തിരഞ്ഞെടുക്കുകയും ചെയ്തു. ഇതേ തുടർന്ന് തിരുവനന്തപുരത്ത് എസ് ബി ടിയിൽ സ്‌പോർട്‌സ് ക്വാട്ടയിൽ ജോലി കിട്ടുകയും ചെയ്തു. നിലവിെലെ സന്തോഷ് ട്രോഫി ക്യാപ്റ്റനായിരുന്ന ജിജോ ജോസഫും ഞാനും ഒരുമിച്ചാണ് ജോലിയിൽ പ്രവേശിച്ചത്. 2014 -15 ലാണ് സന്തോഷ് ട്രോഫിയിൽ അരങ്ങേറ്റം കുറിക്കുന്നത്. 21 -ാം വയസ്സിലാണ് സന്തോഷ് ട്രോഫിയിൽ കളിക്കുന്നത്. ആ കളിയിൽ സെമിയിൽ പഞ്ചാബിനോട് കീഴടങ്ങി. പിന്നീട് നടന്ന സന്തോഷ് ട്രോഫിയിൽ കേരള ടീമിൽ അംഗമായിരുന്നു. എന്നാൽ സെമി ഫൈനൽ വരെ എത്തും . അവിടെ പരാജയപ്പെടുന്ന അവസ്ഥ.

ബംഗാളിനോട് കണക്കുതീർത്തു

2018ൽ ബംഗാളിൽ നടന്ന സന്തോഷ് ട്രോഫി ഫൈനൽ മത്സരത്തിൽ ബംഗാളിനോട് പെനാൽറ്റി ഷൂട്ടൗട്ടിൽ രണ്ട് ഷോട്ടു തടുത്ത് ടീമിന് കിരീടം സമ്മാനിക്കാൻ കഴിഞ്ഞത് ജീവിതത്തിൽ മറക്കാൻ കഴിയില്ല. പതിനായിരങ്ങൾ അലകടലായി ബംഗാൾ ടീമിനെ പ്രോത്സാഹിപ്പിച്ച സമ്മർദത്തെയെല്ലാം മറികടന്ന് പെനാൽറ്റി തടുക്കാൻ കഴിഞ്ഞത് ഭാഗ്യമാണ്. ഗ്യാലറിയിൽ കേരളത്തിന് പ്രചോദനം നൽകാൻ 35 പേർ മാത്രമാണ് ഉണ്ടായിരുന്നത്. ഇതിന് മുമ്പ് മൂന്ന് തവണ ഫൈനലിൽ ഷൂട്ടൗട്ട് ദുരന്തത്തിൽ ബംഗാളിന് മുന്നിൽ കീഴടങ്ങിയിരുന്നു കേരളം. പക്ഷേ, ഇത്തവണ അതുണ്ടായില്ല.

സന്തോഷ് ട്രോഫിയിൽ ഇനിയില്ല

രണ്ട് തവണ കേരളം സന്തോഷ് ട്രോഫി കിരീടം ചൂടിയപ്പോൾ അതിന്റെ ഭാഗമായതിൽ സന്തോഷമുണ്ട്. ഇനി സന്തോഷ് ട്രോഫിയിൽ നിന്ന് വിട പറയുകയാണ്. പുതിയ താരങ്ങൾക്ക് അവസരം നൽകുന്നതിന്റെ ഭാഗമാണിത്. എട്ട് വർഷത്തോളമായി കളിക്കാൻ തുടങ്ങിയിട്ട്. ഇനി പ്രൊഫഷനൽ കളിയിൽ കൂടുതൽ ശ്രദ്ധിക്കാനാണ് താത്പര്യം. 2019ൽ സന്തോഷ് ട്രോഫിയിൽ ക്യാപ്റ്റനാവുകയും ചെയ്തിരുന്നു. എന്നാൽ കൊവിഡ് കാരണം ടൂർണമെന്റ് ഉപേക്ഷിക്കുകയായിരുന്നു. നിലവിൽ 20 അംഗ ടീമിൽ അഞ്ച് താരങ്ങൾ മാത്രമാണ് സർക്കാർ സർവീസിലുള്ളത്. 2018ൽ സന്തോഷ് ട്രോഫിയിൽ കളിച്ച 11 പേർക്കും ജോലി കിട്ടിയിരുന്നു. കണ്ണൂരിൽ നിന്ന് ഫുട്‌ബോളിൽ വളർന്ന് വരാനും സെലക്്ഷനിൽ ഇടം പിടിക്കാനും പ്രയാസമാണ്. ഒരു കെ പി എൽ ടീം പോലും കണ്ണൂരിലോ കാസർകോടോ ഇല്ല. ഇത് കൊണ്ട് സെലക്്ടർമാർക്ക് കളി കാണാനും അവസരം ലഭിക്കുന്നില്ല. ഇത് കണ്ണൂരിൽ നിന്നുള്ള താരങ്ങൾക്ക് വെല്ലുവിളിയാണ്.

കെ ടി ജെസിൻ

കളിയാരവം ഉണരുന്നു

പിതാവാണ് തന്റെ കളിയാരവം വളർത്തി വലുതാക്കിയത്. പിതാവ് തോണിക്കര നിസാർ മന്പാട് എം ഇ എസ് കോളജിൽ അത്‌ലറ്റിക്‌സും ഫുട്‌ബോൾ കളിക്കാരനുമായിരുന്നു. 100, 200 മീറ്ററിൽ വേഗത കണ്ടെത്തിയ താരമായിരുന്നു. എന്നാൽ വീട്ടിലെ പ്രതിസന്ധി കാരണം ഓട്ടോക്കാരനായി. എന്നാൽ തനിക്ക് നേടാൻ കഴിയാത്തത് മകനിലൂടെ നേടണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. ട്രയൽസിൽ പങ്കെടുക്കാനും ഫുട്‌ബോൾ ക്യാന്പിൽ അംഗമാകാനും ഞാൻ നടത്തിയ യാത്രകളെല്ലാം പിതാവ് ഓടിച്ച ഓട്ടോകളിലായിരുന്നു. പിന്നീട് പരിശീലകൻ മയ്യന്താനിയിലെ കമാലുദ്ദീന്റെ കീഴിൽ നിന്ന് കളിയുടെ ബാലപാഠങ്ങൾ പഠിച്ചു. ജസിയോ ക്ലബ്ബിന്റെ കീഴിൽ കളിക്കാനും അവസരം ലഭിച്ചു. അനിയൻ ഹയർ സെക്കൻഡറി വിദ്യാർഥിയായ ടി കെ ജാസിദ് ഫുട്‌ബോൾ താരമാണ്.

ഗസ്റ്റായി കളിച്ചു; കോളജിൽ അഡ്മിഷൻ സെറ്റായി

ചന്തക്കുന്ന് യു പി സ്‌കൂളിൽ പഠിക്കുന്പോഴാണ് ആദ്യമായി ബൂട്ട് കെട്ടുന്നത്. പിന്നീട് സ്‌കൂൾ മത്സരങ്ങളിലെല്ലാം നാട്ടിലെ നെൽപ്പാടങ്ങളിലെല്ലാം പന്ത് തട്ടി പഠിച്ചു. പത്താം ക്ലാസ്സിൽ മാർക്ക് കുറഞ്ഞതോടെ ഗവ. സ്‌കൂളിൽ അഡ്മിഷൻ കിട്ടിയില്ല. കളി നിലക്കുമെന്ന സന്ദർഭമുണ്ടായിരുന്നു. സ്‌കൂൾ ടീമിന് വേണ്ടി മാത്രമായിരുന്നു കളിച്ചിരുന്നത്. സർട്ടിഫിക്കറ്റ് കൈവശമുണ്ടായിരുന്നില്ല. ഇതിനാൽ സ്‌പോർട്‌സ് ക്വാട്ടയിൽ കയറാൻ കഴിഞ്ഞില്ല. തുടർന്ന് നിലന്പൂരിലെ പ്രൈവറ്റ് സ്ഥാപനത്തിലാണ് പ്ലസ് വണിന് അഡ്മിഷൻ കിട്ടിയത്. അവിടെ കളിയാരവം ഒന്നുമുണ്ടായില്ല. ഇതിനാൽ സെവൻസിൽ കളം നിറഞ്ഞ് പരിശീലനം തുടർന്നു. എന്നാൽ പ്ലസ്ടു റിസൽറ്റ് വന്നതോടെ ഒരു വിഷയത്തിൽ പരാജയപ്പെട്ടു. എന്നാൽ അവിടെയും അടിപതറാതെ നിന്നു. ഫുട്‌ബോളിൽ എന്നെ ഉയർത്തുമെന്ന് സ്വപ്നം എപ്പോഴും കണ്ടപ്പോൾ മുന്നോട്ടുള്ള പ്രയാണത്തിന് വേഗം കൂടി.

കെ ടി ജെസിൻ കുടുംബത്തോടൊപ്പം

സേ എഴുതിയെങ്കിലും റിസൽറ്റ് നിപ്പയെ തുടർന്ന് വൈകി. ഇതേ തുടർന്ന് ആ വർഷം ഡിഗ്രി നഷ്ടമായി. മന്പാട് കോളജിൽ ട്രയൽസിൽ പങ്കെടുത്തെങ്കിലും പ്ലസ് ടു പാസ്സാകാത്തതിനാൽ വിലങ്ങു തടിയായി. ഇതേ തുടർന്ന് വീട്ടുകാർ ഡിഗ്രിക്ക് ഒരു സ്വകാര്യ കോളജിൽ ചേർത്തു. രണ്ട് മാസം കഴിഞ്ഞപ്പോൾ മന്പാട് കോളജിൽ നിന്ന് ഒരു ഫോൺ വിളി വന്നു. ടൂർണമെന്റിൽ ഗസ്റ്റായി കളിക്കാൻ വേണ്ടിയായിരുന്നു. ഈ ടൂർണമെന്റിൽ സെമി ഫൈനലിൽ ഗോളടിച്ചപ്പോൾ അടുത്ത വർഷം മന്പാട് കോളജിൽ അഡ്മിഷനും കിട്ടി. അങ്ങനെയാണ് പ്രൊഫഷനൽ കളിയിലേക്ക് വരുന്നത്. അങ്ങനെ ഇന്റർ കൊളീജിയറ്റ് മത്സരത്തിൽ കളിക്കാൻ അവസരം ലഭിച്ചു. തൃശൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഇന്റർ കൊളജിയറ്റ് മത്സരത്തിലാണ് കോച്ച് ബിനോ ജോർജ് കാണുന്നത്. ബിനോ ജോർജാണ് യുനൈറ്റഡിലേക്ക് കൊണ്ടുവരുന്നത്. പ്രൊഫഷനൽ കളിയിലെ അടവും തന്ത്രങ്ങളും എന്നെ പരിശീലിപ്പിച്ചത് അദ്ദേഹമാണ്. അങ്ങനെയാണ് സന്തോഷ് ട്രോഫിയിലേക്കുള്ള വാതായനങ്ങൾ തുറന്നത്.

ഉമ്മയുടെ എളാപ്പയായ അബ്ദുർറഹ്മാനും മുഹമ്മദലിയുമാണ് ബാല്യത്തിൽ കളി തുടങ്ങിയത് മുതൽ സന്തോഷ് ട്രോഫി വരെയുള്ള സാന്പത്തിക ചെലവുകളെല്ലാം വഹിച്ചിരുന്നത്.

ഒരുമയോടെ മുന്നേറി

ഇത്തവണ ടീം സെറ്റായിരുന്നു. ആദ്യമായിട്ടാണ് സന്തോഷ് ട്രോഫിയിൽ കളിക്കുന്നത്. തുടക്കത്തിൽ പരിഭവമുണ്ടായിരുന്നു. എന്നാൽ ക്യാമ്പിലെത്തിയപ്പോൾ എല്ലാവരുടെയും ഒത്തൊരുമ കണ്ടപ്പോൾ ആശങ്കയെല്ലാം പമ്പ കടന്നു. ജൂനിയർ, സീനിയർ എന്ന വേർതിരിവ് ഉണ്ടായില്ല. ഇത് വലിയ സന്തോഷം നൽകി. ഗ്രൂപ്പ് റൗണ്ടിൽ പഞ്ചാബിനെതിരെയുള്ള അവസാന മത്സരത്തിൽ എന്റെ ബൂട്ടിന് കേട് പറ്റിയിരുന്നു. എന്റെ കുടുംബക്കാരനായ സഫ്ദറാണ് നിലന്പൂരിൽ നിന്ന് പുത്തൻ ബൂട്ട് വാങ്ങി എത്തിച്ചുനൽകിയത്, ഈ ബൂട്ടിൽ നിന്നാണ് കർണാടകക്കെതിരെ സെമിയിൽ അഞ്ച് ഗോളുകൾ പിറന്നത്. പയ്യനാട് സ്റ്റേഡിയത്തിലെ ആരവമാണ് കേരള ടീമിന് കരുത്ത് നൽകിയത്. ഫുട്‌ബോൾ പ്രേമികളുടെ പ്രോത്സാഹനവുമാണ് സ്വന്തം മണ്ണിൽ ഇത്തവണ കപ്പടിക്കാൻ സാധിച്ചത്. ഫുട്‌ബോൾ സൗന്ദര്യത്തെ ആസ്വാദിക്കുന്നവരാണ് മലയാളികൾ. പരാജയപ്പെട്ട ബംഗാൾ ടീമിന് ഊഷ്മളമായ യാത്രയയപ്പ് നൽകിയാണ് അവരെ നാട്ടിലേക്കയച്ചത്. ഇത് കാൽപന്തിനെ സ്‌നേഹിക്കുന്നവർക്ക് മാത്രമേ സാധിക്കൂ.

കേരള ടീം സന്തോഷ് ട്രോഫിയുമായി

ഐ എസ് എലിന് വേണ്ടി ബൂട്ട് കെട്ടും

ഐ എസ് എൽ കളിക്കാൻ വേണ്ടി ഒരുപാട് ഓഫർ വരുന്നുണ്ട്. ഐ എസ് എലിൽ കളിച്ച് ഇന്ത്യൻ ടീമിന്റെ ജഴ്‌സി അണിയണമെന്നാണ് ആഗ്രഹം. ഇതിന് പുറമേ സർക്കാർ ജോലി കിട്ടണമെന്ന സ്വപ്നവുമുണ്ട്. മാതാവ് എൻ കെ സുനൈനയും മൂന്നാം ക്ലാസ്സുകാരി അനുജത്തി ആമിന നൗറിനും പിന്തുണയും പ്രോത്സാഹനവും നൽകുന്നുണ്ട്.
.

 

 

Latest