Connect with us

ksrtc

കണ്ടംചെയ്യാൻ മാറ്റിയ ബസ് കാണിച്ച് കെ എസ് ആർ ടി സിക്ക് എതിരെ വ്യാജപ്രചാരണമെന്ന്

കോർപറേഷൻ സർവീസ് നടത്താത്തതിനാൽ തേവര ഡിപ്പോയിൽ വോൾവോ ബസുകൾ നശിക്കുന്നുവെന്ന സോഷ്യൽ മീഡിയ പ്രചാരണം തെറ്റാണ്

Published

|

Last Updated

തിരുവനന്തപുരം | കെ എസ് ആർ ടി സിക്കെതിരെ വ്യാജ പ്രചാരണം നടക്കുന്നതായി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ. മാനേജ്‌മെന്റിനെതിരെയുള്ള തെറ്റായ വാർത്തകൾ കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കും. കെ എസ് ആർ ടി സിയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. മിനിമം സർവീസ് നടത്താൻ 110 കോടി രൂപ വേണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കോർപറേഷൻ സർവീസ് നടത്താത്തതിനാൽ തേവര ഡിപ്പോയിൽ വോൾവോ ബസുകൾ നശിക്കുന്നുവെന്ന സോഷ്യൽ മീഡിയ പ്രചാരണം തെറ്റാണ്.

ആകെ 190 ബസുകളിൽ 80 എണ്ണം മാത്രമാണ് ഓഫ് റോഡ് ആയിട്ടുള്ളത്. ഇവ ഓടിക്കാൻ കഴിയാത്ത, കണ്ടം ചെയ്യാൻ തീരുമാനിച്ച ബസുകളാണ്. ജൻറം പദ്ധതി അനുസരിച്ച് 2009- 12 കാലയളവിൽ കേന്ദ്രത്തിൽ നിന്ന് ലഭിച്ച 80 ലോഫ്ലോർ എ സി വോൾവോ ബസുകളാണ് ഓടാതെ കാടുകയറി കിടക്കുന്നത്.

സാധാരണ ഗതിയിൽ ഒരു ബസിന് ടേണിംഗ് റേഡിയസ് 8.73 മീറ്റർ ആണെങ്കിൽ ഇതിന്റെ റേഡിയസ് ഒന്പത് മീറ്റർ ആണ്. വീതിയും കൂടുതലായതിനാൽ സിറ്റി സർവീസിന് ഉപയോഗിക്കാൻ സാധിക്കില്ലെന്ന് കണ്ടപ്പോൾ ദീർഘദൂര സർവീസുകൾക്കും ശബരിമല സർവീസുകൾക്കും ഉപയോഗിച്ചു വരികയാണ്.

കൊവിഡ് ആരംഭിച്ചതിന് ശേഷം എ സി ബസുകളിൽ യാത്രക്കാർ കയറാത്തതും ഈ ബസുകൾ ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയിലാക്കി. ബാക്കി 110 ബസും സർവീസ് നടത്താനുള്ള കണ്ടീഷനിലുള്ളവയാണ്.

2020ന് മുന്പ് മുതൽ ഏതാണ്ട് 28 ബസുകൾ ഓഫ് റോഡായി കിടക്കുകയാണ്.ഡിപ്പോയിൽ കിടക്കുന്നവയുടെ അറ്റകുറ്റപ്പണികൾക്കായി ഏകദേശം അഞ്ച് കോടി രൂപ ചെലവ് വരുമെന്നും അദ്ദേഹം പറഞ്ഞു.