Connect with us

Kerala

വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്: മുസ്ലിം ലീഗ് ജില്ലാ പഞ്ചായത്ത് അംഗത്തിനെതിരെ കേസ്

വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സഹകരണ ബാങ്കില്‍ നിയമനം തരപ്പെടുത്തി എന്നതുള്‍പ്പെടെയുള്ള കേസുകളാണ് ഗഫൂര്‍ കോല്‍ക്കളത്തിനെതിരെ എടുത്തിരിക്കുന്നത്

Published

|

Last Updated

പാലക്കാട് | വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സഹകരണ ബാങ്കില്‍ ജോലി തരപ്പെടുത്തിയെന്ന് മുസ്ലിം ലീഗ് ജില്ലാ പഞ്ചായത്ത് അംഗത്തിനെതിരെ കേസ്. തെങ്കര ഡിവിഷന്‍ അംഗം ഗഫൂര്‍ കോല്‍ക്കളത്തിനെതിരെയാണ് നാട്ടുകാല്‍ പോലീസ് കേസെടുത്തത്.

രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പു നല്‍കിയ പരാതിയില്‍ രജിസ്ട്രാര്‍ നടത്തിയ പരിശോധനയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ജോലി തരപ്പെടുത്തിയതെന്ന് കണ്ടെത്തിയതോടെയാണ് നിയമ നടപടികള്‍ ആരംഭിച്ചത്. പാര്‍ട്ടി സ്വാധീനം ഉപയോഗിച്ച് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് നിയമനം തരപ്പെടുത്തി എന്നതുള്‍പ്പെടെയുള്ള കേസുകളാണ് ഗഫൂറിനെതിരെ എടുത്തിരിക്കുന്നത്.

ജില്ലാപഞ്ചായത്തിന്റെ കരാറുകളില്‍ പങ്കാളിത്തം വാഗ്ദാനം നല്‍കി 25 കോടി രൂപ തട്ടിയെന്ന കേസില്‍ മലപ്പുറത്തെ മുസ്ലിം ലീഗ് ജില്ലാ പഞ്ചായത്ത് അംഗം ടി പി ഹാരിസിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത് മുസ്്‌ലിം ലീഗിന് കനത്ത തിരിച്ചടിയായിരുന്നു. സംസ്ഥാന ഭരണത്തില്‍ നിന്നു തുടര്‍ച്ചയായി മാറിനിന്നിട്ടും പാര്‍ട്ടി അഴിമതിയില്‍ മുങ്ങിയിരിക്കയാണെന്ന ആരോപണം ശക്തമായതിനു പിന്നാലെയാണ് പാലക്കാട് ജില്ലാ പഞ്ചായത്തില്‍ നിന്നുള്ള സംഭവം പുറത്തുവരുന്നത്. അഴിമതി കേസ് പുറത്തുവന്നതോടെ വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച ടി പി ഹാരിസിനെ മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് പോലീസ് പിടികൂടിയത്.

ഇതിനു പിന്നാലെ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്റെ സഹോദരന്‍ ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ലീഗ് പ്രവര്‍ത്തകര്‍ മയക്കുമരുന്നു കടത്തിന്റെ ഭാഗമായി പിടികൂടപ്പെടുന്നതും പാര്‍ട്ടിക്ക് ആഘാതമായിട്ടുണ്ട്. മയക്കുമരുന്നു കേസില്‍ സഹോദരന്‍ അറസ്റ്റിലായതിനു പിന്നാലെ പി കെ ഫിറോസിന്റെ അനധികൃത സ്വത്തു സമ്പാദനം സംബന്ധിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ ടി ജലീല്‍ എം എല്‍ എ വിജിലന്‍സില്‍ പരാതി നല്‍കിയതും ലീഗിന് തലവേദനയായിട്ടുണ്ട്. പി കെ ഫിറോസിനെതിരായ നീക്കം ലീഗില്‍ നിന്നുതന്നെയാണെന്ന സംസാരവും ശക്തമാണ്.

Latest