Connect with us

factcheck

FACT CHECK: മദ്യം കഴിച്ച് ക്ഷേത്രത്തിലെത്തി വിഗ്രഹത്തില്‍ ചവുട്ടി നില്‍ക്കുന്ന ക്രിസ്ത്യന്‍ പുരോഹിതന്റെ ചിത്രങ്ങള്‍; വാസ്തവമെന്ത്?

വസ്തുതയറിയാം:

Published

|

Last Updated

ക്രിസ്ത്യന്‍ പുരോഹിതന്‍ മദ്യം കഴിക്കുന്നതിന്റെയും ക്ഷേത്രത്തില്‍ വിഗ്രഹത്തിന്റെ മുകളില്‍ ചവുട്ടി നില്‍ക്കുന്നതിന്റെയും ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള വര്‍ഗീയ പ്രചാരണം സാമൂഹിക മാധ്യമങ്ങളില്‍ ശക്തമാണ്. തമിഴ്‌നാട്ടിലാണ് ഈ സംഭവമെന്നാണ് പ്രചാരണം. സ്റ്റാലിന്‍ സര്‍ക്കാര്‍ എല്ലാ ജാതികളില്‍ നിന്നുമുള്ള പൂജാരിമാരെ സംസ്ഥാനത്തുടനീളം നിയമിച്ച പശ്ചാത്തലത്തിലാണ് ഈ പ്രചാരണം. ഇതിന്റെ വസ്തുതയറിയാം:

പ്രചാരണം : ക്രിസ്ത്യാനിയായ തോമസ് രാജന്‍ എന്നയാള്‍ മദ്യം കഴിക്കുന്നതാണ് ആദ്യ ഫോട്ടോയിലുള്ളത്. തമിഴ്‌നാട് സര്‍ക്കാര്‍ ക്ഷേത്രത്തില്‍ പൂജാരിയായി നിയമിച്ചയാളാണിത്. മദ്യലഹരിയില്‍ വിഗ്രഹത്തിന്റെ മുകളില്‍ ചവുട്ടി നില്‍ക്കുന്ന രണ്ടാമത്തെ ചിത്രത്തിലുള്ളതും ഇയാളാണ്. ഞങ്ങളുടെ ക്ഷേത്രങ്ങള്‍ കൈയടക്കാനുള്ള സര്‍ക്കാറിന്റെ ശ്രമമല്ലേ ഇത്? ക്ഷേത്രങ്ങളുടെ അവകാശത്തിന്‍മേലുള്ള കൈകടത്തലല്ലേ ഇത്? (സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണത്തില്‍ നിന്ന്).

വസ്തുത : ഈ രണ്ട് ചിത്രങ്ങളും വ്യത്യസ്ത പശ്ചാത്തലത്തിലുള്ളതും പഴയതുമാണ്. തോമസ് രാജന്‍ എന്നയാളാണ് ഇതെന്ന് പ്രചരിപ്പിക്കുന്ന ഫോട്ടോ യഥാര്‍ഥത്തില്‍ 2017 ജൂലൈ ഒമ്പതിന് യുട്യൂബില്‍ പോസ്റ്റ് ചെയ്ത 1.57 മിനുട്ട് വരുന്ന വീഡിയോയില്‍ നിന്നുള്ളതാണ്. പൂജാരിയുടെതെന്ന് തോന്നിക്കുന്ന വസ്ത്രമണിഞ്ഞ്, ജയലളിതയുടെ പോസ്റ്ററിന് അരികെ നിന്ന് മദ്യപിക്കുന്ന ഇയാളോട് നാട്ടുകാര്‍ തമിഴില്‍ വിവരങ്ങള്‍ ചോദിക്കുമ്പോള്‍, കുംഭകോണം സ്വദേശി ശങ്കറാണെന്നും ഇപ്പോള്‍ കോടമ്പക്കത്താണ് താമസമെന്നും ഇയാള്‍ പറയുന്നുണ്ട്. അതായത്, ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് പോലെ ക്രിസ്ത്യാനിയല്ല ഈ പൂജാരി. മറിച്ച്, ശങ്കറെന്ന ഹിന്ദുവാണ്.

വിഗ്രഹത്തില്‍ ഒരാള്‍ ചവുട്ടി നില്‍ക്കുന്ന ഫോട്ടോ 2020ലേതാണ്. വിഗ്രഹം വൃത്തിയാക്കുകയാണെന്നാണ് സൂചന. ചുരുക്കത്തില്‍, സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് രണ്ട് വ്യത്യസ്ത സമയങ്ങളിലുള്ള വ്യത്യസ്ത ഫോട്ടോകളാണ്. ഇവ രണ്ടും കൂട്ടിച്ചേര്‍ത്ത് വര്‍ഗീയ ലക്ഷ്യത്തോടെ പ്രചരിപ്പിക്കുകയാണ്. മാത്രമല്ല, പൂജാരി മദ്യപിക്കുന്ന ചിത്രത്തിലുള്ളത് ക്രിസ്ത്യാനിയുമല്ല.

Latest