Connect with us

new covid protocol

മാസ്‌ക് നിയമങ്ങളിൽ ഇളവ്, യാത്രക്ക് പി സി ആർ ഒഴിവാക്കി; യു എ ഇ പുതിയ കൊവിഡ് പ്രോട്ടോക്കോളുകൾ പ്രഖ്യാപിച്ചു

ദുബൈ യാത്രക്ക് മുൻ‌കൂർ അനുമതി ആവശ്യമില്ല

Published

|

Last Updated

അബൂദബി | സാധാരണ ജീവിതത്തിലേക്ക് ക്രമാനുഗതമായ തിരിച്ചുവരവ്  സാധ്യമാക്കുന്നതിനായി യു എ ഇ പുതിയ കൊവിഡ് പ്രോട്ടോക്കോളുകൾ പ്രഖ്യാപിച്ചു. തുറസ്സായ സ്ഥലത്ത് മാസ്ക് ധരിക്കുന്നത് ഇഷ്ടാനുസൃതമാക്കും. നാഷണൽ അതോറിറ്റി ഫോർ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് (എൻ സി ഇ എം എ) വെള്ളിയാഴ്ച പ്രഖ്യാപിച്ചതാണിത്. എന്നാൽ അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമായി തുടരും. പുതിയ നിയമങ്ങൾ മാർച്ച് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.

പൂർണമായും വാക്‌സിനേഷൻ എടുത്ത യാത്രക്കാർക്കുള്ള പിസിആർ പരിശോധന റിസൾട്ട് ആവശ്യകതയും ഒഴിവാക്കി. വാക്സിനേഷൻ എടുത്ത യാത്രക്കാർ ക്യൂ ആർ കോഡുള്ള അംഗീകൃത വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭ്യമാക്കണം. രാജ്യത്ത് കൊവിഡ് കേസുകൾ ഗണ്യമായി കുറയുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത്. വാക്‌സിനേഷൻ എടുക്കാത്ത യാത്രക്കാർ പുറപ്പെടുന്നതിന്റെ  48 മണിക്കൂറിനുള്ളിൽ നടത്തിയ നെഗറ്റീവ് പി സി ആർ  റിപ്പോർട്ട് കാണിക്കേണ്ടതുണ്ട്. കൊവിഡ് രോഗികളുടെ അടുത്ത സമ്പർക്കം പുലർത്തുന്നവരും മാർച്ച് ഒന്നുമുതൽ ക്വാറന്റൈനിൽ പോകേണ്ടതില്ല. പകരം, അവർ അഞ്ച് ദിവസത്തെ ഇടവേളയിൽ രണ്ട് പിസിആർ ടെസ്റ്റുകൾക്ക് വിധേയരാകണം.

രോഗബാധിതരായ വ്യക്തികൾക്കുള്ള ഐസൊലേഷൻ പ്രോട്ടോക്കോളുകൾ നേരത്തെ പ്രഖ്യാപിച്ചതു പോലെ തുടരും. കൊവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ച വ്യക്തികൾ കുറഞ്ഞത് പത്ത് ദിവസത്തെ ഐസൊലേഷനിൽ ആയിരിക്കണമെന്നും എൻ സി ഇ എം എ അറിയിച്ചു. പൊതുജനാരോഗ്യവും വിവിധ സുപ്രധാന മേഖലകളും തമ്മിൽ സന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതിനും സുസ്ഥിരമായ വീണ്ടെടുക്കൽ കൈവരിക്കുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് അനുസൃതമായാണ് വിപുലമായ പരിഷ്കാരങ്ങൾ വരുന്നത്. ശാരീരിക അകലം പാലിക്കുന്നതുൾപ്പെടെയുള്ള ക്വാറന്റൈൻ നിയന്ത്രണങ്ങൾ നിർവചിക്കുന്നതിനുള്ള സൗകര്യവും വിവിധ എമിറേറ്റുകൾക്ക് നൽകിയിട്ടുണ്ട്.

പള്ളികളിലേക്ക് ഖുർആൻ ലഭ്യമാക്കും. വാങ്കിനും ഇഖാമത്തിനും ഇടയിലുള്ള ഇടവേള പകർച്ചവ്യാധിക്ക് മുമ്പുള്ള ഘട്ടത്തിലേക്ക് തിരികെ കൊണ്ടുവരാനും അതോറിറ്റി അംഗീകരിച്ചു. അതേസമയം പള്ളികളിലും ആരാധനാലയങ്ങളിലും വിശ്വാസികൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കണം. അബൂദബി എമിറേറ്റിലേക്ക് മറ്റു എമിറേറ്റുകളിൽ നിന്ന് പ്രവേശിക്കുന്നതിന് അൽ ഹുസ്ൻ ആപ്പിൽ ഗ്രീൻ പാസ് വേണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. അതിർത്തിയിലെ ഇ ഡി ഇ സ്കാനർ പരിശോധനയും ഒഴിവാക്കും.

ദുബൈ യാത്രക്ക് മുൻ‌കൂർ അനുമതി ആവശ്യമില്ല

ദുബൈ | ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ നിന്ന് ദുബൈയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി ഡി ആർ എഫ് എ) യുടെയോ ഫെഡറൽ ഐഡന്റിറ്റി അതോറിറ്റി (ഐ സി എ)യുടേയോ മുൻ‌കൂർ അനുമതി ആവശ്യമില്ലെന്ന് വിവിധ എയർലൈനുകൾ സർക്കുലറിലൂടെ അറിയിച്ചു. യാത്ര ചെയ്യുന്നവർക്ക് യാത്രാ നിയമങ്ങളിൽ കൂടുതൽ ഇളവ് എന്ന തലവാചകത്തോടെ എയർ ഇന്ത്യ എക്സ്പ്രസ് നൽകിയ സർക്കുലറിൽ 48 മണിക്കൂറിനിടയിലെ ആർ ടി പി സി ആർ പരിശോധന നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയും ദുബൈയിൽ വന്നിറങ്ങിയ ഉടനെ എയർപോർട്ടിൽ വച്ച് പി സി ആർ ടെസ്റ്റ് നടത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. 12. വയസ്സിന് താഴെയുള്ളവർക്ക് ഈ കാര്യത്തിൽ ഇളവുണ്ട്.

അതേസമയം, യു എ ഇയിലെ മറ്റു എയർപോർട്ടുകളിൽ നിലവിലുള്ള സ്ഥിതി തുടരും.
കഴിഞ്ഞ ദിവസം റാപിഡ് പി സി ആർ ഒഴിവാക്കിയതിന് പിന്നാലെയാണ് മുൻ‌കൂർ അനുമതിയും ഒഴിവാക്കിയത്. യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത് ത്വരിതപ്പെടുത്തുന്നത് ബന്ധപ്പെട്ട അധികാരികളുടെ സജീവ പരിഗണനാ വിഷയമാണിപ്പോൾ. അതിനാൽ തന്നെ യാത്ര മാനദണ്ഡങ്ങളും വേഗത്തിൽ പൂർവസ്ഥിതി പ്രാപിക്കുമെന്ന വിശ്വാസത്തിലാണ് ട്രാവൽ രംഗത്തുള്ളവരും യാത്രക്കാരും.