Connect with us

high court order

കുഴിയടക്കല്‍; ദേശീയപാത അതോറിറ്റിക്ക് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം

ഒരു ആഴ്ച്ചക്കകം ദേശീയപാതയിലെ അറ്റകുറ്റപണി പൂര്‍ത്തീകരിക്കണം

Published

|

Last Updated

കൊച്ചി | റോഡിലെ അറ്റകുറ്റപണി ഒരു ആഴ്ചക്കകം പൂര്‍ത്തിയാക്കണമെന്ന് ദേശീയപാത അതോറിറ്റിക്ക് (എന്‍ എച്ച് എ ഐ) ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം. 21നാണ് ടെന്‍ഡര്‍ നടപടികള്‍ എന്ന് എന്‍ എച്ച് ഐ കോടതിയില്‍ അറിയിച്ചു. അതിനു മുമ്പ് തന്നെ താത്കാലിക പണികള്‍ പൂര്‍ത്തികരിക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു.

റോഡുകളുടെ അറ്റകുറ്റപ്പണി നടത്തിക്കുന്നതില്‍ കലക്ടര്‍ക്ക് മാത്രമല്ല വില്ലേജ് ഓഫീസര്‍മാര്‍ക്കും ഉത്തരവാദിത്തമുണ്ട്. മോശം റോഡുകള്‍ ഉണ്ടെങ്കില്‍ അവര്‍ക്കും അറിയിക്കാന്‍ ബാധ്യത ഉണ്ടെന്നും ദേശീയ പാത അതോറിറ്റി പറഞ്ഞു. നാഷണല്‍ ഹൈവേ ആക്ടിന്റെ വിവിധ വകുപ്പുകള്‍ കോടതി പരിശോധിച്ചു.

നാലുവരി പാതയുള്ള റോഡില്‍ 90സാ ആണ് സ്പീഡ്. അതില്‍ ഇങ്ങനെ കുഴികള്‍ ഉണ്ടായാല്‍ എന്താണ് അവസ്ഥ എന്ന് ആലോചിക്കാവുന്നതാണെന്ന് കോടതി പറഞ്ഞു. ജില്ലാ കലക്ടറുമാര്‍ എന്ത് ചെയ്യുക ആണ്. മരിച്ചു കഴിഞ്ഞിട്ട് ആണോ അവര്‍ നടപടിയെടുക്കാന്‍ ഉദ്ദേശിക്കുന്നത്. ദുരന്ത നിവാരണ അതോറിറ്റി അവര്‍ അല്ലേ. കലക്ടര്‍മാര്‍ എന്ത് കൊണ്ട് നടപടി എടുക്കുന്നില്ല. മരിച്ചവരുടെ കുടുംബങ്ങളോട് ആരു സമാധാനം പറയുമെന്നും കോടതി ചോദിച്ചു.

മഴ കാരണം ആണ് റോഡുകള്‍ പൊളിഞ്ഞത് എന്ന് ദേശീയപാത അതോറിറ്റി വാദിച്ചു. ഈ കാരണം വീണ്ടും വീണ്ടും പറയരുത് എന്ന് കോടതി ശാസിച്ചു. ഇത് മനുഷ്യ നിര്‍മിത ദുരന്തങ്ങളാണെന്നും കോടതി പറഞ്ഞു. റോഡുകള്‍ മോശമാണ് എന്നുള്ള ബോര്‍ഡുകള്‍ വെക്കാന്‍ ഉള്ള മര്യാദ പോലും ഇല്ലേ എന്ന് കോടതി ചോദിച്ചു. ഇനി എത്ര ജീവന്‍ കൊടുത്താല്‍ ആണ് ഇത് നന്നാവുകയെന്നും കോടതി ചോദിച്ചു.